സ്‌കലോനി എത്രകാലം അർജന്റീനക്കൊപ്പം ഉണ്ടാവുമെന്നുള്ള കാര്യത്തിൽ വ്യക്തമായ മറുപടിയുമായി AFA പ്രസിഡന്റ്‌

വരുന്ന ഖത്തർ വേൾഡ് കപ്പിലെ ഏറ്റവും കൂടുതൽ കിരീട സാധ്യത കൽപ്പിക്കപ്പെടുന്ന ടീമുകളിൽ ഒന്നാണ് ലയണൽ മെസ്സിയുടെ അർജന്റീന.അതിന് പ്രധാനപ്പെട്ട കാരണം അർജന്റീനയുടെ ഇപ്പോഴത്തെ മികവ് തന്നെയാണ്. കഴിഞ്ഞ 35 മത്സരങ്ങളിൽ അർജന്റീന അപരാജിത കുതിപ്പ് നടത്തിക്കൊണ്ട് ലോക ഫുട്ബോളിന് ഞെട്ടിച്ചു കൊണ്ടിരിക്കുകയാണ്.

അർജന്റീനയുടെ പരിശീലകനായ ലയണൽ സ്‌കലോനിയുടെ കൂർമ്മ ബുദ്ധിയാണ് ഇതിനു പിന്നിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്നത്. 2018-ലെ വേൾഡ് കപ്പിൽ തകർന്നടിഞ്ഞ അർജന്റീനയെ പിന്നീട് ഉയർത്തിക്കൊണ്ടുവന്നത് സ്‌കലോനിയാണ്.അതുകൊണ്ടുതന്നെ ഇദ്ദേഹത്തിന്റെ ഈ ഒരു വിപ്ലവ കാലഘട്ടത്തെ ‘ലാ സ്‌കലോനേറ്റ ‘ എന്നാണ് അർജന്റീനക്കാർ വിളിച്ചു തുടങ്ങിയത്.

എന്നാൽ ഈ ഖത്തർ വേൾഡ് കപ്പിന് ശേഷവും സ്‌കലോനേറ്റ യുഗം തുടരുമോ എന്നുള്ള കാര്യത്തിൽ സംശയങ്ങൾ നിലനിൽക്കുന്നുണ്ടായിരുന്നു.എന്നാൽ ഇപ്പോൾ സംശയങ്ങൾക്ക് ഇടമില്ല.ഈ വേൾഡ് കപ്പിൽ മാത്രമല്ല മറിച്ച്, 2026 ലെ വേൾഡ് കപ്പ് പൂർത്തിയാവുന്നത് വരെ സ്‌കലോനി അർജന്റീനയുടെ പരിശീലകസ്ഥാനത്ത് ഉണ്ടാവുമെന്നുള്ളത് AFA പ്രസിഡന്റ്‌ ആയ ക്ലോദിയോ ടാപിയ ഇപ്പോൾ കൺഫേം ചെയ്തിട്ടുണ്ട്.

‘2026 വേൾഡ് കപ്പ് അവസാനിക്കുന്നത് വരെ സ്‌കലോനി ഇവിടെ തുടരും എന്നുള്ള കാര്യത്തിൽ ഞങ്ങൾ ഒരു എഗ്രിമെന്റിൽ ഇപ്പോൾ എത്തിയിട്ടുണ്ട്. ഇത് ഇപ്പോൾ തന്നെ പ്രഖ്യാപിക്കാൻ കഴിയുന്നതിൽ എനിക്ക് വളരെയധികം അഭിമാനമുണ്ട്. ടീമിന്റെ ഈയൊരു മികച്ച പ്രോജക്ട് തന്നെ ഞങ്ങൾ മുന്നോട്ട് തുടർന്ന് കൊണ്ടുപോകും. നിങ്ങളുടെ ഈ സ്‌കലോനേറ്റ യുഗം ഇനിയും കുറച്ചുകാലത്തേക്ക് ഇവിടെത്തന്നെയുണ്ടാകും ‘ ടാപിയ പറഞ്ഞതായി Tyc റിപ്പോർട്ട് ചെയ്തു.

അർജന്റീനയുടെ ആരാധകർക്ക് ഇതിൽപരം വലിയ സന്തോഷം ഇപ്പോൾ ലഭിക്കാനില്ല. കാരണം ടീമിന്റെ ഈ മികവിന് എല്ലാം കാരണമായത് സ്‌കലോനിയാണ്. ഈ മികവ് ഇനിയും ഈ പരിശീലകന് കീഴിൽ ഒരുപാട് കാലം തുടരുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.