AFCON2021 : “അടിച്ചും അടിപ്പിച്ചും താരമായി മൊഹമ്മദ് സലാ ; സാദിയോ മാനേയുടെ സെനഗലും സെമിയിൽ സ്ഥാനം പിടിച്ചു”

ആഫ്രിക്കൻ നേഷൻസ് കപ്പിൽ കരുത്തന്മാരുടെ പോരാട്ടത്തിൽ മൊറോക്കയെ എക്സ്ട്രാ ടൈം വരെ നീണ്ട പോരാട്ടത്തിനൊടുവിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് കീഴ്പെടുത്തി ഈജിപ്ത് സെമിയിൽ പ്രവേശിച്ചു. ഗോൾ അടിച്ചും അടിപ്പിച്ചും മുന്നേറിയ ലിവർപൂൾ സൂപ്പർ താരം മൊഹമ്മദ് സലയാണ്‌ ഈജിപ്തിന് വിജയം ഒരുക്കി കൊടുത്തത്.ഏഴാം മിനിറ്റിൽ സോഫിയാൻ ബൗഫൽ പെനാൽറ്റി ഗോളാക്കി മൊറോക്കോ മുന്നിലെത്തിയെങ്കിലും 53-ാം മിനിറ്റിൽ സലായുടെ ഗോളിൽ ഈജിപ്ത് തിരിച്ചടിച്ചു. എക്സ്ട്രാ ടൈമിൽ സലായുടെ അസിസ്റ്റിൽ നിന്നും മഹ്മൂദ് ട്രെസെഗേറ്റ വിജയ ഗോൾ നേടി.

കളിയുടെ തുടക്കത്തിൽ തന്നെ പെനാൽറ്റിയിലൂടെ ലീഡ് നേടാൻ മൊറോക്കോയ്ക്ക് സാധിച്ചു.ആറാം മിനുട്ടിൽ റൈറ്റ് ബാക്ക് അച്‌റഫ് ഹക്കിമിയെ അയ്‌മൻ അഷ്‌റഫ് ഫൗൾ ചെയ്തതിനു ലഭിച്ച പെനാൽറ്റി സോഫിയാൻ ബൗഫൽ ഗോളാക്കി മാറ്റി. രണ്ടാം പകുതിയിൽ മൊഹമ്മദ് അബ്ദുൽമോനെയിമിന്റെ ഡൈവിംഗ് ഹെഡർ മൊറോക്കോ ഗോൾകീപ്പർ യാസിൻ ബൗണൂ തട്ടിയകറ്റിയെങ്കിലും റീബൗണ്ടിൽ സലാ ഗോൾ നേടി ഈജിപ്തിനെ ഒപ്പമെത്തിച്ചു.പിന്നീട് എക്സ്ട്രാ ടൈമിൽ മഹ്മൂദ് ട്രെസെഗെറ്റിന്റെ ഗോളിലാണ് ഈജിപ്ത് ജയം നേടിയത്. ഈ ഗോളിന് വഴിയൊരുക്കിയതും സലായായിരുന്നു. ഇനി സെമിയിൽ കാമറൂൺ ആണ് ഈജിപ്തിന്റെ എതിരാളികൾ.

മറ്റൊരു ക്വാർട്ടർ മത്സരത്തിൽ ശക്തരായ സെനഗൽ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് ഇക്വറ്റോറിയൽ ഗിനിയയെ പരാജയപ്പെടുത്തി സെമിയിൽ സ്ഥാനം പിടിച്ച.പ്രീ-ടൂർണമെന്റ് ഫേവറിറ്റുകളിലൊന്നായ സെനഗൽ ബുധനാഴ്ച ബുർക്കിന ഫാസോയുമായി സെമിയിൽ ഏറ്റുമുട്ടും.ഫമാര ഡീദിയോ,ചെക്കോ കുയാറ്റെയും ഇസ്‌മൈല സാർ എന്നിവരാണ് ഗോൾ നേടിയത്. മത്സരത്തിന്റെ 28 ആം മിനുട്ടിൽ സാഡിയോ മാനെയുടെ പ്രതിരോധം പിളർത്തുന്ന പാസിൽ നിന്നും സെന്റർ ബാക്കുകളെ മറികടന്ന് തന്റെ ഇടത് കാൽകൊണ്ട് ഡീദിയോ സെനഗലിനായി ലക്‌ഷ്യം കണ്ടു.

എന്നാൽ ആദ്യ പകുതിയിൽ ആധിപത്യം പുലർത്തിയെങ്കിലും കൂടുതൽ ഗോളുകൾ ചേർക്കാൻ സെനഗലിന് കഴിഞ്ഞില്ല. രണ്ടാം പകുതിയിൽ ഗിനിയ തിരിച്ചടിക്കുകയും 57-ാം മിനിറ്റിൽ ബ്യൂലയുടെ ഗോളിൽ അവർ ഒപ്പമെത്തുകയും ചെയ്തു.65-ാം മിനിറ്റിൽ കോയാട്ടെ സെനഗലിന് ലീഡ് നേടിക്കൊടുത്തു.79-ാം മിനിറ്റിൽ സാർ അനായാസമായ ടാപ്പ് ഇൻ ഗോളിലൂടെ സേനാഗാലറിന്റെ വിജയം ഉറപ്പിച്ചു .നവംബറിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെ വാറ്റ്‌ഫോർഡിനായി കളിച്ച് കാൽമുട്ടിന് ഗുരുതരമായി പരിക്കേറ്റതിന് ശേഷമുള്ള അദ്ദേഹത്തിന്റെ ആദ്യ മത്സരമായിരുന്നു ഇത്. സെമിയിൽ സെനഗൽ ബുർക്കിനോ ഫാസോയെ നേരിടും.

Rate this post
AFCON2021