വീണ്ടും വീണ്ടും അൽ ഹിലാൽ, നെയ്മർ ജൂനിയറിനെ സൗദിയിലേക്ക് കൊണ്ടുവരാൻ ഒരു സംഘത്തിനെ തന്നെ അയച്ചിട്ടുണ്ട്

നിലവിലെ ഫ്രഞ്ച് ലീഗ് ചാമ്പ്യന്മാരായ പാരീസ് സെന്റ് ജർമയിനിന്റെ ബ്രസീലിയൻ സൂപ്പർതാരമായ നെയ്മർ ജൂനിയറിനു വേണ്ടി വീണ്ടും ട്രാൻസ്ഫർ നീക്കങ്ങൾ നടത്തുകയാണ് സൗദി അറേബ്യൻ വമ്പൻമാരായ അൽ ഹിലാൽ. ഈ ട്രാൻസ്ഫർ വിൻഡോയിൽ നേരത്തെ മുതൽ തന്നെ നെയ്മർ ജൂനിയറിന് വേണ്ടി അൽ ഹിലാൽ ശ്രമങ്ങൾ നടത്തിയിരുന്നു.

കഴിഞ്ഞ ദിവസങ്ങളിൽ പ്രമുഖ ഫ്രഞ്ച് മാധ്യമങ്ങളായ എൽ എക്യുപേ ഉൾപ്പടെ നെയ്മർ ജൂനിയറിന്റെ ട്രാൻസ്ഫർ അപ്ഡേറ്റ് പുറത്തുവിട്ടതോടെ നിരവധി ടീമുകളാണ് താരത്തിനു വേണ്ടി രംഗത്ത് എത്തുന്നത്. 2025 വരെ പി എസ് ജിയുമായി കരാർ ശേഷിക്കുന്ന നെയ്മർ ജൂനിയർ ടീം വിടണമെന്ന് പി എസ് ജി ക്ലബ്ബ് മാനേജ്മെന്റിനോട് ആവശ്യപ്പെട്ടതായാണ് ഫ്രഞ്ച് മാധ്യമങ്ങളുടെ റിപ്പോർട്ടിൽ നിന്നും വ്യക്തമാവുന്നത്.

ഇതിന് പിന്നാലെ എഫ്സി ബാഴ്സലോണയിലേക്കുള്ള നെയ്മർ ജൂനിയറിന്റെ തിരിച്ചുവരവിനെ കുറിച്ചും ട്രാൻസ്ഫർ വാർത്തകൾ ഉയർന്നു കേൾക്കുന്നുണ്ട്. കൂടാതെ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നിന്ന് ഉൾപ്പെടെ യൂറോപ്പിന്റെ പല ഭാഗത്തുനിന്നും ഈ ബ്രസീലിയൻ സൂപ്പർ താരത്തിനു വേണ്ടിയുള്ള ട്രാൻസ്ഫർ ശ്രമങ്ങളാണ് നടക്കുന്നത്.

ഇതിനിടെയാണ് വീണ്ടും വമ്പൻ ഓഫറുമായി സൗദി അറേബ്യൻ ക്ലബ്ബായ അൽഹിലാൽ നെയ്മർ ജൂനിയറിനെ സമീപിക്കാൻ ഒരുങ്ങുന്നത്. നെയ്മർ ജൂനിയറിന്റെ ഏജന്റ് കൂടിയായ പിതാവുമായി ചർച്ചകൾ നടത്തുവാൻ ഒരു സംഘം ആളുകളെ അൽ ഹിലാൽ അയച്ചിട്ടുണ്ടെന്നാണ് വിവിധ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

കഴിഞ്ഞ സീസണിൽ വളരെ മികച്ച ഫോമിൽ സീസൺ ആരംഭിച്ച നെയ്മർ ജൂനിയറിന് സീസണിന്റെ ഇടയ്ക്ക് വെച്ച് പരിക്കുബാധിച്ചിരുന്നു. പിന്നീട് ഇത്തവണത്തെ പ്രീ സീസൺ പരിശീലനത്തിൽ പാരീസ് സെന്റ് ജർമയിൻ ടീമിനോടോപ്പം തിരിച്ചെത്തിയ നെയ്മർ ജൂനിയർ പ്രീ സീസണിലെ മത്സരങ്ങളിൽ തന്റെ ഫോം തുടർന്നു. നെയ്മർ ജൂനിയർ ട്രാൻസ്ഫർ വിൻഡോയിൽ ഫ്രഞ്ച് ക്ലബ്ബ് വിടുമോ ഇല്ലയോ എന്ന് അറിയാനുള്ള ആകാംക്ഷയിലും കാത്തിരിപ്പിലുമാണ് ആരാധകർ

5/5 - (1 vote)