മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകർക്ക് സന്തോഷവാർത്ത, കസമീറോ റയൽ മാഡ്രിഡ് വിടുമെന്നു സ്ഥിരീകരിച്ച് ആൻസലോട്ടി

ബ്രസീലിയൻ മധ്യനിര താരമായ കസമീറോ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് ചേക്കേറുമെന്നു സ്ഥിരീകരിച്ച് റയൽ മാഡ്രിഡ് പരിശീലകൻ കാർലോ ആൻസലോട്ടി. കസമീറോയുമായി സംസാരിച്ചുവെന്നും റയൽ മാഡ്രിഡ് വിടാനുള്ള താരത്തിന്റെ തീരുമാനത്തിന് തടസം നിൽക്കില്ലെന്നും ഇറ്റാലിയൻ പരിശീലകൻ അറിയിച്ചു. കസമീറോയെ മാഞ്ചസ്റ്റർ യുണൈറ്റഡ് ലക്ഷ്യമിടുന്നുണ്ടെന്ന അഭ്യൂഹങ്ങൾ പുറത്തു വന്നപ്പോൾ ഫുട്ബോൾ ആരാധകർ അതിനെ ആദ്യം ഗൗരവത്തോടെ കണ്ടില്ലെങ്കിലും ആ ട്രാൻസ്‌ഫർ യാഥാർഥ്യമാവുകയാണെന്നാണ് ഇതിൽ നിന്നും വ്യക്തമാകുന്നത്.

“ഞാൻ രാവിലെ കസമീറോയുമായി സംസാരിച്ചിരുന്നു. പുതിയൊരു വെല്ലുവിളിയും അവസരവും സ്വീകരിക്കാൻ താരത്തിനു താൽപര്യമുണ്ട്. ഞാനും ക്ലബും അതു മനസിലാക്കുന്നു. താരം ഈ ക്ലബിനു നൽകിയതു പരിഗണിച്ചും ഒരു വ്യക്തിയെന്ന നിലയിലും ഞങ്ങൾ ബഹുമാനം നൽകണം. ചർച്ചകൾ നടക്കുകയാണ്, ഒന്നും ഔദ്യോഗികമായി തീരുമാനിച്ചിട്ടില്ല. പക്ഷെ താരത്തിന് ക്ലബ് വിടാനാണ് ആഗ്രഹം.” ആൻസലോട്ടി മാധ്യമങ്ങളോട് പറഞ്ഞു.

സെൽറ്റ വിഗോക്കെതിരെ ഈ വാരാന്ത്യത്തിൽ നടക്കുന്ന ലാ ലിഗ മത്സരത്തിൽ കസമീറോ റയൽ മാഡ്രിഡിനു വേണ്ടി കളിക്കില്ലെന്നും ആൻസലോട്ടി വ്യക്തമാക്കി. മിഡ്‌ഫീൽഡിൽ താരത്തിന് പകരമാകാൻ വേണ്ടിയാണ് മൊണോക്കോയിൽ നിന്നും ഒറേലിയൻ ചുവാമേനിയെ സ്വന്തമാക്കിയത് എന്നു പറഞ്ഞ ആൻസലോട്ടി അതല്ലെങ്കിൽ ക്രൂസ്, മോഡ്രിച്ച്, കാമവിങ എന്നീ താരങ്ങൾ മധ്യനിരയിൽ ഇറങ്ങുമെന്നും പറഞ്ഞു.

കസമീറോയുടെ ട്രാൻസ്‌ഫറുമായി ബന്ധപ്പെട്ട് റയൽ മാഡ്രിഡും മാഞ്ചസ്റ്റർ യുണൈറ്റഡും തമ്മിൽ ഇതുവരെ ധാരണയിൽ എത്തിയിട്ടില്ലെങ്കിലും അതുടനെ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഏതാണ്ട് എഴുപതു മില്യൺ യൂറോയാണ് താരത്തിനായി മാഞ്ചസ്റ്റർ യുണൈറ്റഡ് മുടക്കുകയെന്നും റയൽ മാഡ്രിഡിന് അതു സ്വീകാര്യമാണെന്നും വിവിധ യൂറോപ്യൻ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നു. ഈ വാരം തന്നെ താരത്തിന്റെ ട്രാൻസ്‌ഫർ സ്ഥിരീകരിക്കാനും സാധ്യതയുണ്ട്.

Rate this post