റയൽ മാഡ്രിഡ് താരം സീസണിൽ പത്തു ഗോളുകൾ നേടിയില്ലെങ്കിൽ റിട്ടയർ ചെയ്യുമെന്ന് കാർലോ ആൻസലോട്ടി

റയൽ മാഡ്രിഡ് മധ്യനിര താരമായ ഫെഡറികോ വാൽവെർദെ ഈ സീസണിൽ നടത്തുന്ന പ്രകടനത്തെ പ്രശംസിച്ച് പരിശീലകൻ കാർലോ ആൻസലോട്ടി. ഇന്നലെ ആർബി ലീപ്‌സിഗിനെതിരെ നടന്ന ചാമ്പ്യൻസ് ലീഗ് മത്സരം സമനിലയിലേക്ക് പോകുമെന്ന ഘട്ടത്തിൽ റയൽ മാഡ്രിഡിന്റെ ആദ്യത്തെ ഗോൾ എൺപതാം മിനുട്ടിൽ നേടിയത് വാൽവെർദെ ആയിരുന്നു. അതിനു ശേഷം ഇഞ്ചുറി ടൈമിൽ മാർകോ അസെൻസിയോ റയൽ മാഡ്രിഡിന്റെ ലീഡുയർത്തുകയും ഈ സീസണിൽ എല്ലാ മത്സരങ്ങളും വിജയിച്ച ടീമെന്ന റെക്കോർഡ് നിലനിർത്തുകയും ചെയ്‌തു.

കഴിഞ്ഞ സീസണിൽ റയൽ മാഡ്രിഡിനെ മുന്നോട്ടു നയിച്ച ഫ്രഞ്ച് സ്‌ട്രൈക്കർ കരിം ബെൻസിമ പരിക്കേറ്റു പുറത്താണെങ്കിലും അതിന്റെ അഭാവം ഒരു തരത്തിലും ബാധിക്കാതെയാണ് ടീം മുന്നോട്ടു പോകുന്നത്. റയലിന്റെ വിജയക്കുതിപ്പ് നിലനിർത്താൻ വാൽവെർദെ വഹിക്കുന്ന പങ്കും ചെറുതല്ല. കഴിഞ്ഞ സീസണിൽ ഒരു ഗോൾ മാത്രം നേടിയ താരം ഈ സീസണിൽ എട്ടു മത്സരങ്ങൾ കഴിഞ്ഞപ്പോൾ മൂന്നു ഗോളും രണ്ട് അസിസ്റ്റുമാണ് സ്വന്തമാക്കിയത്. ഇന്നലത്തെ മത്സരത്തിൽ നടത്തിയ പ്രകടനത്തിനു ശേഷം യുറുഗ്വായ് താരം പത്തു ഗോളുകൾ ഈ സീസണിൽ നേടിയില്ലെങ്കിൽ താൻ വിരമിക്കുമെന്ന് കാർലോ ആൻസലോട്ടി തമാശ രൂപത്തിൽ പറയുകയുമുണ്ടായി.

കഴിഞ്ഞ സീസണിലുണ്ടായ ഏറ്റവും വിചിത്രമായ കാര്യം താരം ഒരു ഗോൾ മാത്രമേ നേടിയുള്ളൂ എന്നതാണ്. അതു സൂപ്പർകപ്പിലാണെന്നു തോന്നുന്നു. ഇതുപോലെയുള്ള ഒരു താരം ഏറ്റവും ചുരുങ്ങിയത് പത്ത് ഗോളുകൾ സീസണിൽ നേടിയില്ലെങ്കിൽ കോച്ചിങ് ബാഡ്‌ജ്‌ വലിച്ചെറിഞ്ഞ് റിട്ടയർ ചെയ്യുകയാണു നല്ലതെന്നു ഞാൻ പറഞ്ഞിരുന്നു.” മത്സരത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കേ യുറുഗ്വായ് താരത്തിന്റെ പ്രകടനത്തെക്കുറിച്ച് ഇറ്റാലിയൻ പരിശീലകൻ പറഞ്ഞു.

“പാറ പോലെയുള്ള കാലുകളാണ് താരത്തിനുള്ളത്. ഇന്ന് ഇടംകാൽ കൊണ്ടാണ് താരം ഷൂട്ടുതിർത്തത്. ഒരിക്കലും ഞാൻ ഇടംകാലു കൊണ്ട് അങ്ങിനെയൊരു ഷോട്ട് എടുക്കുന്നതു കണ്ടിട്ടില്ല. തനിക്കുള്ള കഴിവുകളിൽ വളരെയധികം ആത്മവിശ്വാസം താരത്തിനുള്ളതു കൊണ്ടാണത്. വളരെയധികം കഴിവും താരത്തിനുണ്ട്. ഊർജ്ജം മാത്രമല്ല താരത്തിനുള്ളത്, സ്വന്തം പൊസിഷനിൽ ലോകത്തിലെ ഏറ്റവും മികച്ച താരമാണവൻ, നമുക്കൊന്ന് കൂടി കാത്തിരിക്കാം.” ആൻസലോട്ടി വ്യക്തമാക്കി.

ഇന്നലെ നടന്ന മത്സരത്തിൽ വിജയം നേടിയതോടെ ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പിൽ റയൽ മാഡ്രിഡ് ഒന്നാം സ്ഥാനത് തുടരുകയാണ്. ആദ്യത്തെ മത്സരത്തിൽ സെൽറ്റിക്കിനോടും അവർ വിജയം നേടിയിരുന്നു. യുക്രൈൻ ക്ലബായ ഷക്തറാണ് റയൽ മാഡ്രിഡിന്റെ ഗ്രൂപ്പിലുള്ള മറ്റൊരു ടീം. ലാ ലീഗയിലും കളിച്ച അഞ്ചു മത്സരങ്ങളും വിജയിച്ച് റയൽ മാഡ്രിഡ് തന്നെയാണ് ലീഗിൽ ഒന്നാം സ്ഥാനത്തുള്ളത്.