തന്റെ സ്വപ്‌നം വെളിപ്പെടുത്തി എർലിങ് ഹാലൻഡ്, ഇപ്പോളടിച്ചു കൂട്ടുന്ന ഗോളൊന്നും പോരേയെന്ന് ആരാധകർ

യൂറോപ്യൻ ഫുട്ബോളിൽ തന്റെ ഗോൾവേട്ട കൊണ്ട് ശ്രദ്ധിക്കപ്പെട്ട താരമാണ് എർലിങ് ബ്രൂട്ട് ഹാലൻഡ്. ഓസ്ട്രിയൻ ക്ലബായ റെഡ്ബുൾ സാൽസ്ബർഗിൽ കളിക്കുന്ന സമയത്തു തന്നെ ചാമ്പ്യൻസ് ലീഗിലെ പ്രകടനം കൊണ്ടു വരവറിയിച്ച താരം പിന്നീട് ബൊറൂസിയ ഡോർട്മുണ്ടിനൊപ്പവും തന്റെ ഗോൾവേട്ട തുടർന്നു. അതിനു ശേഷം മാഞ്ചസ്റ്റർ സിറ്റിയിലേക്ക് ചേക്കേറിയപ്പോൾ പ്രീമിയർ ലീഗിൽ തിളങ്ങാൻ താരത്തിന് കഴിയില്ലെന്നു പറഞ്ഞവരുടെ വായടപ്പിച്ച് റെക്കോർഡുകൾ തകർത്തു കൊണ്ട് ഗോളടിച്ചു കൂട്ടുകയാണ് ഹാലൻഡ്.

നിലവിൽ യൂറോപ്പിലെ തന്നെ ഏറ്റവും മികച്ച സ്‌ട്രൈക്കർമാരിലൊരാൾ എന്നു നിസംശയം പറയാമെങ്കിലും ഗോൾനേടുന്നതിലുപരിയായി ടീമിന്റെ മൊത്തം കളിയിൽ ഹാലാൻഡ് ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ച് ചെറിയ പരാതികൾ ഉയർന്നു വരുന്നുണ്ട്. ഗോളുകൾ അടിച്ചു കൂട്ടുന്നുണ്ടെങ്കിലും താരം മത്സരത്തിൽ എടുക്കുന്ന ടച്ചുകളുടെ എണ്ണം വളരെ കുറവാണെന്നത് പലരും കുറവായി ചൂണ്ടിക്കാണിക്കുന്നു. എന്നാൽ ഏറ്റവും കുറഞ്ഞ ടച്ചുകളിൽ കൂടുതൽ ഗോൾ നേടുകയാണ് തന്റെ ലക്ഷ്യമെന്നാണ് ഹാലൻഡ് പറയുന്നത്.

“എന്റെ സ്വപ്‌നം പന്ത് അഞ്ചു തവണ ടച്ച് ചെയ്യുകയെന്നും അതിൽ നിന്നും അഞ്ചു ഗോളുകൾ നേടുകയെന്നതുമാണ്. അതാണെന്റെ വലിയ സ്വപ്‌നം. ഞാൻ പന്ത് കൂടുതൽ ടച്ച് ചെയ്യുന്നില്ലെന്ന് ആളുകൾ പറഞ്ഞേക്കാം. പക്ഷെ അതു ഞാൻ ശ്രദ്ധിക്കുന്നു പോലുമില്ല. ഞാൻ എന്താണ് ചെയ്യാൻ പോകുന്നതെന്ന് എനിക്കറിയാം, എന്തു ചെയ്യണമെന്നും എനിക്കറിയാം. അതാണ് ഞാൻ ഇന്നത്തെപ്പോലെയൊരു ബുദ്ധിമുട്ടേറിയ മത്സരത്തിൽ ചെയ്‌തതും, അതു ഞാൻ തുടരുകയും ചെയ്യും.” ഹാലാൻഡ് ഇന്നലെ ബൊറൂസിയ ഡോർട്മുണ്ടുമായി നടന്ന ചാമ്പ്യൻസ് ലീഗ് മത്സരത്തിനു ശേഷം പറഞ്ഞു.

ഇന്നലെ നടന്ന മത്സരത്തിൽ ബൊറൂസിയ ഡോർട്മുണ്ട് മുന്നിലെത്തിയെങ്കിലും ജോൺ സ്റ്റോൺസ്, എർലിങ് ഹാലാൻഡ് എന്നിവരിലൂടെ തിരിച്ചടിച്ച് മാഞ്ചസ്റ്റർ സിറ്റി വിജയം നേടിയിരുന്നു. ചാമ്പ്യൻസ് ലീഗിൽ രണ്ടു മത്സരങ്ങളിൽ നിന്നും മൂന്നു ഗോളുകൾ നേടിയപ്പോൾ പ്രീമിയർ ലീഗിൽ ആറു മത്സരങ്ങളിൽ നിന്നും പത്ത് ഗോളുകളാണ് നോർവേ താരത്തിന്റെ പേരിലുള്ളത്. നിലവിൽ തന്നെ യൂറോപ്പിലെ ലീഗുകളിലും ചാമ്പ്യൻസ് ലീഗിലും ഗോൾവേട്ടയിൽ മുൻനിരയിൽ തന്നെയുണ്ടെങ്കിലും ഗോളുകൾ നേടാനുള്ള ആഗ്രഹം വളരെയധികമാണെന്ന് താരത്തിന്റെ വാക്കുകൾ വ്യക്തമാക്കുന്നു.

Rate this post