‘ബ്രസീലിയനല്ലെന്ന് ഞാൻ ചിന്തിക്കാൻ തുടങ്ങിയിരിക്കുന്നു’ :ലോകകപ്പ് യോഗ്യത മത്സരങ്ങൾക്കുള്ള ടീമിൽ നിന്നും ഒഴിവാക്കിയതിനെതിരെ അൽ നാസർ സൂപ്പർ താരം | Anderson Talisca|Brazil

അടുത്ത മാസം നടക്കുന്ന ലോകകപ്പ് യോഗ്യത മത്സരങ്ങൾക്കുള്ള ബ്രസീൽ ടീമിനെ കഴിഞ്ഞ ദിവസം പരിശീലകൻ ഫെർണാണ്ടോ ദിനിസ് പ്രഖ്യാപിച്ചിരുന്നു.ഒക്ടോബര് 12 നു വെനസ്വേലയ്‌ക്കെതിരെയും 17ന് മോണ്ടെവീഡിയോയിൽ ഉറുഗ്വേയ്‌ക്കെതിരെയുമാണ് ബ്രസീൽ കളിക്കുക.

ആറ് പോയിന്റുമായി ബ്രസീൽ 2026 ലോകകപ്പ് യോഗ്യതാ റൗണ്ടിൽ ഒന്നാമതാണ്. പരിക്ക് മൂലം ആദ്യ രണ്ടു യോഗ്യത മത്സരങ്ങളിൽ കളിക്കാതിരുന്ന റയൽ മാഡ്രിഡ് സൂപ്പർ താരം വിനീഷ്യസ് ജൂനിയർ ടീമിലേക്ക് മടങ്ങിയെത്തി.പരിക്കേറ്റ ഗബ്രിയേൽ മാർട്ടിനെല്ലിയെ ടീമിൽ നിന്ന് ഒഴിവാക്കി. എന്നാൽ ടീമിൽ നിന്നും ഒഴിവാക്കിയതിനെതിരെ തകർപ്പൻ ഫോമിലുള്ള അൽ-നാസർ ഫോർവേഡ് ആൻഡേഴ്സൺ ടാലിസ്ക അതൃപ്തി പ്രകടിപ്പിച്ചു.

ഫെർണാണ്ടോ ദിനിസ് വരാനിരിക്കുന്ന ഗെയിമുകൾക്കുള്ള തന്റെ 23 അംഗ ടീമിനെ അടുത്തിടെ പ്രഖ്യാപിച്ചെങ്കിലും ടാലിസ്കയെ ഉൾപ്പെടുത്തിയില്ല.മുന്നേറ്റ നിരയിൽ റാഫിൻഹ, റോഡ്രിഗോ, വിനീഷ്യസ് ജൂനിയർ, ഗബ്രിയേൽ ജീസസ്, മാത്യൂസ് കുഞ്ഞ, നെയ്മർ, റിച്ചാർലിസൺ എന്നിവർ ഉൾപ്പെടുന്നു. ഗെർസൺ, ആന്ദ്രെ, ബ്രൂണോ ഗ്വിമാരസ്, കാസെമിറോ, ജോലിന്റൺ, റാഫേൽ വീഗ എന്നിവരാണ് മധ്യനിരയിൽ ദിനിസിന്റെ ഓപ്‌ഷനുകൾ.സൗദി അറേബ്യയിലെ അൽ-നാസറിന് വേണ്ടി ആൻഡേഴ്സൺ മികച്ച ഫോമിലാണ്.ഈ സീസണിൽ നാല് മത്സരങ്ങളിൽ നിന്ന് അഞ്ച് ഗോളുകളും രണ്ട് അസിസ്റ്റുകളും നൽകി.2021-ൽ എത്തിയതു മുതൽ 64 മത്സരങ്ങളിൽ നിന്ന് 48 ഗോളുകളും എട്ട് അസിസ്റ്റുകളും നേടിയ അദ്ദേഹം മികച്ച ഫോമിലാണ്.

എന്നാൽ 29 കാരൻ ബ്രസീലിന്റെ സീനിയർ ടീമിനായി കളിച്ചിട്ടില്ല.“ഞാൻ ബ്രസീലുകാരനല്ലെന്ന് ചിന്തിക്കാൻ തുടങ്ങിയിരിക്കുന്നു.” ബ്രസീൽ ടീമിനെ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ടലിസ്ക ട്വിറ്ററിൽ ഇങ്ങനെ കുറിച്ചത്. സൂപ്പർ താരങ്ങളായ ക്രിസ്റ്റിയാനോ റൊണാൾഡോയ്ക്കും സാദിയോ മാനെയ്ക്കുമൊപ്പം ഈ സീസണിൽ ഉജ്ജ്വല പ്രകടനമാണ് ആൻഡേഴ്സൻ ടലിസ്ക പുറത്തെടുക്കുന്നത്.

ബ്രസീലിന്റെ സീനിയർ ടീമുമായുള്ള ടലിസ്കയുടെ അവസാന പങ്കാളിത്തം 2018 മാർച്ചിൽ റഷ്യയ്‌ക്കെതിരായ അവരുടെ 3-0 സൗഹൃദ വിജയത്തിൽ ഉപയോഗിക്കാത്ത പകരക്കാരനായപ്പോഴാണ്. U20, U23 തലങ്ങളിൽ അദ്ദേഹം തന്റെ ടീമിനെ പ്രതിനിധീകരിച്ചിട്ടുണ്ട്. അൽ-അഹ്‌ലിക്കെതിരെ അൽ-നാസറിന്റെ 4-3 സൗദി പ്രോ ലീഗ് വിജയത്തിൽ താരം രണ്ടു ഗോളുകൾ നേടിയിരുന്നു.

Rate this post