അൻസു ഫാറ്റിയുടേത് ഗുരുതരപരിക്ക്, ഫോം വീണ്ടെടുക്കുന്ന ബാഴ്സലോണക്കു തിരിച്ചടി

സ്ഥിരതയില്ലാത്ത പ്രകടനങ്ങൾ നടത്തി ലീഗിൽ പതറിയിരുന്ന ബാഴ്സലോണ ഫോമിലേക്കു തിരിച്ചു വരുന്നതിന്റെ ലക്ഷണങ്ങൾ കാണിച്ച മത്സരത്തിൽ തന്നെ യുവതാരം അൻസു ഫാറ്റിക്കു പരിക്കേറ്റതു ക്ലബിനു തിരിച്ചടിയാകുന്നു. ഇന്നലെ റയൽ ബെറ്റിസിനെതിരെ ബാഴ്സലോണ രണ്ടിനെതിരെ അഞ്ചു ഗോളുകൾക്കു വിജയിച്ച മത്സരത്തിലാണ് ലീഗിൽ ടീമിന്റെ ടോപ് സ്കോററായ അൻസു ഫാറ്റിക്ക് ആദ്യ പകുതിയിൽ പരിക്കേറ്റത്.

മുപ്പത്തിമൂന്നാം മിനുട്ടിൽ ഐസ മെൻഡിയുടെ ഫൗളാണ് ഫാറ്റിയുടെ പരിക്കിനു കാരണമായത്. ബോക്സിനുള്ളിൽ വച്ചു ഫൗൾ ചെയ്യപ്പെട്ടതിനു പെനാൽട്ടി വിധിച്ചെങ്കിലും കിക്കെടുത്ത ഗ്രീസ്മന് അതു ലക്ഷ്യത്തിലെത്തിക്കാൻ കഴിഞ്ഞില്ല. എന്നാൽ ആ ഫൗളിൽ പരിക്കേറ്റ ഫാറ്റിക്ക് ആദ്യ പകുതിക്കു ശേഷം കളത്തിലിറങ്ങാൻ കഴിഞ്ഞില്ല. മെസിയാണ് താരത്തിനു പകരം ഇറങ്ങിയത്.

പരിശോധനകളുടെ ഫലപ്രകാരം ഫാറ്റിയുടെ മുട്ടിന്റെ ഉൾവശത്തുള്ള തരുണാസ്ഥിക്കു വിള്ളൽ വന്നിട്ടുണ്ട്. ഇതു ശരിയാക്കുന്നതു വരെ താരത്തിനു വിശ്രമം ആവശ്യമാണ്. സ്പെയിനിലെ റിപ്പോൾ ആൻഡ് ഡി പ്രാഡോ സ്പോർട് ക്ലിനിക്കിലെ ഡോക്ടറായ റിപ്പോൾ ഫാറ്റിക്ക് മൂന്നു മുതൽ അഞ്ചു മാസത്തെ വിശ്രമം വേണ്ടി വരുമെന്നു വെളിപ്പെടുത്തിയതായി സ്പാനിഷ് മാധ്യമം മാർക്ക റിപ്പോർട്ടു ചെയ്യുന്നു.

ഫാറ്റിക്കു പരിക്കേറ്റു പുറത്തു പോയെങ്കിലും മെസി, ഗ്രീസ്മൻ, ഡെംബലെ എന്നിവർ ഫോമിലേക്കു തിരിച്ചെത്തി കൊണ്ടിരിക്കുന്നത് ബാഴ്സക്ക് ആശ്വാസമാണ്. ഇന്നലെ നടന്ന മത്സരത്തിൽ മൂന്നു താരങ്ങളും ഗോളുകൾ നേടിയിരുന്നു. ഏറെ നാളത്തെ വിമർശനങ്ങൾക്കു മറുപടി നൽകി മെസിക്ക് ഓപ്പൺ പ്ലേയിൽ നിന്നു ഗോൾ നേടാനും മത്സരത്തിൽ കഴിഞ്ഞു.

Rate this post