ക്രിസ്ത്യാനോയുമായി താരതമ്യത്തിനില്ല, മെസി അന്യഗ്രഹത്തിൽ നിന്ന് വന്നതെന്ന് വിദാൽ

മുൻ ക്ലബ്ബായ യുവന്റസിനെ നേരിടുമ്പോഴുണ്ടായേക്കാവുന്ന വിചിത്രമായ വികാരങ്ങളെക്കുറിച്ച് മനസു തുറന്നിരിക്കുകയാണ് ഇന്റർമിലാൻ താരം  അർടുറോ വിദാൽ. ഈ സമ്മർ ട്രാൻസ്ഫറിലാണ് ബാഴ്സയിൽ നിന്നും താരം ഇന്റർമിലാനിലേക്ക് ചേക്കേറുന്നത്. ഇന്ററിനായി മികച്ച പ്രകടനം തുടരുന്ന താരവുമായി ഇറ്റാലിയൻ മാധ്യമമായ കോറിയർ ഡെല്ലോ സ്‌പോർട് നടത്തിയ അഭിമുഖത്തിലാണ് താരം മുൻ ക്ലബ്ബിനെക്കുറിച്ചും സഹതാരമായിരുന്ന  പിർലോയെക്കുറിച്ചും മനസു തുറന്നത്.

പിർലോ യുവന്റസിന്റെ പരിശീലകനായതിൽ വളരെയധികം സന്തോഷമുണ്ടെന്നും. വരാനിരിക്കുന്ന മത്സരങ്ങളിൽ യുവന്റസിനെ നേരിടുന്നത് വിചിത്രമായ അനുഭവമായിരിക്കുമെന്നും വിദാൽ അഭിപ്രായപ്പെട്ടു. ഒപ്പം  മുൻസഹതാരമായിരുന്ന മെസിയെയും ക്രിസ്ത്യാനോയേയും താരതമ്യപ്പെടുത്തി ആരാണ് മികച്ചതെന്ന ചോദ്യത്തിന് മറുപടി നൽകാനും വിദാൽ തയ്യാറായി.

” ആന്ദ്രേ തന്റെ കോച്ചിംഗ് കരിയർ ഇങ്ങനെ തുടങ്ങിയതിൽ ഞാൻ വളരെയധികം സന്തോഷവാനാണ്. അദ്ദേഹമൊരു നല്ല വ്യക്തിയാണ്. ഞങ്ങൾ വർഷങ്ങളായി സുഹൃത്ബന്ധം പുലർത്തുന്നവരാണ്. ഇന്റർ ജേഴ്സിയണിഞ്ഞ്  യുവന്റസിനെതിരെ കളിക്കുകയെന്നത്  വിചിത്രമായ ഒരു അവസ്ഥായാണ്. ഞാൻ കളിക്കളത്തിൽ എന്റെ പരമാവധി നൽകുന്ന താരമാണ്. അതു യുവന്റസ് ആയാലും ഏതു ടീമിനെതിരെയായാലും ഞാൻ അങ്ങനെയാണ് ചെയ്യാറുള്ളത്.

മെസി-റൊണാൾഡോ സംവാദത്തിനും വിദാൽ മറുപടി നൽകി: “അക്കാര്യത്തിൽ  ഒരു താരതമ്യമില്ല. മെസി അന്യഗ്രഹത്തിൽ നിന്ന് വന്നതാണ്. ഞങ്ങൾ അടുത്ത സുഹൃത്തുക്കളാണ്. ആ അടുപ്പം  ഇനിയും ഒരുപാട് കാലം നിലനിൽക്കും. മെസി ബാഴ്‌സ വിടുമോയെന്നത് എനിക്കറിയില്ല. പക്ഷെ മെസി സന്തോഷവാനാണെന്നും തന്റെ ഹൃദയം കൊണ്ട്  ഒരു തീരുമാനത്തിലെത്തുമെന്നും ഞാൻ പ്രതീക്ഷിക്കുന്നു. ” വിദാൽ പറഞ്ഞു