മാഞ്ചസ്റ്റർ യുണൈറ്റഡിനോട് എല്ലാവർക്കും അസൂയ, ക്ലബിനെതിരായ വിമർശനങ്ങൾക്കു വിചിത്രമായ കാരണം കണ്ടെത്തി നായകൻ

മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെ എല്ലാവരും വിമർശനങ്ങൾ നടത്തുന്നതിന്റെ പ്രധാന കാരണം അസൂയയാണെന്ന് നായകൻ ഹാരി മാഗ്വയ്ർ. കഴിഞ്ഞ കുറച്ചു കാലമായി കിരീടങ്ങൾ നേടാൻ കഴിഞ്ഞിട്ടില്ലാത്ത മാഞ്ചസ്റ്റർ യുണൈറ്റഡിന് ഈ സീസണിലും മികച്ച പ്രകടനം കാഴ്ച വെക്കാൻ ഇതുവരെയും കഴിഞ്ഞിട്ടില്ല. ഇതിനെ തുടർന്ന് പരിശീലകനെതിരെയും താരങ്ങൾക്കെതിരെയും ഉയരുന്ന വിമർശനങ്ങൾക്കു മറുപടി പറയുകയായിരുന്നു മാഗ്വയ്ർ.

“മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തിയതിനു ശേഷം ഒരു കാര്യം ഞാൻ ശ്രദ്ധിച്ചിരുന്നു. ഞാനിവിടെയുണ്ടായിരുന്ന ഒന്നര വർഷത്തിനിടെ ഏറ്റവുമധികം ചർച്ച ചെയ്യപ്പെട്ട ക്ലബ് ഇതാണ്. അതിന്റെ കാരണം ഞങ്ങളാണു ലോകത്തിലെ ഏറ്റവും വലിയ ക്ലബ് എന്നതാണ്. ഞങ്ങൾ നന്നായി കളിക്കുന്നത് ആളുകൾക്കിഷ്ടമല്ല. അതു മുൻപുണ്ടാക്കിയ നേട്ടങ്ങൾ കാരണമാണ്.”

“ഞങ്ങൾ അതിനെ മനസിലാക്കേണ്ടതുണ്ട്. അതിനോടു പ്രതികരിക്കേണ്ടതുണ്ട്. എന്നാൽ അത്തരം വിമർശനങ്ങൾ കൊണ്ടുണ്ടാകുന്ന നെഗറ്റീവ് വശങ്ങൾ ട്രെയിനിംഗ് ഗ്രൗണ്ടിലെത്താതെ ശ്രദ്ധിക്കുകയും വേണം. എന്നാൽ ചില സമയത്ത് വിമർശനങ്ങളോടു മുഖം തിരിക്കുക പ്രയാസമാണ്.” ഇന്നലെ നടന്ന മത്സരത്തിനു ശേഷം മാഗ്വയ്ർ പറഞ്ഞു.

തുടർച്ചയായ രണ്ടു മത്സരങ്ങളിൽ തോൽവി വഴങ്ങിയ മാഞ്ചസ്റ്റർ യുണൈറ്റഡ് എവർട്ടണെതിരായ മത്സരത്തിൽ മികച്ച വിജയം നേടി വിമർശനങ്ങളെ താൽക്കാലികമായി മറികടന്നിട്ടുണ്ട്. മത്സരത്തിൽ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു യുണൈറ്റഡിന്റെ വിജയം. ബ്രൂണോ, റാഷ്ഫോഡ്, കവാനി എന്നിവരാണ് യുണൈറ്റഡിന്റെ ഗോളുകൾ നേടിയത്.