അന്താരാഷ്ട്ര ഫുട്ബോളിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പേരിലുള്ള റെക്കോർഡുകൾ
ലോക ഫുട്ബോളിൽ ഗോൾ സ്കോറിങ്ങിൽ എല്ലാ റെക്കോർഡുകളും സ്വന്തം പേരിലാക്കിയ താരമാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ. രാജ്യത്തിനായാലും ക്ലബ്ബിനായാലും ഗോളടിക്കുന്നതിൽ ഒരു പിശുക്കും കാണിക്കാത്ത റൊണാൾഡോക്ക് മുന്നിൽ കീഴടങ്ങാത്ത ഗോൾ റെക്കോർഡുകൾ വിരളമാണ്.ലോകകപ്പ് യൂറോപ്യൻ യോഗ്യതാ ഗ്രൂപ്പ് മത്സരത്തിൽ റിപ്പബ്ലിക്ക് ഓഫ് അയർലൻഡിനെതിരെ ഗോൾ നേടി റൊണാൾഡോ ഇറാന്റെ അലി ദായിയെ മറികടന്ന് എക്കാലത്തെയും ഉയർന്ന അന്താരാഷ്ട്ര ഗോൾ സ്കോറർ ആയി റൊണാൾഡോ മാറിയിരുന്നു. ഇന്നലെ ലക്സംബർഗിനെതിരെ നടന്ന മത്സരത്തിൽ ഹാട്രിക്ക് നേടി തന്റെ അന്താരാഷ്ട്ര ഗോൾ നേട്ടം 115 ആയി ഉയർത്തി.അന്താരാഷ്ട്ര ഫുട്ബോളിൽ റൊണാൾഡോയുടെ എല്ലാ റെക്കോർഡുകളും നമുക്ക് നോക്കാം.
1 .ഏറ്റവും കൂടുതൽ ഗോളുകൾ – ഒക്ടോബറിൽ രണ്ട് മത്സരങ്ങളിൽ നാല് ഗോളുകൾ നേടിയ റൊണാൾഡോ ചൊവ്വാഴ്ച രാത്രി ലക്സംബർഗിനെതിരെ നേടിയ ഹാട്രിക്ക് ഉൾപ്പെടെ 115 ഗോളുകൾ നേടി, അന്താരാഷ്ട്ര ഫുട്ബോളിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ താരമായി.
2 . ഒരു കലണ്ടർ വർഷത്തിലെ ഏറ്റവും കൂടുതൽ ഗോളുകൾ -2017 ൽ പോർച്ചുഗലിനായി ക്രിസ്റ്റ്യാനോ റൊണാൾഡോ 32 അന്താരാഷ്ട്ര ഗോളുകൾ നേടി, ഒരു കലണ്ടർ വർഷത്തിൽ ഏറ്റവും കൂടുതൽ ഗോളുകളാണിത്.
3 . തുടർച്ചയായ നാല് ഫിഫ ലോകകപ്പുകളിൽ ഗോൾ നേടുന്ന ഒരേയൊരു കളിക്കാരൻ-ജൂൺ 15 ന് പോർച്ചുഗലിന്റെ 2018 ലോകകപ്പ് ഉദ്ഘാടന മത്സരത്തിൽ സ്പെയിനിനെതിരെ തന്റെ ആദ്യ ഗോൾ നേടിയ ക്രിസ്റ്റ്യാനോ റൊണാൾഡോ ഇതുവരെ തുടർച്ചയായി നാല് ഫിഫ ലോകകപ്പുകളിൽ ഗോൾ നേടുന്ന ലോകത്തിലെ ആദ്യത്തേതും ഏക കളിക്കാരനുമായി.
4 . ഫിഫ ലോകകപ്പിൽ ഹാട്രിക്ക് നേടുന്ന ഏറ്റവും പ്രായം കൂടിയ കളിക്കാരൻ-33 വയസും 130 ദിവസവും പ്രായമുള്ളപ്പോൾ ക്രിസ്റ്റ്യാനോ റൊണാൾഡോ ഫിഫ ലോകകപ്പിൽ ഹാട്രിക്ക് നേടുന്ന ഏറ്റവും പ്രായം കൂടിയ കളിക്കാരനായി. 2018 ലോകകപ്പിൽ സ്പെയിനെതിരെയായിരുന്നു ഹാട്രിക്ക്.
5 .വിവിധ ദേശീയ ടീമുകൾക്കെതിരെ ഗോൾ നേടിയത് -ഒക്ടോബർ 10 ന് ഖത്തറിനെതിരെ ഒരു അന്താരാഷ്ട്ര സൗഹൃദ മത്സരത്തിൽ ഗോൾ നേടിയപ്പോൾ, റൊണാൾഡോ കുറഞ്ഞത് ഒരു ഗോൾ നേടിയ ടീമുകളുടെ എണ്ണം 45 ആയി ഉയർന്നു, ഇത് അന്താരാഷ്ട്ര ഫുട്ബോളിലെ റെക്കോർഡാണ്.
6 .അഞ്ച് യൂറോയിൽ സ്കോർ ചെയ്യുന്ന ആദ്യ കളിക്കാരൻ-യൂറോ 2004 മുതൽ പങ്കെടുത്ത എല്ലാ യൂറോയിലും ക്രിസ്റ്റ്യാനോ റൊണാൾഡോ ഗോൾ നേടിയിട്ടുണ്ട്, കൂടാതെ അഞ്ച് വ്യത്യസ്ത യൂറോകളിൽ സ്കോർ ചെയ്യുന്ന ഒരേയൊരു കളിക്കാരനും ക്രിസ്റ്റ്യാനോ റൊണാൾഡോയാണ്.
7 .ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച യൂറോപ്യൻ താരം – ലക്സംബർഗിനെതിരെയുളള മത്സരത്തോടെ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച യൂറോപ്യൻ താരമായി റൊണാൾഡോ.182 മത്സരം.
8 .യൂറോയിൽ എക്കാലത്തെയും മികച്ച സ്കോറർ– യൂറോ 2020 -ന് മുമ്പ്, ടൂർണമെന്റിലെ ഏറ്റവും ഉയർന്ന ഗോൾ വേട്ടക്കാരനായി റൊണാൾഡോ ഒൻപത് യൂറോ ഗോളുകളിൽ മൈക്കൽ പ്ലാറ്റിനിയുമായി ഒപ്പമുണ്ടായിരുന്നു. നാല് കളികളിൽ അഞ്ച് ഗോളുകൾ നേടിയ ശേഷം അദ്ദേഹം ആ റെക്കോർഡ് സ്വന്തമാക്കി. ഇപ്പോൾ യൂറോയിൽ റോണോയുടെ പേരിൽ 14 ഗോളുകൾ ഉണ്ട്.
9 .യൂറോയിൽ കൂടുതൽ വിജയം നേടിയ താരം -യൂറോ 2020 നു മുൻപ് ആന്ദ്രെ ഇനിയേസ്റ്റ, സെസ്ക് ഫാബ്രിഗാസ് എന്നിവരോടൊപ്പം 11 വിജയങ്ങൾ നേടിയിരുന്നു.എന്നാൽ പോർച്ചുഗൽ അവരുടെ ആദ്യ മത്സരത്തിൽ ഹംഗറിയെ ജയിച്ചതോടെ റൊണാൾഡോ റെക്കോർഡ് സ്വന്തമാക്കി.
10 .ഏറ്റവും കൂടുതൽ അന്താരാഷ്ട്ര ഹാട്രിക്കുകൾ -പോർച്ചുഗീസ് സൂപ്പർ താരം ഇതുവരെ 10 അന്താരാഷ്ട്ര ഹാട്രിക്കുകൾ നേടിയിട്ടുണ്ട്, ഇത് ലോകത്തിലെ ഏത് കളിക്കാരനും നേടിയതിനേക്കാൾ കൂടുതലാണ് . ഇറാന്റെ അലി ഡെയ് എട്ട് ഹാട്രിക്കുകൾ നേടിയപ്പോൾ ലയണൽ മെസ്സിയുടെ പേരിലുള്ളത് ഏഴ്.
11 . തുടർച്ചയായ 10 അന്താരാഷ്ട്ര മത്സരങ്ങളിൽ സ്കോർ ചെയ്യുന്ന ഒരേയൊരു കളിക്കാരൻ– ക്രിസ്റ്റ്യാനോ റൊണാൾഡോ തുടർച്ചയായി 10 അന്താരാഷ്ട്ര മത്സരങ്ങളിലും അഞ്ച് യൂറോയിലും (2004, 2008, 2012, 2020) നാല് ലോകകപ്പുകളിലും (2006, 2010, 2014, 2018) യൂറോപ്യൻ നേഷൻസ് കപ്പിൽ (2018) ഗോൾ നേടിയ ഏക കളിക്കാരനാണ്.