❝ അടിച്ചും അടിപ്പിച്ചും അർജന്റീനയെ രാജകീയമായി സെമി ഫൈനലിൽ എത്തിച്ച് കിംഗ് ലിയോ❞

എന്ത് കൊണ്ടാണ് ലയണൽ മെസ്സിയെ ലോകത്തിലെ ഏറ്റവും മികച്ച താരമായി കണക്കാക്കുന്നു എന്നതിനുള്ള ഉത്തരമായിരുന്നു ഇന്ന് നടന്ന ഇക്വഡോറിനെതിരെയുള്ള ക്വാർട്ടർ മത്സരം. ഗോൾ അടിച്ചും ഗോൾ അടിപ്പിച്ചും മെസ്സി മുന്നിൽ നിന്നും നയിച്ചപ്പോൾ എതിരില്ലാത്ത മൂന്നു ഗോളുകൾക്കായിരുന്നു അർജന്റീനയുടെ വിജയം. രണ്ടു ഗോളുകൾക്ക് അവസരം ഒരുക്കുകയും മനോഹരമായ ഫ്രീകിക്ക് ഗോൾ നേടുകയും ചെയ്ത മെസ്സി രാജകീയമായി തന്നെയാണ് അർജന്റീനയെ സെമി ഫൈനലിൽ എത്തിച്ചത്.കോപ്പയിൽ ഇതുവരെ മെസ്സി നാല് ഗോളുകളും നാല് അസിസ്റ്റും സ്വന്തം പേരിൽ കുറിച്ചു. കിരീടം ഉറപ്പിച്ചു തന്നെയുള്ള ഈ പോരാട്ടത്തിൽ കൊളംബിയയാണ് സെമിയിൽ സെർജന്റീനയുടെ എതിരാളികൾ.

4 -3 -3 എന്ന ശൈലിയിൽ ഇറങ്ങിയ അർജന്റീനയെ 4 – 2 – 3 – 1 എന്ന ശൈലിയിലാണ് ഇക്വഡോർ നേരിട്ടത്. അവസാന മത്സരത്തിൽ ബൊളീവിയയെ നേരിട്ട മത്സരത്തിൽ നിന്നും മാറ്റങ്ങളുമായാണ് അര്ജന്റീന ഇന്നിറങ്ങിയത്. ആദ്യ മിനുട്ട് മുതൽ തന്നെ അർജന്റീനക്ക് തന്നെയാണ് മത്സരത്തിന്റെ നിയന്ത്രണം. 14 ആം മിനുട്ടിലാണ് അർജന്റീനക്ക് ആദ്യ ഗോളവസരം ലഭിച്ചത്. ബോക്സിലേക്ക് വന്ന മികച്ചൊരു പാസ് ഗോൾകീപ്പറെ മറികടന്നു മനോഹരമായി നിയന്ത്രിച്ച് മാർട്ടിനെസ് തൊടുത്ത ഷോട്ട് ഇക്വഡോർ ഡിഫൻഡർ പോസ്റ്റിനു മുന്നിൽ വെച്ച്‌ക്ലിയർ ചെയ്തു. തൊട്ടടുത്ത മിനുട്ടിൽ മെസ്സിയുടെ ഗോൾ ലക്ഷ്യമാക്കിയുള്ള ഷോട്ട് ഇക്വഡോർ ഡിഫൻഡർ തടുത്തു. കോർണറിൽ നിന്നു മാർക്ക് ചെയ്യപെടാതിരുന്ന അര്ജന്റീന ഡിഫൻഡർജർമ്മൻ പെസെല്ലയുടെ ഷോട്ട് ലക്ഷ്യമില്ലാതെ പുറത്തേക്ക് പോയി.

22 ആം മിനുട്ടിൽ ഗോൾ നേടാനുള്ള സുവർണാവസരം മെസ്സി നഷ്ടപ്പെടുത്തി. ബോക്സിന്റെ ഇടതു വശത്തു നിന്നും ഗോൾ കീപ്പർ മാത്രം മുന്നിൽ നിൽക്കെ മെസ്സിയുടെ ഷോട്ട് പോസ്റ്റിൽ തട്ടി മടങ്ങി .അടുത്ത നിമിഷം ഇക്വഡോറിന്റെ ഒരു മുന്നേറ്റം കണ്ടു .ഇക്വഡോർ താരത്തിന്റെ ബോക്സിനു പുറത്തു നിന്നുള്ള ലോങ്ങ് റേഞ്ച് പണിപ്പെട്ടാണ് ഗോൾ കീപ്പർ മാർട്ടിനെസ് തട്ടിയകറ്റിയത്. 38 ആം മിനുട്ടിൽ ഇടതു വിങ്ങിൽ നിന്നും എയ്ഞ്ചൽ മെന കൊടുത്ത മനോഹരമായ ക്രോസിൽ നിന്നും വലൻസിയയുടെ ഹെഡ്ഡർ ഇഞ്ചുകളുടെ വ്യത്യസത്തിൽ പുറത്തേക്ക് പോയി. 40 ആം മിനുട്ടിൽ അര്ജന്റീന മുന്നിലെത്തി, സൂപ്പർ താരം ലയണൽ മെസ്സിയുടെ പാസിൽ നിന്നും ബോക്സിൽ മാർക്ക് ചെയ്യപെടാതിരുന്ന റോഡ്രിഗോ ഡി പോൾ അനായാസം ഇക്വഡോർ വല കുലുക്കി.

ഒന്നാം പകുതി അവസാനിക്കുന്നതിനു മുൻപ് ലീഡ് ഉയർത്താൻ അർജന്റീനക്ക് അവസരം ലഭിച്ചു. മെസ്സി എടുത്ത ഫ്രീകിക്കിൽ നിന്നുള്ള നിക്കോളാസ് ഗോൺസാലസിന്റെ ഹെഡ്ഡർ ഗോൾ കീപ്പർ തടുത്തിട്ടു എബൗണ്ടിൽ വന്ന ബോളും അർജന്റീനക്ക് മുതലാക്കാനായില്ല. ആദ്യ പക്തിയുടെ ഇഞ്ചുറി ടൈമിൽ സമനില നേടാൻ ഇക്വഡോറിനു അവസരം ലഭിച്ചു. വലതു വിങ്ങിൽ നിന്നും ബോക്സിലേക്ക് ഉയർന്ന മനോഹരമായ ക്രോസിൽ നിന്നും ക്യാപ്റ്റൻ എനെർ വലൻസിയയുടെ ഹെഡ്ഡർ ഇഞ്ചുകളുടെ വ്യത്യസത്തിൽ പുറത്തേക്ക് പോയി.

രണ്ടാം പകുതിയിൽ സമനില ഗോളിനായി ഇക്വഡോർ കൂടുതൽ മുന്നേറി കളിച്ചു കൊണ്ടിരുന്നു. വിങ്ങിലൂടെയുള്ള മുന്നേറ്റത്തിലൂടെ അവർ കോര്ണറുകൾ നേടിയെങ്കിലും അവസരങ്ങൾ മുതലാക്കാനായില്ല. രണ്ടാം പകുതിയുടെ തുടക്കത്തിൽ പന്ത് കൂടുതൽ സമയം കൈവശം വെച്ചതും അവസരങ്ങൾ ഉണ്ടാക്കിയതും ഇക്വഡോർ ആയിരുന്നു. 71 ആം മിനുട്ടിൽ അര്ജന്റീന രണ്ടു മാറ്റങ്ങൾ കൊണ്ട് വന്നു. ലിയാൻ‌ഡ്രോ പരേഡെസ് ,ജിയോവാനി ലോ സെൽസോ എന്നിവർക്ക് പകരമായി ഗിയാഡോ റോഡ്രിഗസ് ഏഞ്ചൽ ഡി മരിയ എന്നിവർ ഇറങ്ങി.

കളി അവസാന പത്തു മിനുട്ടിലേക്ക് കടന്നതോടെ ഇക്വഡോർ മുന്നേറ്റം കൂടുതൽ ശക്തമാക്കി. എന്നാൽ പഴുത്തു നൽകാതെ അര്ജന്റീന പ്രതിരോധം നിലകൊണ്ടു. ബോക്‌സിനുള്ളിൽ രണ്ട് പ്രതിരോധക്കാരെ മറികടന്ന് ഇക്വഡോർ താരം ഗോൺസാലോ പ്ലാറ്റയുടെ ഷോട്ട് എമിലിയാനോ മാർട്ടിനെസ് തട്ടിയകറ്റി. 84 ആം മിനുട്ടിൽ രണ്ടാം ഗോൾ നേടി അര്ജന്റീന വിജയമുറപ്പിച്ചു. ഇക്വഡോർ പ്രതിരോധ ബതാരത്തിന്റെ കയ്യിൽ നിന്നും പന്ത് തട്ടിയെടുത്ത മെസ്സി ലൊട്ടാരോ മാർട്ടിനെസിനു പാസ് ചെയ്യുകയും ഇന്റർ മിലൻ താരം അനായാസം ഗോളാക്കി മാറ്റി സ്കോർ 2 -0 ആയി ഉയർത്തി. കളിയുടെ അവസാന മിനുട്ടിൽ ആംഗിൾ ഡി മരിയയെ വീഴ്ത്തിയതിന് ഇക്വഡോർ യുവ താരത്തിന് ചുവപ്പു കാർഡ് ലഭിക്കുകയും ചെയ്തു. പെനാൽറ്റി അരിയാക്കി തൊട്ടടുത്തു നിന്നും ലഭിച്ച ഫ്രീകിക്ക് മനോഹരമായി വലയിലെത്തിച്ച് മെസ്സി അർജന്റീനയുടെ വിജയമുറപ്പിച്ചു. മെസ്സിയുടെ കോപ്പയിലെ രണ്ടാമത്തെ ഫ്രീകിക്ക് ഗോളായിരുന്നു ഇത്. കോപ്പയിലെ നാലാമത്തെ ഗോളും.

ഇന്ന് നടന്ന ആദ്യ ക്വാർട്ടറിൽ ഫൈനലിൽ ഉറുഗ്വേയെ പെനാൽട്ടി ഷൂട്ട് ഔട്ടിൽ മറികടന്നു കൊളംബിയ സെമിഫൈനലിൽ. 90 മിനിറ്റിന് ശേഷം ഇരു ടീമുകൾക്കും ഗോൾ കണ്ടത്താൻ സാധിക്കാതിരുന്നപ്പോൾ മത്സരം പെനാൽട്ടി ഷൂട്ട് ഔട്ടിലേക്ക് നീളുക ആയിരുന്നു. ഷൂട്ട് ഔട്ടിൽ എണ്ണം പറഞ്ഞ രണ്ടു രക്ഷപ്പെടുത്തലുകൾ നടത്തിയ കൊളംബിയൻ ഗോൾ കീപ്പറും ക്യാപ്റ്റനും ആയ ഡേവിഡ് ഒസ്പീനയാണ് അവർക്ക് ജയം സമ്മാനിച്ചത്. നിശ്ചിത സമയത്തും ഇരു ടീമുകൾക്കും ഗോൾ നേടാൻ സാധിച്ചില്ല. കൊളംബിയക്ക് ആയി പെനാൽട്ടി എടുത്ത സപാറ്റ, ഡേവിസൻ സാഞ്ചസ്, യൂരി മിന, ആഞ്ചൽ ബോർഹ എന്നിവർ ലക്ഷ്യം കണ്ടപ്പോൾ ഉറുഗ്വേക്ക് ആയി പെനാൽട്ടി എടുത്ത കവാനി, സുവാരസ് എന്നിവർ മാത്രമാണ് ലക്ഷ്യം കണ്ടത്. ഹിമനെസ്, നിക്കോളാസ് വിന എന്നിവരുടെ പെനാൽട്ടി അതുഗ്രൻ രക്ഷപ്പെടുത്തലിലൂടെ തടഞ്ഞ ഒസ്പീന കൊളംബിയക്ക് കോപ അമേരിക്ക സെമിഫൈനലിലേക്ക് യോഗ്യത നേടി കൊടുക്കുക ആയിരുന്നു.

Rate this post