❝ പന്ത് കൊണ്ട് മായാജാലം കാണിക്കുന്ന അവതാരപ്പിറവി ❞

ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളാണ് ലയണൽ മെസ്സി എന്നത് ഫുട്ബോൾ പ്രേമികൾക്കിടയിൽ സംശയമില്ലാത്ത വസ്‌തുതയാണ്‌. ലോക ഫുട്ബോളിൽ മെസ്സിക്ക് മുന്നിൽ കീഴങ്ങാത്ത റെക്കോർഡുകൾ വളരെ കുറവ് മാത്രമാണുള്ളത്. തന്റെ കരിയറിന്റെ അവസാന കാലഘട്ടത്തിലേക്ക് കടക്കുന്ന മെസ്സിയുടെ കളി അഴകിനും മികവിനും ഒരു കുറവും വന്നതായി നമുക്ക കാണില്ല.കഴിഞ്ഞ 15 വർഷത്തിലധികമായി ഒരേ ഫോമിൽ കളിക്കുന്ന 34 കാരൻ ഇന്ന് നടന്ന കോപ്പ അമേരിക്ക ക്വാർട്ടർ ഫൈനലിൽ പുറത്തെടുത്ത പ്രകടനം അതിശയം ഉളവാക്കുന്നത് തന്നെയാണ്. ദേശീയ ടീമിനൊപ്പം മികവ് പുറത്തെടുക്കുന്നില്ല എന്ന വിമർശനം വെറും പാഴ്വാക്കാണ് എന്ന് തെളിയിക്കുന്നതായിരുന്നു ഈ കോപ്പയിൽ മെസ്സിയുടെ പ്രകടനം.

ദേശീയ ടീമിനൊപ്പം ഒരു അന്തരാഷ്ട്ര കിരീടം നേടാൻ സാധിക്കാത്തത് മെസ്സിയുടെ വലിയ കുറവായി എതിർ വിഭാഗം പലപ്പോഴും ഉയർത്തി കാണിക്കാറുണ്ട്. എന്നാൽ ദേശീയ ടീമിനൊപ്പമുള്ള കിരീടം ഇല്ലെങ്കിലും മെസ്സിയയുടെ മഹത്വത്തിന്റെ മാറ്റ് ഒരിക്കൽ പോലും കുറഞ്ഞു പോകുന്നില്ല എന്നത് നിഷേധിക്കാനാവാത്ത സത്യമാണ്. കോപ്പയിലും വേൾഡ് കപ്പിലും അർജന്റീനയെ ഫൈനൽ വരെ എത്തിച്ചെങ്കിലും കപ്പിനും ചുണ്ടിനും ഇടയിൽ വീഴാനായിരുന്നു വിധി. ബാഴ്സയ്ക്കൊപ്പം നേടാവുമെന്ന എല്ലാ നേട്ടങ്ങളും സ്വന്തമാക്കിയ മെസ്സിക്ക് ദേശീയ ടീമിനൊപ്പം ഒരു കിരീടം എന്ന സ്വപ്നം യാഥാർഥ്യമാക്കാനുളള സുവർണാവസരമാണ് ഈ വർഷത്തെ മെസ്സി. ഇക്വഡോറിനെതിരെയുള്ള പ്രകടനം മാത്രം മുൻ നിർത്തി നോക്കുകയാണെങ്കിൽ ഇത്തവണ കോപ്പ കിരീടം മെസിയും സംഘവും ബ്രസീലിന്റെ മണ്ണിൽ നിന്നും ഉയർത്തും എന്നതിൽ സംശയമില്ല.

ഗ്രൂപ് ഘട്ടത്തിലെ നാല് മത്സരങ്ങൾ അടക്കം അഞ്ചു മത്സരങ്ങളിൽ നിന്നും നാല് ഗോളുകളും നാല് അസിസ്റ്റും നേടിയ മെസ്സി നാലു മാന് ഓഫ് ദി മാച്ച് അവാർഡും സ്വന്തമാക്കി. ലോകകപ്പിലും കോപ അമേരിക്കയിലും ആയി ഇത് വരെ നൽകിയത് 21 അസിസ്റ്റുകൾ ആണ്. ഇന്ന് നേടിയ ഗോളോടെ പെലെയുടെ രാജ്യത്തിനു ആയുള്ള 77 ഗോളുകൾ എന്ന റെക്കോർഡിനു ഒരു ഗോൾ മാത്രം പിറകിലെത്തി മെസ്സി. ഒരു പരിധി വരെ മെസ്സി ഒറ്റക്കാണ് അർജന്റീനയെ കോപ്പയിൽ തോളിലേറ്റിയത്. ഗ്രൂപ്പിലെ അപ്രസക്തമായ ബൊളീവിയക്കെതിരെയുള്ള അവസാന മത്സരത്തിൽ മെസ്സിയെ പുറത്തിരുത്താൻ പരിശീലകൻ സ്കെലോണി ഭയപ്പെട്ടു. മെസ്സിയുടെ അഭാവത്തിൽ അർജന്റീനക്ക് മുന്നോട്ട് പോകുവാൻ സാധിക്കില്ല എന്ന് വ്യക്തമായതിനാലാണ് അദ്ദേഹം അങ്ങനെ ഒരു തീരുമാനം എടുത്തത്. പലപ്പോഴും മെസ്സിയുടെ പ്ലെയിങ് സ്റ്റെയിലിനു അനുസരിച്ചാണ് സ്കെലോണി ടീമിനെയും ഫോർമേഷനും സെറ്റ് ചെയ്യുന്നത്. സഹ താരങ്ങളെ പ്രചോദിപ്പിച്ച് മുന്നേറുനാണ് മെസ്സി എന്ന ക്യാപ്റ്റന്റെ പ്രകടനവും ഈ കോപ്പയിൽ കാണാൻ സാധിച്ചു.

ഇക്വഡോറിനെതിരെയുള്ള ഇന്നത്തെ മത്സരത്തിലും ചിലിക്കെതിരെയുള്ള ആദ്യ മത്സരത്തിലും മെസ്സി നേടിയ തകർപ്പൻ ഫ്രീകിക്ക് ഗോളുകൾ മാത്രം മതിയാവും മെസ്സിയുടെ മാസ്റ്റർ ക്ലാസ് മനസ്സിലാക്കുവാൻ.കഴിഞ്ഞ അഞ്ചു വർഷത്തിന് മെസ്സി നേടുന്ന 29 മത്തെ ഫ്രീകിക്ക് ഗോളായിരുന്നു ഇത്. കോപ്പയിൽ അഞ്ചു മത്സരങ്ങളിൽ നിന്നും അര്ജന്റീന നേടിയത് 10 ഗോളുകളാണ് അതിൽ എല്ലാം മെസ്സിയുടെ പങ്ക് വ്യക്തമായി കാണാൻ സാധിക്കും. ഒരു അറ്റാക്കിങ് പ്ലെ മേക്കറുടെ റോളിൽ തിളങ്ങുന്ന മെസ്സി മിഡ്ഫീൽഡിലേക്കിറങ്ങിയും മുന്നോട്ട് കയറിയും മിഡ്‌ഫീൽഡും മുന്നേറ്റനിരയും വിങ്ങുകളും തമ്മിലുള്ള ലിങ്ക് അപ്പ് പ്ലേ കൂടുതൽ ശക്തമാക്കുന്നുണ്ട്.

2021 എന്നത് വ്യക്തിപരമായി മെസ്സിയെ സംബന്ധിച്ച് മികച്ച വർഷം തന്നെയായിരുന്നു. ഈ വർഷം തുടങ്ങിയതിനു ശേഷമാണ് ലാ ലീഗയിൽ മെസ്സിയുടെ വിശ്വരൂപം കണാൻ സാധിച്ചത്. ലാ ലീഗയിൽ ഗോൾ ബൂട്ട് നേടിയ മെസ്സി അതെ ഫോം തന്നെയാണ് ദേശീയ ടീമിലും കാഴ്ചവെക്കുനന്ത്. അർജന്റീനയുടെ അന്തരാഷ്ട്ര കിരീട വരൾച്ച വസാനിപ്പിക്കാൻ ഇതിലും വലിയ അവസരം മെസ്സിക്ക് ലഭിക്കാൻ ഇടയില്ല. അത്രയും മികച്ച ഫോമിലാണ് മെസ്സിയും അർജന്റീനയും കളിക്കുന്നത്. ഈ പ്രകടനം തുടരുക ആണെങ്കിൽ സെമി ഫൈനലിൽ കൊളംബിയയുട ഫിസിക്കൽ ഗെയ്മിനെ അനായാസം മറികടന്നു ഫൈനലിൽ എത്താം എന്ന കാഴ്ചപ്പാടിലാണ് അര്ജന്റീന. അത്ഭുതങ്ങൾ ഒന്നും സംഭവിച്ചില്ലെങ്കിൽ ഫൈനലിൽ ചിരിവൈരികളായ ബ്രസീൽ തന്നെയാവും അർജന്റീനയുടെ എതിരാളിൽ. ബ്രസീലിയൻ മണ്ണിൽ ബ്രസീലിനെ പരാജയപ്പെടുത്തി കിരീടം നെടുക എന്ന സ്വപ്നം നിറവേറ്റുക എന്ന ദൗത്യമാണ് മെസ്സിയും സംഘവും ലക്ഷ്യമിടുന്നത്.

Rate this post