❝വിമർശനങ്ങൾക്ക് കിരീടത്തിലൂടെ മറുപടി കൊടുക്കാനൊരുങ്ങി ഇംഗ്ലീഷ് പട ❞

യുവത്വവും പരിചയ സമ്പത്തും നിറഞ്ഞു നിന്ന ഒരു മികച്ച ടീമുമായാണ് ഇംഗ്ലണ്ട് യൂറോ കപ്പിനെത്തിയത്. യൂറോ കപ്പിൽ ഇതുവരെ കിരീടം പൊയിട്ട് ഫൈനലിൽ പോലും എത്താൻ ഇംഗ്ലീഷ് ടീമിനായിട്ടില്ല. 1996 ൽ സ്വന്തം നാട്ടിൽ നടന്ന ചാമ്പ്യൻഷിപ്പിൽ കിരീടം നേടുമെന്ന് തോന്നിയെങ്കിലും സെമിയിൽ കാലിടറി പോയി. എന്നാൽ ഇത്തവണ ആദ്യ കിരീടം എന്ന ലക്ഷ്യ വെച്ച് തന്നെയാണ് പരിശീലകൻ ത്രീ ലയ്ൻസിനെ യുറോക്ക് ഒരുക്കിയത്.എന്നാൽ ഗ്രൂപ്പിലെ ആദ്യ മത്സരം തൊട്ട് തന്നെ വിമർശകർ സൗത്ത് ഗേറ്റിനു നേരെ തിരിയുന്ന കാഴ്ചയാണ് കാണാൻ സാധിച്ചത്. ക്രോയേഷ്യക്കെതിരെയും ,ചെക്കിനെതിരെയും ഓരോ ഗോളിനെ നേരിയ ജയം നേടിയ അവർ സ്കോട്ലൻഡിനോട് സമനില വഴങ്ങുകയും ചെയ്തു. മൂന്നു മത്സരങ്ങളിൽ നിന്നും നേടിയതാവട്ടെ രണ്ടു ഗോളുകളും .എന്നാൽ മത്സരത്തിൽ ഒരു ഗോള് പോലും അവർ വഴങ്ങിയില്ല. ഗ്രൂപ്പ് ചാമ്പ്യന്മാരായി പ്രീ ക്വാർട്ടറിൽ എത്തിയെങ്കിലും കിരീട സാധ്യതയുള്ള ടീമുകളിൽ നിന്നും ഇംഗ്ലണ്ട് താഴോട്ട് പോയി. വലിയ താരങ്ങൾ ഉണ്ടായിട്ടും അത് വേണ്ട വിധത്തിൽ ഉപയോഗിക്കാൻ സൗത്ത് ഗേറ്റിനു കഴിയുന്നില്ല എന്നതായിരുന്നു സൗത്ത് ഗേറ്റിനു നേരെയുളള വലിയ വിമർശനം.

എന്നാൽ പ്രീ ക്വാർട്ടറിൽ ജര്മനിക്കെതിരെയുള്ള തകർപ്പൻ ജയത്തോടെ ഒറ്റ രാത്രി കൊണ്ട് കിരീടം നേടാൻ സാധ്യതയുള്ള ടീമുകളുടെ ഇടയിൽ നിന്നും ബഹുദൂരം മുന്നിലേക്ക് കയറാൻ ഇംഗ്ലണ്ടിനായി.എതിരാളികളുടെ മനസ്സിൽ മുന്നെയൊന്നുമില്ലാത്ത വിധം ഭയം നിറച്ചു കൊണ്ട് അവർ മുന്നേറി കൊണ്ടിരുന്നു. ജര്മനിക്കെതിരെയുളള ഓൾ റൌണ്ട് പ്രകടനം ഇംഗ്ലണ്ടിന്റെ ആത്മവിശ്വാസം വളരെയേറെ വർധിപ്പിച്ചു. ഇന്നലെ യുക്രൈനെതിരെയുള്ള 4 ഗോൾ ജയം കൂടി ആയപ്പോൾ വിമർശനം മാത്രം നടത്തിയിരുന്ന ആളുകൾ പ്രശംസ കൊണ്ട് ഇംഗ്ലീഷ് ടീമിനെ പൊതിഞ്ഞു. 1996 നു ശേഷം ആദ്യമായാണ് ഇംഗ്ലണ്ട് സെമിയിൽ കടക്കുന്നത്. ഗ്രൂപ്പ് ഘട്ടത്തിൽ ഗോൾ നേടുന്നതിൽ പരാജയപ്പെട്ട ഏറെ വിമർശനം കേൾക്കേണ്ടി വന്ന ക്യാപ്റ്റൻ ഹാരി കെയ്ൻ ഫോമിലേക്ക് തിരിച്ചു വന്നതും സ്റ്റെർലിങ്ങിന്റെ പിന്തുണയും കൂടിയായപ്പോൾ ഗോളടിക്കുന്നില്ല എന്ന വിമർശനത്തിനും തക്ക മറുപടിയായി. ജര്മനിക്കെതിരെ ഒന്നും യുക്രൈനെതിരെ രണ്ടും ഗോളുകൾ കെയ്ൻ നേടി. സ്റ്റെർലിംഗും കെയ്‌നിനൊപ്പം മൂന്ന് ഗോളുകൾ നേടി.

അഞ്ചു മത്സരങ്ങളിൽ ഒരു ഗോൾ പോലും വഴങ്ങാത്ത ഇംഗ്ലീഷ് പ്രതിരോധ നിരയെയും ഗോൾ കീപ്പറെയും എത്ര പ്രശംസിച്ചാലും മതിയാവില്ല. ഇംഗ്ലണ്ടിന്റെ കുതിപ്പിൽ ഇവർ വഹിച്ച പങ്ക് വാക്കുകൾക്കതീതമാണ്. എടുത്തു പറയേണ്ട പ്രകടനംനടത്തിയത് ഗോൾ കീപ്പർ പിക്‌ഫോർഡാണ്‌. യൂറോ കപ്പിന്റെ ചരിത്രത്തിലാദ്യമായി ഒരു ടീം തുടർച്ചയായ അഞ്ച് മത്സരങ്ങളിൽ ഒരു ഗോൾ പോലും വഴങ്ങാതെ ചരിത്ര നേട്ടവുമായി ഇംഗ്ലണ്ട് സെമിയിലേക്ക് മാർച്ച് ചെയ്തത്. യൂറോ കപ്പിൽ 662 മിനുട്ടാണ് ഗോൾ വഴങ്ങാതെ പിക്‌ഫോർഡ് ഇംഗ്ലീഷ് വല കാത്തത്. സെൻട്രൽ ഡിഫെൻസിൽ സ്റ്റോൺസ് മഗ്വേയെർ സഖ്യം ഒരു മത്സരം കഴിയുന്തോറും കൂടുതൽ മികവിലേക്ക് ഉയരുകയാണ്. ഇന്നലത്തെ മത്സരത്തിൽ ഗോൾ നേടാനും മഗ്വേയെറിനായി.

ലെറ്റ് ബാക്കായ ലുക്ക് ഷാ ജര്മനിക്കെതിരെയും ഇന്നലെയും മികച്ച പ്രകടനം പുറത്തെടുത്തു.ഇന്നലെ രണ്ടു ഗോളുകൾക്ക് അവസരം ഒരുക്കിയതും ഷാ ആയിരുന്നു. അഞ്ചു മത്സരവും കളിച്ച റൈസ് ,ഫിലിപ്സ് മിഡ്ഫീൽഡ് സഖ്യത്തിന്റെ പ്രകടനം ടീമിന്റെ ഒത്തിണക്കമുള്ള നിർണായകമായി. കഴിഞ്ഞ മത്സരത്തിൽ ആദ്യ പതിനൊന്നിൽ സ്ഥാനം ലഭിച്ച സാഞ്ചോയും ജര്മനിക്കെതിരെ പകരകകരനായി എത്തി കളി മാറ്റിമറിച്ച ഗ്രീലീഷും ഇംഗ്ലീഷ് മുന്നേറ്റത്തിൽ നിർണായകമായി. നല്ല ആഴമുളള റിസർവ് ബെഞ്ച് ഇംഗ്ലണ്ട് ടീമിന്റെ വലിയ കരുത്ത് തന്നെയാണ്.

സെമിയിൽ അത്ഭുതങ്ങൾ കാണിച്ചെത്തിയ ഡെന്മാർക്കാണ് ഇംഗ്ലണ്ടിന്റെ എതിരാളികൾ. നിലവിലെ ഫോമിൽ ഇംഗ്ലണ്ടിന് തന്നെയാണ് മുൻതൂക്കമെങ്കിലും ഡാനിഷ് ടീമിനെ എഴുതള്ളാൻ സാധിക്കില്ല എന്ന മുന്നറിയിപ്പാണ് പരിശീലകൻ സൗത്ത് ഗേറ്റ് ഇംഗ്ലീഷ് താരങ്ങൾക്ക് നൽകിയത്. വലിയ അട്ടിമറികൾക്ക് കെല്പുള്ള ഡെന്മാർക്കിനെതിരെ കരുതി തന്നെയാനും ഇംഗ്ലണ്ട് ഇറങ്ങുന്നത് .വെബ്ലിയിൽ മത്സരം നടക്കുന്നതിന്റെ ആനുകൂല്യം പരമാവധി പ്രയോജനപ്പെടുത്താനാണ് ഇംഗ്ലണ്ടിന്റെ ശ്രമം.ഫൈനൽ പോരാട്ടവും വെബ്ലിയിൽ വെച്ചാണ് നടക്കുന്നത്. സ്വന്തം ആരാധകർക്ക് മുന്നിൽ വെച്ച് കിരീടം ഉയർത്താനുള്ള അവസരമാണ് ഇംഗ്ലണ്ടിന് വന്നു ചേർന്നിരിക്കുന്നത്.

Rate this post