❝ ബെൽജിയത്തിന്റെ പരാജയപ്പെട്ട ഗോൾഡൻ ജനറേഷൻ ❞

ഈ യൂറോ കപ്പിൽ ഏറെ പ്രതീക്ഷയോടെ വന്ന ടീമായിരുന്നു ബെൽജിയം .ലോക ഒന്നാം നമ്പർ ടീമായ അവർ പ്രതിഭകളാൽ നിറഞ്ഞ ഒരു സംഘവുമായാണ് യൂറോയിൽ എത്തിയത്. കിരീട പ്രതീക്ഷയിൽ ഏറെ മുൻ നിരയിൽ ഉണ്ടായിരുന്ന റെഡ് ഡെവിൾസ് ക്വാർട്ടർ ഫൈനലിൽ ഇറ്റലിയോട് പരാജയപ്പെട്ട പോകേണ്ടി വന്നു. പ്രീ ക്വാർട്ടറിൽ നിലവിലെ ചാംപ്യൻസ്മാരായ പോർച്ചുഗലിന്റെ പരാജയപ്പെടുത്തി ഇറ്റലിയെ നേരിടാനെത്തിയ ബെൽജിയത്തിനു അസൂറികളുട മികവിന് പിന്നിൽ പിടിച്ചുനിൽക്കാനായില്ല. ആരാധകർക്ക് വീണ്ടും നിരാശ നൽകുന്ന പ്രകടനം തന്നെയാണ് ബെൽജിയത്തിന്റ ഗോൾഡൻ ജനറേഷന്റെ ഭാഗത്തു നിന്നും ഉണ്ടായത്.

ബെൽജിയത്തിന്റെ സുവർണ്ണ തലമുറ അതിന്റെ അവസാന കാലഘട്ടത്തിലൂടെയാണ് കടന്നു പോയിക്കൊണ്ടിരിക്കുന്നത്. 2022 ൽ നടക്കുന്ന ഖത്തർ ലോകകപ്പായിരിക്കും സുവർണ നിരയുടെ അന്താരാഷ്ട്ര വേദിയിൽ തിളങ്ങാനുള്ള അവസാന അവസരം. മികച്ച പ്രതിഭകൾ അണിനിരന്നിട്ടും രാജ്യത്തിന് വേണ്ടി ഒന്നും നേടിക്കൊടുക്കാൻ സാധിക്കാത്തത് വലിയ നിരാശ തന്നെയാണ് ആരാധകർക്ക് സമ്മാനിച്ചത്.സുവർണ്ണ തലമുറയിലെ മിക്കവാറും എല്ലാ അംഗങ്ങളും വിരമിക്കൽ പ്രായത്തിലേക്ക് അടുക്കുകയാണ്. വിൻസെന്റ് കൊമ്പാനി, ഫെല്ലെയ്‌നി , ഡെംബെലെ എന്നിവർ അണിനിരന്ന സമയത്തു പോലും ബെൽജിയത്തിന് നേട്ടങ്ങൾ സ്വന്തമാക്കാൻ ആയില്ല.

ബെൽജിയൻ പ്രതിരോധനിരയിലെ മൂന്നു താരങ്ങള അവരുടെ കരിയറിന്റെ അവസാനത്തിലാണ്. ചൈനയിൽ കളിക്കുന്ന തോമസ് വർമലെൻ 35 വയസ്സും വെർട്ടോൻ‌ഗെനും 34 ഉം ,ടോബി ആൽ‌ഡെർ‌വീലിഡിന് 32 വയസ്സുമാണ്. ഇവർക്ക് പകരം വെക്കാൻ സാധിക്കുന്ന ഒരു താരത്തെ കണ്ടെത്താൻ ഇതുവരെ ഇവർക്കായിട്ടില്ല. ഡ്രൈസ് മെർട്ടൻസിന് 34 ഉം അലക്സ് വിറ്റ്സലിന് 32 ഉം ഈഡൻ ഹസാർഡ് 30 വയസ്സായിരുക്കുകയാണ്. പ്രായം കൂടുന്തോറും തുടർച്ചയായ പരിക്കുകൾ മൂലം ഉയർന്ന തലത്തിൽ കളിക്കാൻ ഇത് തികച്ചും അനുയോജ്യരല്ലാതെ മാറിയിരിക്കുകയാണ് ഇവർ. ഖത്തർ ലോകകപ്പ് ഇവരുടെയെല്ലാം ബെൽജിയവുമായുള്ള അവസാന ടൂർണമെന്റായിരിക്കും.

ടീമിലെ സൂപ്പർ താരങ്ങളായ കെവിൻ ഡി ബ്രൂയിൻ, കോർട്ടോയിസ്, റൊമേലു ലുകാകു എന്നിവർ മുപ്പത്തിലേക്ക് അടുക്കുന്നവരാണ്. ഇവരുടെ നേതൃത്വത്തിൽ അടുത്ത വേൾഡ് കപ്പിൽ ബെൽജിയൻ ടീമിനായി ഒരു മാറ്റമുണ്ടാക്കാനുള്ള അവസാന അവസരമാണ് .4-5 വർഷത്തിനുള്ളിൽ, സുവർണ്ണ തലമുറയിൽ നിന്നുള്ള എല്ലാവരും അവരുടെ ബൂട്ട് അഴിക്കാൻ സാധ്യതയുണ്ട്. ലുകാകാവു മാത്രമാവും അതിനു ശേഷം കളിക്കളത്തിൽ തുടരുന്ന താരം. ഇക്കാര്യങ്ങൾ കൊണ്ട് തന്നെ 2022 വേൾഡ് കപ്പ് ൽജിയത്തിന് ഒരു ട്രോഫി നേടാനും ചരിത്രത്തിൽ അവരുടെ വ്യക്തിമുദ്ര പതിപ്പിക്കാനും ഉള്ള ഒരേയൊരു അവസരമാണ്.

ഫിഫയുടെ ചരിത്രത്തിൽ ഒരു പ്രധാനപ്പെട്ട അന്തരാഷ്ട്ര കിരീടം പോലും നേടാതെ അന്താരാഷ്ട്ര ഫുട്ബോളിൽ ഒന്നാം സ്ഥാനം നേടിയ ഒരേയൊരു രാജ്യമാണ് ബെൽജിയം. 2018 ലോകകപ്പിൽ അവർ കിരീടത്തിനു അടുത്തെത്തിയെങ്കിലും സെമിയിൽ ഫ്രാൻസിനോട് പരാജയപെടാനായിരുന്നു വിധി. 2016 ലെ യൂറോ കപ്പിലാണ് ബെൽജിയത്തിന്റെ സുവർണ നിര ഏറ്റവും മികച്ച ടീമുമായി എത്തിയത്. ആ വർഷം ടൂർണമെന്റിലെ ഏറ്റവും മികച്ച ടീമായിരുന്നു അവർ. എന്നാൽ ക്വാർട്ടർ ഫൈനലിൽ താരതമ്യേന വെയിൽസ്‌ ടീമിനെതിരെ പരാജയപെടാനായിരുന്നു സുവർണ നിരയുടെ വിധി. 2012 യൂറോയിൽ യോഗ്യത നേടാൻ സാധിക്കാതിരുന്ന അവർ 2014 ലെ വേൾഡ് കപ്പിൽ ക്വാർട്ടറിൽ പുറത്തായി.

മികച്ച യുവ താരങ്ങൾ ദേശീയ തലത്തിലേക്ക് ഉയർന്നു വരാത്തത് ബെൽജിയത്തിന് വലിയ തിരിച്ചടി തന്നെയാണ്. ഈ യൂറോയിൽ തന്നെ ബെഞ്ച് സ്ട്രെങ്ത്തിന്റെ കാര്യത്തിൽ മറ്റു മുൻ നിര ടീമുകളെ അപേക്ഷിച്ച് അവർ വളരെ പിന്നിലായിരുന്നു. നിലവിലുള്ള ടീമിനെ ഉടച്ചു വാർത്ത് പുതിയൊരു ടീമിനെ സൃഷ്ടിക്കുക എന്ന ദൗത്യമാണ് അവർക്ക് മുന്നിലുള്ളത്. പ്രാദേശിക ലീഗിൽ ബെൽജിയത്തിന് ധാരാളം യുവ പ്രതിഭകളുണ്ടെങ്കിലും അവർക്ക് ഒരിക്കലും അന്താരാഷ്ട്ര ടൂർണമെന്റുകളിൽ കളിക്കാൻ അവസരം ലഭിക്കുന്നില്ല.

ഭാവിയിൽ മികച്ച ടീമിനെ വാർത്തെടുക്കുന്നതിനും കിരീടം എന്ന സ്വപ്നം പൂവണിയുന്നതിനും ജെറെമി ഡോക്കുവിനെ പോലെ കഴിവുള്ള യുവ താരങ്ങളെ കൂടുതൽ ടീമിലെത്തിച്ച് വളർത്തിയെടുക്കേണ്ടതുണ്ട്. യൂറോ 2020 ൽ ബെൽജിയൻ കഴിവുള്ള യുവാക്കളുടെ സാനിധ്യം അതികം കാണാൻ സാധിച്ചില്ല.2022 ലെ ഖത്തർ ലോകകപ്പ് അക്ഷരാർത്ഥത്തിൽ ബെൽജിയൻ സുവർണ്ണ തലമുറയ്ക്ക് തങ്ങളുടെ ശക്തി തെളിയിക്കാനുള്ള അവസാന അവസരമാണ്, അല്ലെങ്കിൽ ചരിത്രത്തിൽ പരാജയപെട്ടവരുടെ കൂട്ടത്തിലായിരിക്കും അവരുടെ സ്ഥാനം.

Rate this post