❝ ഗോൾഡൻ ബൂട്ട് പോരാട്ടം, ക്രിസ്റ്റ്യാനോ റൊണാൾഡോയെ മറികടക്കാനാവുമോ ?❞

യൂറോ കപ്പ് അവസാന നാലിലേക്ക് കടന്നതോടെ ഗോൾഡൻ ബൂട്ട് ആര് നേടും എന്ന ചർച്ച സജീവമായിരിക്കുകയാണ്. അഞ്ച് ഗോള്‍ വീതം നേടി ചെക്ക് റിപ്പബ്ലിക്കിന്റെ പാട്രിക് ഷിക്കും പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ഇപ്പോള്‍ ഒപ്പത്തിനൊപ്പമാണ്. പോര്‍ച്ചുഗലും ചെക്ക് റിപ്പബ്ലിക്കും ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായതിനാല്‍ ഇരുവരേയും ഗോള്‍ വേട്ടയില്‍ വെട്ടിക്കുന്ന മറ്റൊരു താരം ഉയര്‍ന്ന് വരുമോ എന്ന ആകാംക്ഷയിലാണ് ഫുട്‌ബോള്‍ ലോകം. നാല് മത്സരങ്ങളിൽ നിന്നാണ് യൂറോ കപ്പിലെ എക്കാലത്തെയും ടോപ് സ്കോററായ ക്രിസ്റ്റ്യാനോ റൊണാൾഡോ അഞ്ചു ഗോളുകൾ നേടിയത്. ലെവർകുസെൻ സ്‌ട്രൈക്കർ പാട്രിക് ഷിക്ക് അഞ്ചു മത്സരങ്ങളിൽ നിന്നാണ് അഞ്ചു ഗോളുകൾ നേടിയത്.

അഞ്ച് ഗോള്‍ എന്ന നേട്ടത്തിലേക്ക് മറ്റൊരു താരത്തിനും ഇനി എത്താനായില്ലെങ്കില്‍ യൂറോ 2020ലെ ഗോള്‍ഡന്‍ ബൂട്ട് ക്രിസ്റ്റിയാനോയുടെ കാലുകളിലേക്ക് എത്തും. ഡെന്‍മാര്‍ക്കിന് എതിരായ കളിയില്‍ ചെക്ക് റിപ്പബ്ലിക്കിന്റെ ഏക ഗോള്‍ പിറന്നത് പാട്രിക് ഷിക്കില്‍ നിന്നായിരുന്നു. അത് താരത്തിന്റെ യൂറോ 2020ലെ അഞ്ചാമത്തെ ഗോളുമായി. പോര്‍ച്ചുഗല്ലിനായി അഞ്ച് ഗോളിനൊപ്പം ഒരു അസിസ്റ്റും ക്രിസ്റ്റ്യാനോയുടെ പേരിലുണ്ട്. ഇതാണ് 5 ഗോള്‍ നേടി ഒപ്പം നില്‍ക്കുന്ന ഷിക്കിനെ മറികടന്ന് ഗോള്‍ഡന്‍ ബൂട്ടിലേക്ക് എത്താന്‍ ക്രിസ്റ്റിയാനോയെ തുണക്കുന്നത്. ഷിക്കിന്റെ പേരില്‍ ഗോള്‍ അസിസ്റ്റ് ഇല്ല. ഇംഗ്ലണ്ട് സെമി ഫൈനലിലേക്ക് കടക്കുകയും ഹാരി കെയ്ന്‍ ഗോള്‍ സ്‌കോര്‍ ചെയ്ത് തുടങ്ങുകയും ചെയ്തതോടെ ഗോള്‍ഡന്‍ ബൂട്ടിലേക്ക് കെയ്ന്‍ എത്തുമോ എന്ന ചോദ്യവും ഉയരുന്നുണ്ട്.

കഴിഞ്ഞ രണ്ട് കളിയിലും കെയ്ന്‍ ഗോള്‍ വല കുലുക്കി. ജര്‍മനിക്കെതിരെ ഒരു ഗോള്‍ നേടിയപ്പോള്‍ ഉക്രെയ്‌നെതിരെ കെയ്‌നില്‍ നിന്ന് ഇരട്ട ഗോള്‍ വന്നു. ഡെന്‍മാര്‍ക്ക് സെമിയിലേക്ക് കടന്നതോടെ കാസ്പര്‍ ഡോള്‍ബര്‍ഗും ഗോള്‍ഡന്‍ ബൂട്ടിലേക്ക് എത്താനുള്ള സാധ്യത കൂട്ടുന്നു. മൂന്ന് ഗോളാണ് ഇതുവരെ യൂറോ 2020ല്‍ കാസ്പര്‍ നേടിയത്. മൂന്ന് ഗോള്‍ നേടി ഇംഗ്ലണ്ടിന്റെ റഹീം സ്‌റ്റെര്‍ലിങ്ങും ഗോള്‍ഡന്‍ ബൂട്ട് പോരിനുണ്ട്.

ഗോൾഡൻ ബൂട്ടിനായുള്ള മത്സരത്തിലുണ്ടായിരുന്ന കരീം ബെൻസെമ, റൊമേലു ലുകാകു ,എന്നിവർ സ്വീഡന്റെ എമിൽ ഫോർസ്ബെർഗിനൊപ്പം നാല് വീതം ടൂർണമെന്റ് അവസാനിപ്പിച്ചു. ലെവെൻഡോസ്‌കി ,സെഫെറോവിച്, വൈനാൾഡാം തുടങ്ങിയവരും മൂന്നു ഗോൾ വീതം നേടി ചാമ്പ്യൻഷിപ്പ് അവസാനിപ്പിച്ചു.മെംഫിസ് ഡെപെയ് മുതൽ ഇവാൻ പെരിസിക് വരെ 13 കളിക്കാർ രണ്ട് ഗോളുകൾ വീതം നേടിയിട്ടുണ്ട് .ഡച്ച് ഫോർവേഡിന്റെ പേരിൽ രണ്ട് അസിസ്റ്റുകളുണ്ട്.

Rate this post