മിന്നുന്ന ഫോമിലായിട്ടും അർജൻറീന ടീമിൽ നിന്നും ഒഴിവാക്കി, തോൽക്കാൻ മനസില്ലെന്നു ഡി മരിയ
മികച്ച ഫോമിൽ കളിച്ചിട്ടും അർജന്റീന ടീമിൽ തനിക്ക് ഇടം ലഭിക്കാതിരുന്നതിലുള്ള വേദന പങ്കു വെച്ച് പിഎസ്ജി താരം ഏഞ്ചൽ ഡി മരിയ. അടുത്ത മാസം ഇക്വഡോറിനും ബൊളീവിയക്കും എതിരെയുള്ള ലോകകപ്പ് യോഗ്യത മത്സരങ്ങൾക്കുള്ള അർജന്റീന ടീമിനെ പരിശീലകൻ സ്കലോനി പ്രഖ്യാപിച്ചപ്പോൾ പിഎസ്ജി താരത്തെ ഒഴിവാക്കിയിരുന്നു. കഴിഞ്ഞ സീസണിലെ ചാമ്പ്യൻസ് ലീഗ് ഫൈനൽ കളിച്ചതിനു പിന്നാലെയാണ് താരത്തെ പിഎസ്ജി ഒഴിവാക്കിയതെന്നാണ് ശ്രദ്ധേയമായ കാര്യം.
“അർജൻറീന ടീമിൽ നിന്നും ഒഴിവാക്കപ്പെട്ടതിന് യാതൊരു വിശദീകരണവും എനിക്കു നൽകാനില്ല. ദേശീയ ടീം എനിക്ക് അത്രയും പ്രധാനപ്പെട്ടതാണ്. ഇത്രയും മികച്ച ഫോമിൽ നിൽക്കുമ്പോൾ എന്നെ ഒഴിവാക്കിയതു മനസിലാകുന്നില്ല. അർജന്റീന ടീമിൽ ഇടം നേടാനും അവർക്കൊപ്പം മത്സരിക്കാനുമുള്ള സാധ്യതയുണ്ടെങ്കിൽ പിഎസ്ജിക്കൊപ്പം ഞാൻ കഠിനാധ്വാനം ചെയ്യും.” ക്ലോസ് കോണ്ടിനെന്റൽ റേഡിയോയോട് ഡി മരിയ പറഞ്ഞു.
‘I work my ass off at PSG!’ – Di Maria hits out after missing Argentina call-up https://t.co/rckeiKjVv2
— BloggRocket News (@bloggrocketnews) September 24, 2020
“ഒഴിവാക്കപ്പെട്ടത് അവർക്കെന്നെ ടീമിലെടുക്കാൻ താൽപര്യമില്ലാത്തതു കൊണ്ടു തന്നെയാണ്. എന്നാൽ ടീമിലിടം നേടാൻ ഞാൻ പൊരുതും. മുപ്പത്തിരണ്ടുകാരനായ എനിക്കിപ്പോഴും പഴയ വേഗതയുണ്ട്. എന്നാൽ പ്രായമായെന്നാണ് പലരും പറയുന്നത്. എന്റെ മികവ് എല്ലാ മത്സരങ്ങളിലും ഞാൻ കാണിക്കുകയും നെയ്മർ, എംബാപ്പെ എന്നിവർക്കൊപ്പം നിൽക്കുന്ന പ്രകടനം കാഴ്ച വെക്കുകയും ചെയ്യുന്നുണ്ട്.” ഡി മരിയ പറഞ്ഞു.
പിഎസ്ജിക്കൊപ്പം ഡി മരിയ നടത്തുന്ന പ്രകടനത്തെ പരിശീലകൻ ടുഷലടക്കം പ്രശംസിച്ചിരുന്നു. എന്നാൽ മാഴ്സക്കെതിരായ മത്സരത്തിനു ശേഷം എതിർതാരത്തെ ഡി മരിയ തുപ്പിയത് വിവാദമായിരുന്നു. ഇതു തന്നെയാണ് അർജന്റീന ടീമിൽ താരത്തിന് സ്ഥാനം നഷ്ടപ്പെടാൻ കാരണമായതെന്നും അതു താൽക്കാലികമാണെന്നുമാണ് കരുതേണ്ടത്.