ഇഞ്ചുറി ടൈമിൽ നേടിയ ഇരട്ടഗോളുകളിൽ ടീമിന് വിജയം, അസാമാന്യ പ്രകടനവുമായി അർജന്റീന താരം

ഖത്തർ ലോകകപ്പിനുള്ള അർജന്റീന സ്‌ക്വാഡിൽ അവസാന നിമിഷത്തിൽ പ്രവേശനം ലഭിച്ച താരമാണ് തിയാഗോ അൽമാഡ. ലോ സെൽസോ പരിക്കേറ്റു പുറത്തായതും ചില താരങ്ങളെ ഫിറ്റ്നസ് പ്രശ്‌നങ്ങൾ കാരണം അവസാന നിമിഷത്തിൽ ഒഴിവാക്കേണ്ടി വന്നതുമെല്ലാം ഇരുപത്തിയൊന്ന് വയസുള്ള അൽമാഡക്ക് ടീമിലേക്കുള്ള വഴി തുറന്നു. പോളണ്ടിനെതിരെ നടന്ന ഗ്രൂപ്പ് മത്സരത്തിൽ മാത്രമാണ് താരം കളത്തിലിറങ്ങിയതെങ്കിലും അർജന്റീനയുടെ ലോകകപ്പ് നേട്ടത്തിൽ താരവും പങ്കാളിയായി.

ലോകകപ്പിന് ശേഷം ആദ്യത്തെ മത്സരം കളിക്കാനിറങ്ങിയ തിയാഗോ അൽമാഡയിപ്പോൾ ഹീറോയായി മാറിയിരിക്കുകയാണ്. അമേരിക്കൻ ലീഗിൽ അറ്റ്‌ലാന്റാ യുണൈറ്റഡ് എഫ്‌സിയുടെ താരമായ തിയാഗോ അൽമാഡ കഴിഞ്ഞ ദിവസം നടന്ന സീസണിലെ ആദ്യത്തെ മത്സരത്തിൽ ഇഞ്ചുറി ടൈമിൽ നേടിയത് രണ്ടു ഗോളുകളാണ്. ഒരു ഗോളിന് പിന്നിൽ നിന്നിരുന്ന അറ്റ്‌ലാന്റാ യുണൈറ്റഡ് എഫ്‌സിയെ വിജയത്തിലേക്ക് നയിക്കാൻ താരത്തിന് ഇതിലൂടെ കഴിയുകയും ചെയ്‌തു.

സാൻ ജോസ് എർത്ത്ക്വാക്കേഴ്‌സ് ഒരു ഗോളിന് മുന്നിൽ നിൽക്കെ തൊണ്ണൂറ്റിമൂന്നാം മിനുട്ടിലാണ് അൽമാഡയുടെ ആദ്യത്തെ ഗോൾ വരുന്നത്. ബോക്‌സിന് പുറത്തു നിന്നുള്ള വലംകാൽ മിന്നൽ ഷോട്ടിലൂടെ താരം ടീമിനായി സമനില ഗോൾ കണ്ടെത്തി. അതിനു ശേഷം മത്സരത്തിന്റെ അവസാന കിക്കായി ലഭിച്ച ഫ്രീ കിക്ക് ബോക്‌സിന് തൊട്ടു വെളിയിൽ നിന്നും ഗോൾകീപ്പർക്ക് ഒരു അവസരവും നൽകാതെ വലയിലെത്തിച്ച് താരം രണ്ടാമത്തെ ഗോളും നേടി. രണ്ടു ഗോളുകളും മനോഹരമായിരുന്നു എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല.

എംഎൽഎസ് സീസണിലെ ആദ്യത്തെ മത്സരത്തിലാണ് അൽമാഡ രണ്ടു ഗോളുകളുമായി തിളങ്ങിയത്. ലോകകപ്പ് വിജയം നേടിയത് താരത്തിലും വളരെയധികം ആത്മവിശ്വാസം നൽകിയിട്ടുണ്ടെന്നാണ് ഇത് വ്യക്തമാക്കുന്നത്. കഴിഞ്ഞ സീസണിൽ ആറു ഗോളുകളും ഏഴ് അസിസ്റ്റുകളും സ്വന്തമാക്കിയ താരം ഇത്തവണ അതിനേക്കാൾ മികച്ച പ്രകടനം നടത്തുമെന്ന് കഴിഞ്ഞ മത്സരത്തിലെ പ്രകടനം വ്യക്തമാക്കുന്നു.

Rate this post