അത്ഭുത ഫ്രീകിക്ക് ഗോളുമായി അർജന്റീന താരം, മെസിയുടെ പിൻഗാമി തന്നെയെന്ന് ആരാധകർ

ഫുട്ബോൾ ലോകം മുഴുവൻ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഫ്രീ കിക്ക് ഗോളിനെക്കുറിച്ച് ചർച്ച ചെയ്യുമ്പോൾ അതിനേക്കാൾ മികച്ചൊരു ഫ്രീ കിക്ക് ഗോൾ കഴിഞ്ഞ ദിവസം അമേരിക്കൻ ലീഗിൽ പിറന്നിട്ടുണ്ട്. അർജന്റീന താരമായ തിയാഗോ അൽമാഡ അമേരിക്ക ക്ലബായ അറ്റ്ലാന്റ യുണൈറ്റഡ് എഫ്‌സി നേടിയ വമ്പൻ വിജയത്തിലാണ് കിടിലൻ ഫ്രീ കിക്ക് ഗോൾ നേടിയത്.

പോർട്ട്ലാൻഡ് ടിമ്പേഴ്‌സിനെതിരെ നടന്ന മത്സരത്തിലാണ് തിയാഗോ അൽമാഡ അതിമനോഹരമായ ഫ്രീ കിക്ക് ഗോൾ നേടിയത്. ഗോൾ പോസ്റ്റിൽ നിന്നും ഏതാണ്ട് മുപ്പതിലധികം വാര അകലെ ഫ്രീകിക്ക് എടുത്ത താരം അത് പോസ്റ്റിന്റെ റൈറ്റ് ടോപ് കോർണറിലേക്ക് വളച്ചിറക്കിയപ്പോൾ ഗോൾകീപ്പർ അൽജാസ് ഇവാസിച്ചിന് ഒന്നും ചെയ്യാൻ കഴിഞ്ഞില്ല.

തിയാഗോ അൽമാഡയുടെ ഫ്രീ കിക്ക് ഗോൾ പിറന്നതിനു പിന്നാലെ അത് പുഷ്‌കാസിനു വേണ്ടി പരിഗണിക്കപ്പെടുമെന്ന കാര്യം തീർച്ചയാണെന്നാണ് ആരാധകർ സോഷ്യൽ മീഡിയയിൽ ചർച്ച ചെയ്യുന്നത്. മികച്ച ഫ്രീ കിക്ക് ഗോളുകൾ നേടുന്ന ലയണൽ മെസിക്കൊത്ത പിൻഗാമിയാണ് ഇരുപത്തിയൊന്നുകാരനായ താരമെന്നും ആരാധകർ പറയുന്നു.

തിയാഗോ അൽമാഡ രണ്ടു ഗോളും 2 അസിസ്റ്റും സ്വന്തമാക്കിയ മത്സരത്തിൽ ഒന്നിനെതിരെ അഞ്ചു ഗോളുകൾക്കാണ് അറ്റ്‌ലാന്റാ വിജയം നേടിയത്. ഈ സീസണിൽ ഇതാദ്യത്തെ ഫ്രീ കിക്ക് ഗോളല്ല താരം നേടുന്നത്. സീസണിലെ ആദ്യത്തെ മത്സരത്തിൽ സാൻ ജോസ് ടീമിനെതിരെ രണ്ടു ഗോളുകൾ നേടിയ താരം അതിലൊന്നും മനോഹരമായ ഫ്രീ കിക്കിലൂടെയാണ് നേടിയത്.

ഖത്തർ ലോകകപ്പ് നേടിയ അർജന്റീന ടീമിന്റെ ഭാഗമായിരുന്ന അൽമാഡ ഈ സീസണിലിതു വരെ നാല് ഗോളും നാല് അസിസ്റ്റും സ്വന്തമാക്കിയിട്ടുണ്ട്. നാല് മത്സരങ്ങളിൽ നിന്നാണ് താരത്തിന്റെ ഈ നേട്ടം. അർജന്റീന സൗഹൃദ മത്സരങ്ങൾക്കായി ഇറങ്ങുമ്പോൾ ശ്രദ്ധയാകർഷിക്കാൻ പോകുന്നത് അൽമാഡയാകുമെന്ന കാര്യം തീർച്ചയായിട്ടുണ്ട്.