സ്പെയിനും ബ്രസീലും പഴങ്കഥ,ഇറ്റലിയുടെ റെക്കോർഡ് കൂടി തകർക്കാൻ അർജന്റീന |Argentina

ഇന്നലെ നടന്ന അന്താരാഷ്ട്ര സൗഹൃദ മത്സരത്തിൽ UAE യെ പരാജയപ്പെടുത്താൻ അർജന്റീനക്ക് കഴിഞ്ഞിരുന്നു. എതിരില്ലാത്ത അഞ്ചു ഗോളുകൾക്കാണ് അർജന്റീന UAE യിൽ വെച്ച് നടന്ന മത്സരത്തിൽ വിജയം സ്വന്തമാക്കിയത്.ഡി മരിയ ഇരട്ട ഗോളുകൾ നേടിയപ്പോൾ ലയണൽ മെസ്സി,ജൂലിയൻ ആൽവരസ്,ജോക്കിൻ കൊറേയ എന്നിവരാണ് ഓരോ ഗോളുകൾ വീതം നേടിയത്.

ഈ വിജയത്തോടുകൂടി അർജന്റീന തങ്ങളുടെ അപരാജിത കുതിപ്പ് 36 മത്സരങ്ങളിലായി വർദ്ധിപ്പിച്ചിട്ടുണ്ട്.അതായത് അവസാനമായി കളിച്ച 36 മത്സരങ്ങളിൽ ഒന്നിൽ പോലും അർജന്റീന പരാജയപ്പെട്ടിട്ടില്ല. 2019ലെ കോപ്പ അമേരിക്ക സെമിയിൽ ബ്രസീലിനോടാണ് അർജന്റീന അവസാനമായി പരാജയപ്പെട്ടത്. അതിനുശേഷം മൂന്നുവർഷങ്ങൾ പിന്നിട്ടിട്ടും തോൽവി എന്താണ് എന്നുള്ളത് അർജന്റീന അറിഞ്ഞിട്ടില്ല.

മാത്രമല്ല വമ്പൻമാരായ ബ്രസീൽ, സ്പെയിൻ എന്നിവരുടെ റെക്കോർഡും ഇപ്പോൾ അർജന്റീന പഴങ്കഥയാക്കിയിട്ടുണ്ട്. അതായത് ഫുട്ബോൾ ചരിത്രത്തിൽ ഏറ്റവും കൂടുതൽ മത്സരങ്ങളിൽ അപരാജിത കുതിപ്പ് നടത്തിയ ടീമുകളിൽ രണ്ടാം സ്ഥാനത്തായിരുന്നു ബ്രസീലും സ്പെയിനും. 35 മത്സരങ്ങളിൽ ആയിരുന്നു ഇവർ അപരാജിത നടത്തിയിരുന്നത്. ഈ രണ്ടാം സ്ഥാനം ഇപ്പോൾ അർജന്റീന ഒറ്റക്ക് കൈപ്പിടിയിൽ ഒതുക്കിയിട്ടുണ്ട്.

ഇനി അർജന്റീനയുടെ ലക്ഷ്യം ഒന്നാം സ്ഥാനമാണ്. 37 മത്സരങ്ങളിൽ അപരാജിത കുതിപ്പ് നടത്തിയ ഇറ്റലിയാണ് ഒന്നാം സ്ഥാനത്തുള്ളത്. 2018 മുതൽ 2021 വരെയുള്ള കാലയളവിലാണ് ഇറ്റലി ഈ അൺബീറ്റൺ റൺ നടത്തിയിട്ടുള്ളത്. വേൾഡ് കപ്പ് ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ രണ്ടു മത്സരങ്ങളിൽ പരാജയപ്പെടാതിരുന്നാൽ അർജന്റീന ഈ റെക്കോർഡ് സ്വന്തം പേരിലാക്കും.

സൗദി അറേബ്യ,മെക്സിക്കോ എന്നിവരാണ് ആദ്യ രണ്ടു മത്സരങ്ങളിൽ അർജന്റീനയുടെ എതിരാളികൾ. അതുകൊണ്ടുതന്നെ അർജന്റീനക്ക് ഈ റെക്കോർഡ് സ്വന്തമാക്കാൻ കഴിയുമെന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്. സമീപകാലത്ത് മികച്ച പ്രകടനം നടത്തിക്കൊണ്ടിരിക്കുന്ന അർജന്റീനക്ക് ഇത്തവണ വലിയ കിരീട സാധ്യത കൽപ്പിക്കപ്പെടുന്നുണ്ട്.

Rate this post