❝ ആരാധകർ ആകാംഷയോടെ കാത്തിരുന്ന സ്വപ്ന ഫൈനൽ വിരുന്നെത്തുമ്പോൾ ❞

ലോക ഫുട്ബോളിൽ ആരാധകർ ഏറ്റവും കൂടുതൽ കാണാൻ ആഗ്രഹിക്കുന്ന രണ്ടു ടീമുകൾ ഏറ്റുമുട്ടുന്ന പോരാട്ടമാണ് കോപ്പ അമേരിക്ക ഫൈനലിൽ നടക്കാൻ പോവുന്നത്. ലോക ഫുട്ബോൾ ശക്തികളായ അർജന്റീനയും ബ്രസീലും ഫുട്ബോളിന്റെ ആത്മീയ ഭവനങ്ങളിലൊന്നായ റിയോ ഡി ജനീറോയുടെ ചരിത്രപരമായ മാരക്കാന സ്റ്റേഡിയത്തിൽ ഏറ്റുമുട്ടുമ്പോൾ തീപാറും എന്നതിൽ സംശയമില്ല. വലിയ തിരിച്ചടികളാൽ വലയം ചെയ്യപ്പെട്ട ഒരു ടൂർണമെന്റിന്റെ അവിസ്മരണീയമായ കലാശ പോരാട്ടത്തിനാണ് ലോകം സാക്ഷ്യം വഹിക്കുന്നത്. ലോകത്ത് കോവിഡ് -19 ഏറ്റവും കൂടുതൽ ബാധിച്ച രാജ്യങ്ങളിലൊനായ ബ്രസീൽ പ്രതിസന്ധികളെ അതിജീവിച്ചാണ് കോപ്പ ചാമ്പ്യൻഷിപ്പിന് ആതിഥേയത്വം വഹിച്ചത്.

നെയ്മറുടെ നേതൃത്വത്തിൽ കിരീടം നിലനിർത്താൻ ബ്രസീൽ ഇറങ്ങുമ്പോൾ വർഷങ്ങൾക്ക് ശേഷം ആദ്യ കിരീടം തേടി മെസ്സിയും അർജന്റീനയും ഇറങ്ങും. അർജന്റീനയും ബ്രസീലും ചേർന്ന് ഏഴ് ലോകകപ്പുകളും 23 കോണ്ടിനെന്റൽ കിരീടങ്ങളും നേടിയിട്ടുണ്ട്. 1993 നു ശേഷമുള്ള ആദ്യ കിരീടമാണ് അർജന്റീന ലക്ഷ്യമിടുന്നത്. 2004 ,2007, 2015, 2016, കോപ്പയിലും 2014 ലെ വേൾഡ് കപ്പിൽ ഫൈനലിലും എത്തിയെങ്കിലും അവർ പരാജയപെട്ടു. ഇതിൽനാല് ഫൈനലിലും മെസ്സിയും അര്ജന്റീനക്കൊപ്പമുണ്ടായിരുന്നു. ” തന്റെ ഏറ്റവും വലിയ ലക്ഷ്യം ദേശീയ ടീമിനൊപ്പം ഒരു കിരീടം നേടുക എന്നതാണ്, ആദ്യത്തെ ലക്ഷ്യം നേടാൻ ഞങ്ങൾക്ക് ഞങ്ങൾക്ക് കഴിഞ്ഞു ,അത് ഫൈനൽ കളിക്കുക എന്നതാണ് ഇനി അടുത്ത കിരീടം നേടുക എന്നതാണ് “സെമിഫൈനലിൽ കൊളംബിയയ്‌ക്കെതിരെ 3-2 പെനാൽറ്റി ഷൂട്ടൗട്ട് വിജയത്തിന് ശേഷം ക്യാപ്റ്റൻ മെസ്സി പറഞ്ഞു.

പരിക്കിനെത്തുടർന്ന് 2019 കോപ്പയിൽ കളിക്കാൻ സാധിക്കാതിരുന്ന നെയ്മർ ആദ്യ കിരീടമാണ് ലക്ഷ്യം വെക്കുന്നത്. തിങ്കളാഴ്ച സെമിയിൽ പെറുവിനെതിരെ ബ്രസീൽ 1-0ന് ജയിച്ചതിന് ശേഷം അർജന്റീനയെ തീരുമാനത്തിൽ നേരിടാൻ ആഗ്രഹിക്കുന്നുവെന്ന് നെയ്മർ പറഞ്ഞിരുന്നു.2015 ൽ ബാഴ്‌സലോണയ്‌ക്കൊപ്പം ചാമ്പ്യൻസ് ലീഗ് നേടിയ മെസ്സിയും നെയ്മറും നല്ല സുഹൃത്തുക്കളാണ്. 2011 ൽ ക്ലബ് ലോകകപ്പ് ഫൈനലിൽ കറ്റാലൻ ഭീമന്മാർ ബ്രസീലിന്റെ സാന്റോസിനെ 4-0ന് തോൽപ്പിച്ചപ്പോളാണ് ഇരുവരും ആദ്യമായി ഏറ്റുമുട്ടിയത്.

അർജന്റീനയും ബ്രസീലും നൂറിലധികം തവണ നേർക്ക്നേർ വന്നെങ്കിലും നാല് തവണ മാത്രമാണ് ഫൈനലിൽ ഏറ്റുമുട്ടിയത്. 1937 ൽ കോപ്പയുടെ മുൻഗാമിയായ സൗത്ത് അമേരിക്കൻ ചാമ്പ്യൻഷിപ്പിലാണ് ഇവർ ആദ്യമായി ഫൈനലിൽ ഏറ്റുമുട്ടിയത് ആ മത്സരത്തിൽ അർജന്റീന 2-0ന് വിജയിച്ചു. മറ്റ് മൂന്ന് മത്സരങ്ങളിൽ ബ്രസീൽ വിജയിച്ചു. 2004 കോപ ഫൈനലിൽ സ്‌ട്രൈക്കർ അഡ്രിയാനോയുടെ മികവിൽ പെനാൽറ്റിയിലൂടെ അർജന്റീനയെ 4-2ന് ബ്രസീൽ പരാജയപ്പെടുത്തി. ഒരു വർഷത്തിനുശേഷം ജർമ്മനിയിൽ നടന്ന കോൺഫെഡറേഷൻ കപ്പ് ഫൈനലിൽ കാക്കയുടെയും , റൊണാൾഡീഞ്ഞോയുടെയും,അഡ്രിയാനോയുടെയും മികവിൽ അർജന്റീനയെ 4-1 ന് പരാജയപ്പെടുത്തി കിരീടം നേടി. 2007 ലെ കോപ്പ ജയിക്കാൻ ഏറ്റവും ഫേവറിറ്റുകളായിരുന്ന അർജന്റീനയെ 3 -0 എന്ന സ്കോറിന് പരാജയപ്പെടുത്തി. മെസ്സിയുടെ ആദ്യ കോപ്പ ഫൈനലായിരുന്നു ഇത്.

കഴിഞ്ഞ കോപ്പയിൽ ഗബ്രിയേൽ ജീസസ്, റോബർട്ടോ ഫിർമിനോ എന്നിവരുടെ ഗോളുകൾക്ക് സെമിഫൈനലിൽ ബ്രസീൽ അർജന്റീനയെ 2-0 ന് പരാജയപ്പെടുത്തി.സസ്പെൻഷൻ കാരണം ജീസസ് ഞായറാഴ്ച നടക്കുന്ന ഫൈനലിൽ കളിക്കില്ല,ഫിർമിനോയ്ക്ക് പകരം ലൂക്കാസ് പക്വെറ്റ ആ സ്ഥാനം നേടിക്കൊടുത്തു. ബ്രസീൽ പത്താമത്തെ കിരീടം ലക്ഷ്യം വെക്കുമ്പോൾ ,അർജന്റീന പതിനഞ്ചാം കിരീടം നേടി ഉറുഗ്വേയുടെ റെക്കോർഡിനൊപ്പം എത്താനാണ് ശ്രമിക്കുന്നത്. ആരാധകർക്ക് പ്രവേശനമില്ലാത്തതിനാൽ ഒഴിഞ്ഞ ഗാലറിക്ക് മുന്നിലാണ് മത്സരം നടക്കുന്നത്.