ഈ ട്രാൻസ്ഫർ വിന്റോയിൽ കൂടുമാറ്റം നടത്തിയത് നിരവധി അർജന്റൈൻ താരങ്ങൾ,കൂടുതലറിയാം| Transfer News |Argentina

ലോക ഫുട്ബോളിലെ മറ്റൊരു ട്രാൻസ്ഫർ വിൻഡോ കൂടി പൂർത്തിയാവുകയാണ്. നിരവധി വമ്പൻ ട്രാൻസ്ഫറുകൾക്കാണ് ഇത്തവണ ട്രാൻസ്ഫർ വിന്റോ സാക്ഷ്യം വഹിച്ചിട്ടുള്ളത്.യൂറോപ്പിലെ ടോപ് ഫൈവ് ലീഗുകളിൽ മാത്രമായി ഏകദേശം 1500 ഓളം ട്രാൻസ്ഫറുകൾ നടന്നുകഴിഞ്ഞു എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

പതിവുപോലെ ഇത്തവണയും ട്രാൻസ്ഫർ മാർക്കറ്റിൽ അർജന്റൈൻ താരങ്ങൾ നിറഞ്ഞു നിന്നിട്ടുണ്ട്. ഖത്തർ വേൾഡ് കപ്പ് തൊട്ട് മുന്നിൽ നിൽക്കുന്ന സമയമായിട്ട് പോലും പല താരങ്ങളും കൂടുമാറ്റം നടത്തിയിട്ടുണ്ട്.അത്തരത്തിലുള്ള പ്രധാനപ്പെട്ട അർജന്റീന താരങ്ങൾ ആരൊക്കെയാണ് എന്നുള്ളത് നമുക്ക് നോക്കാം.

ഏറ്റവും പ്രധാനപ്പെട്ട താരങ്ങളിൽ ഒരാൾ ഡി മരിയയാണ്. കോപ്പ അമേരിക്ക ഫൈനലിൽ വിജയഗോൾ നേടിയ താരം PSG വിട്ടു കൊണ്ട് യുവന്റസിലെക്കാണ് കൂടു മാറിയത്.ഫ്രീ ഏജന്റായി കൊണ്ടായിരുന്നു ഡി മരിയ യുവന്റസിൽ എത്തിയത്. മാത്രമല്ല ഡി മരിയക്ക് പിന്നാലെ ലിയാൻഡ്രോ പരേഡസും PSG വിട്ടു കൊണ്ട് യുവന്റസിൽ എത്തിയിട്ടുണ്ട്.താരത്തിന്റെ അരങ്ങേറ്റം ഉടനെ ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ഇനി എടുത്തു പറയേണ്ട താരം പൗലോ ഡിബാലയാണ്.ഫ്രീ ഏജന്റായ ഡിബാല യുവന്റസ് വിട്ടുകൊണ്ട് റോമയിൽ എത്തുകയായിരുന്നു. കഴിഞ്ഞ മത്സരത്തിൽ രണ്ട് ഗോളുകൾ നേടി കൊണ്ട് കൈയ്യടി നേടാനും താരത്തിന് കഴിഞ്ഞു. അതുപോലെതന്നെ പ്രതിരോധനിര താരമായ ലിസാൻഡ്രോ മാർട്ടിനസ് അയാക്സ് വിട്ടുകൊണ്ട് മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തി. തകർപ്പൻ പ്രകടനം നടത്തിക്കൊണ്ട് വിമർശകരുടെ വായടപ്പിക്കാനും താരത്തിന് കഴിഞ്ഞു.ഓഗസ്റ്റ് മാസത്തിലെ ഏറ്റവും മികച്ച യുണൈറ്റഡ് താരത്തിനുള്ള പുരസ്കാരം ലിസ്സാൻഡ്രോയാണ് നേടിയത്.

അർജന്റീനക്കാരനായ എൻസോ ഫെർണാണ്ടസ് ബെൻഫിക്ക താരമായത് ഈ ട്രാൻസ്ഫർ ജാലകത്തിലാണ്.അത്പോലെ തന്നെ നൂഹേൽ മൊളീനയെ ഡിയഗോ സിമയോണി അത്ലറ്റിക്കോയിൽ എത്തിച്ചിട്ടുണ്ട്.നിക്കോളാസ് ടാഗ്ലിയാഫിക്കോ അയാക്സിനോട് വിട പറഞ്ഞുകൊണ്ട് ലീഗ് വൺ ക്ലബ്ബായ ലിയോണിലേക്ക് ചേക്കേറി കഴിഞ്ഞു.

അതുപോലെ മറ്റൊരു താരമാണ് ജൂലിയൻ ആൽവരസ്. റിവർ പ്ലേറ്റിൽ നിന്നും താരം മാഞ്ചസ്റ്റർ സിറ്റിയിലാണ് എത്തിയിട്ടുള്ളത്. ഡീൽ നേരത്തെ നടന്നതാണെങ്കിലും ഇപ്പോഴാണ് അദ്ദേഹം സിറ്റിക്ക് വേണ്ടി കളിച്ചു തുടങ്ങിയത്.കഴിഞ്ഞ മത്സരത്തിൽ രണ്ട് ഗോളുകളും നേടിയിരുന്നു. ഇതിന് പുറമേ അർജന്റൈൻ താരങ്ങളായ ലോ സെൽസോ വിയ്യാറയലിലേക്കും സെനസി ബോൺമൗത്തിലേക്കും ജിയോ സിമയോണി നാപ്പോളിയിലേക്കും കൂടുമാറ്റം നടത്തിയിട്ടുണ്ട്. മൊത്തത്തിൽ അർജന്റൈൻ താരങ്ങൾ ഏറെ ചർച്ച ചെയ്യപ്പെട്ട ഒരു ട്രാൻസ്ഫർ വിൻഡോ കൂടിയാണ് കടന്നു പോകുന്നത്.