ലയണൽ മെസ്സിയുടെ കരിയറിനെ കുറിച്ച് ധീരമായ വിലയിരുത്തൽ നടത്തിയിരിക്കുകയാണ് റോബർട്ട് ലെവൻഡോവ്സ്കി. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പ്രായത്തിൽ എത്തുമ്പോൾ ലയണൽ മെസ്സിക്ക് യുണൈറ്റഡ് താരം നേടിയത്ര ഗോളുകൾ നേടാൻ സാധിക്കില്ലെന്ന് ബയേൺ സ്ട്രൈക്കർ അഭിപ്രായപ്പെട്ടു.’ഫിഫ ദി ബെസ്റ്റ്’ ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരനായി അവാർഡ് നേടിയ റോബർട്ട് ലെവൻഡോവ്സ്കി കഴിഞ്ഞ രണ്ട് വർഷമായി ലോക ഫുട്ബോളിൽ ഏറ്റവും ഫോമുള്ള കളിക്കാരിൽ ഒരാളാണ്.
ബയേൺ മ്യൂണിക്ക് ഫോർവേഡ് മൈതാനത്ത് റെക്കോർഡുകൾ തകർക്കുക മാത്രമല്ല, എക്കാലത്തെയും മികച്ച താരങ്ങളായ ലയണൽ മെസ്സിയെയും ക്രിസ്റ്റ്യാനോ റൊണാൾഡോയെയും തന്റെ മികച്ച പ്രകടനത്തിലൂടെ പിന്നിലാക്കുകയും ചെയ്തു.കഴിഞ്ഞ രണ്ട് സീസണുകളിൽ റൊണാൾഡോയുമായും മെസ്സിയുമായും നിരന്തരം താരതമ്യപ്പെടുത്തുന്ന ലെവൻഡോവ്സ്കി ഇരുവരുടെയും വലിയ ആരാധകനായി തുടരുന്നു.എന്നിരുന്നാലും റൊണാൾഡോയുമായി താരതമ്യപ്പെടുത്തുമ്പോൾ, തന്റെ കരിയറിന്റെ ഭൂരിഭാഗവും നേടിയ ഗോൾ സ്കോറിംഗ് ലെവൽ നിലനിർത്താൻ മെസ്സിക്ക് സാധിക്കില്ലെന്ന് പോളിഷ് ഇന്റർനാഷണൽ പറഞ്ഞു.
യുവന്റസിലോ റയൽ മാഡ്രിഡിലോ ഉള്ളതുപോലെ മാഞ്ചസ്റ്റർ യുണൈറ്റഡിൽ കളിക്കാൻ പോർച്ചുഗീസ് സൂപ്പർ താരം പാടുപെടുകയാണ്.മെസ്സിയാവട്ടെ ഈ സീസണിൽ പിഎസ്ജിക്ക് വേണ്ടി ഇതുവരെ ഒരു ലീഗ് ഗോൾ മാത്രമേയുള്ളൂ.റൊണാൾഡോയ്ക്ക് ലെവൻഡോവ്സ്കിയെക്കാൾ 3.5 വയസ്സ് കൂടുതലാണ്, മെസ്സിക്ക് 1.5 വയസ്സ് കൂടുതലാണ് എന്നതും ശ്രദ്ധിക്കേണ്ടതാണ്. എന്നാൽ, അർജന്റീനക്കാരനെയും പോർച്ചുഗീസുകാരെയും താരതമ്യം ചെയ്താൽ, ഇതുവരെ നേടിയ ഗോളുകളുടെ എണ്ണം പിഎസ്ജി ഫോർവേഡ് നിലനിർത്താൻ ബുദ്ധിമുട്ടാകുമെന്ന് അഭിപ്രായപ്പെടുന്നു.
“ക്രിസ്റ്റ്യാനോക്ക് എന്നേക്കാൾ മൂന്നര വയസ്സ് കൂടുതലാണ്, അദ്ദേഹം ഇപ്പോഴും ധാരാളം സ്കോർ ചെയ്യുന്നു. എന്നാൽ അവൻ ക്ലബ് മാറി , തന്ത്രങ്ങൾ മാറ്റി,എന്നാൽ അവന്റെ ടീം എപ്പോഴും വിജയിക്കുന്നില്ല. അവരുടെ ടീം ബാലൻസ് നേടിയാൽ റൊണാൾഡോ വീണ്ടും ഗോളുകളിലേക്ക് മടങ്ങും.ഒരു വർഷത്തിനുള്ളിൽ അദ്ദേഹം 60 ഗോളുകൾ നേടില്ലായിരിക്കാം, പക്ഷേ 30 ഉം 40 ഉം ഗോളുകൾ നേടാൻ പ്രാപ്തനാണ്” ലെവൻഡോവ്സ്കി റൊണാൾഡോയെക്കുറിച്ചുള്ള അഭിപ്രായം പറഞ്ഞു.
റൊണാൾഡോയുടെ പാത പിന്തുടരുന്ന ബയേൺ സ്ട്രൈക്കർ തന്റെ ആരോഗ്യത്തിൽ അതീവ ശ്രദ്ധ ചെലുത്തുന്നുണ്ട്. ” ഏകദേശം 12 വർഷമായി ഉയർന്ന തലത്തിൽ ഞാൻ ഫുട്ബോൾ കളിക്കുന്നു.ഈ പ്രായത്തിൽ എന്റെ കരിയർ അവസാനിപ്പിക്കാതിരിക്കാൻ ഞാൻ കഠിനമായി പരിശ്രമിക്കുന്നു.എന്റെ പ്രകടനത്തിന്റെ നിലവാരം ഉയർത്താനും പരിമിതികളെ മറികടക്കാനും ശ്രമിക്കുന്നു.എനിക്ക് അത് ചെയ്യാൻ കഴിഞ്ഞുവെന്ന് ഞാൻ കരുതുന്നു” പോളിഷ് സ്ട്രൈക്കർ പറഞ്ഞു.