ബാലൺ ഡി’ഓർ എന്നാൽ മെസ്സി,മെസ്സി എന്നാൽ ബാലൺ ഡി’ഓർ : പറയുന്നത് ഫ്രാൻസ് ഫുട്ബോൾ ചീഫ് എഡിറ്റർ

ലോക ഫുട്ബോളിലെ ഏറ്റവും മികച്ച താരത്തിന് ഓരോ വർഷവും സമ്മാനിക്കുന്ന പുരസ്കാരമാണ് ബാലൺ ഡി’ഓർ. ഓരോ വർഷത്തെയും ഏറ്റവും മികച്ച താരമാരാണ് എന്നുള്ളതിന് ഈ പുരസ്‌ക്കാര ജേതാവിനെയാണ് പരിഗണിക്കാറുള്ളത്. അത്രയേറെ സ്വീകാര്യതയും ജനപ്രീതിയുമുള്ള അവാർഡാണ് ബാലൺ ഡി’ഓർ.

ഈ പുരസ്കാരം ഫുട്ബോൾ ചരിത്രത്തിൽ ഏറ്റവും കൂടുതൽ തവണ നേടിയ താരം ലയണൽ മെസ്സിയാണ്. 7 തവണയാണ് മെസ്സി ഈ പുരസ്കാരം നേടിയിട്ടുള്ളത് എന്നോർക്കണം. ലോക ഫുട്ബോൾ ചരിത്രത്തിൽ ഒരാൾക്കും നേടാൻ കഴിയാത്ത, ഇനി നേടൽ ഒരിക്കലും എളുപ്പമല്ലാത്ത ഒരു നേട്ടമാണ് ലിയോ മെസ്സി കുറിച്ചു വെച്ചിരിക്കുന്നത്.

എന്നാൽ ഈ വർഷത്തെ ബാലൺ ഡി’ഓർ പുരസ്കാരത്തിന് വേണ്ടിയുള്ള 30 പേരുടെ പട്ടികയിൽ ലയണൽ മെസ്സിക്ക് ഇടം നേടാൻ സാധിക്കാതെ പോയത് ആരാധകർക്ക് വലിയ നിരാശയുണ്ടാക്കിയിരുന്നു. കഴിഞ്ഞ സീസൺ പലവിധ കാരണങ്ങൾ കൊണ്ടും മെസ്സിക്ക് പ്രതീക്ഷിച്ച രൂപത്തിൽ തുടങ്ങാൻ കഴിഞ്ഞിരുന്നില്ല.എന്നിരുന്നാലും ഭേദപ്പെട്ട കണക്കുകൾ മെസ്സിക്ക് കഴിഞ്ഞ സീസണിൽ അവകാശപ്പെടാനുണ്ട്.

മെസ്സി ഈ ഷോർട്ട് ലിസ്റ്റിൽ ഉൾപ്പെടാത്തതിനെ കുറിച്ച് ബാലൺ ഡി’ഓർ പുരസ്കാരം സമ്മാനിക്കുന്ന ഫ്രാൻസ് ഫുട്ബോൾ ചീഫ് എഡിറ്ററോട് മാർക്കയുടെ ഇന്റർവ്യൂവിൽ ചോദിക്കപ്പെട്ടിരുന്നു. മെസ്സിയോടുള്ള ബഹുമാനം മുഴുവനും തുളുമ്പുന്ന ഒരു ഉത്തരമാണ് ചീഫ് എഡിറ്ററായ പാസ്ക്കൽ ഫെറേ നൽകിയിട്ടുള്ളത്.

‘ ബാലൺ ഡി’ഓർ എന്നാൽ ലയണൽ മെസ്സിയാണ്. ലയണൽ മെസ്സി എന്നാൽ ബാലൺ ഡി’ഓർ ആണ്. അദ്ദേഹത്തിന്റെ റെക്കോർഡിനൊപ്പം എത്തുക എന്നുള്ളത് വളരെ ബുദ്ധിമുട്ടുള്ള ഒരു കാര്യമായിരിക്കും. ഇത്രയും വലിയ ഒരു നേട്ടം അദ്ദേഹം കരസ്ഥമാക്കാൻ കാരണമായത് അദ്ദേഹത്തിന്റെ വ്യക്തിഗത മികവും അതോടൊപ്പം തന്നെ ടീമിനൊപ്പമുള്ള മികവുമാണ് ‘ ഇതാണ് അദ്ദേഹം പറഞ്ഞു.

തീർച്ചയായും മെസ്സിയുടെ റെക്കോർഡ് തകർക്കുക എന്നുള്ളത് വളരെയധികം ബുദ്ധിമുട്ടുള്ള ഒന്നുതന്നെയാണ്.കാരണം കഴിഞ്ഞ 15 വർഷത്തോളം ഒരേ സ്ഥിരതയോടുകൂടി കളിച്ചു താരമാണ് മെസ്സി.അങ്ങനെ ഇനി ആർക്കെങ്കിലും കളിക്കാൻ കഴിയുമോ എന്നുള്ളത് സംശയമാണ്.

Rate this post