❝മെസിയും ജോർഗിഞ്ഞോയുമല്ല; ബാലൺ ഡി ഓർ വിജയി ഈ താരമാണ്❞

2021 ബാലൺ ഡി ഓർ പുരസ്കാരത്തിനായുള്ള മത്സരം ചൂടുപിടിചിരിക്കുകയാണ്.ഏഴാമത്തെ ബാലൺ ഡി ഓർ പുരസ്കാരം ലക്ഷ്യമിടുന്ന മെസ്സിക്ക് തന്നെയാണ് കൂടുതൽ സാധ്യത കൽപ്പിക്കുന്നത്. ആദ്യമായി ഒരു അന്താരാഷ്ട്ര കിരീടം. ലാലിഗയിലെ ടോപ് സ്കോറർ. ബാഴ്സലോണ വിട്ട് പിഎസ്ജിയിലേക്ക് മാറിയതോടെ ഫുട്ബോൾ ലോകത്തെ സുപ്രധാന ചർച്ചകളിലെ പ്രധാനതാരം എന്നിവയെല്ലാം മെസ്സിയെ മുന്നിലെത്തിച്ചു.ഇറ്റലിയുടെ യൂറോകപ്പ് വിജയത്തിൽ നിർണായക പങ്ക് വഹിച്ച ജോർഗീഞ്ഞോയും വെല്ലുവിളിയായുണ്ട്.എന്നാൽ, ചെൽസിയുടെ ഫ്രഞ്ച് താരം എൻഗോളോ കാൻെറയാണ് ഇത്തവണ പുരസ്കാരത്തിന് അർഹനെന്ന് ഒരേ സ്വരത്തിൽ പറയുകയാണ് സഹതാരം പോൾ പോഗ്ബയും മുൻ ഇംഗ്ലണ്ട് നായകൻ ജോൺ ടെറിയും.

“ചെൽസി ചാമ്പ്യൻസ് ലീഗ് നേടുകയാണെങ്കിൽ കാൻെറ ബാലൺ ദ്യോർ നേടുകയെന്നത് കാവ്യനീതിയായിരിക്കും. അവനത് അർഹിക്കുന്നുണ്ട്,” പോൾ പോഗ്ബ യൂറോ സ്പോർടിനോട് പറഞ്ഞു.കഴിഞ്ഞ സീസണിൽ ചെൽസിയുടെ അവിശ്വസനീയമായ യുവേഫ ചാമ്പ്യൻസ് ലീഗ് കിരീട വിജയത്തിൽ കാന്റെ പ്രധാന പങ്കു വഹിച്ചിരുന്നു. ചെൽസി ചാമ്പ്യൻസ് ലീഗ് ജയിച്ചാൽ കാന്റേ ബാലൺ ഡി ഓർ അർഹിക്കുന്നുവെന്ന് ഫൈനലിന് മുമ്പ് പോൾ പോഗ്ബ പറയുകയും ചെയ്തു.മുൻ ചെൽസി താരം കൂടിയായ ജോൺ ടെറിയും പോഗ്ബയോട് യോജിക്കുന്നു.

“കാൻെറ ടോപ് ക്ലാസ് പ്ലെയറാണ്. അദ്ദേഹം ബാലൺ ദ്യോർ നേടിയാൽ അത് വലിയ സന്തോഷം നൽകുന്ന കാര്യമായിരിക്കും. ഇത്തവണ പുരസ്കാരം അർഹിക്കുന്നത് കാൻെറ തന്നെയാണ്,” ടെറി മറ്റൊരു മാധ്യമത്തോട് പറഞ്ഞു. യൂറോകപ്പിലെ ഫ്രാൻസിൻെറ ദയനീയ പ്രകടനം കാൻെറക്ക് തിരിച്ചടിയാവാൻ സാധ്യതയുണ്ട്. ലയണൽ മെസ്സിയും ജോർജിനോയും പോലുള്ള കളിക്കാർ യഥാക്രമം കോപ്പ അമേരിക്കയിലും യൂറോ ടൂർണമെന്റുകളിലും വിജയിച്ചതിനാൽ ആ താരങ്ങൾക്ക് കൂടുതൽ സാധ്യത കാണുന്നുണ്ട്.

കാന്റെയ്ക്ക് ലയണൽ മെസ്സിയെപ്പോലെ ഗോളുകളോ അസിസ്റ്റുകളോ ഇല്ല.എന്നാൽ ചെൽസി താരം ഈ തലമുറയിലെ മികച്ച മിഡ്ഫീൽഡർമാരിൽ ഒരാളാണെന്ന വസ്തുത നിഷേധിക്കാനാവില്ല. കഠിനമായ ടാക്കിളിംഗിനും മിടുക്കനായ പൊസിഷനിംഗിനും പേരുകേട്ട കാന്റെയുടെ പ്രതിസന്ധി ഘട്ടങ്ങളിലെ പ്രകടനങ്ങൾ ഈ വർഷം ചെൽസിക്ക് നിരവധി മത്സരങ്ങളിൽ തുണയായിട്ടുണ്ട്.ഈ വർഷത്തെ ബാലൺ ഡി ഓർ പുരസ്കാരത്തിനുള്ള ഏറ്റവും വലിയ എതിരാളികൾ ലയണൽ മെസ്സി, ജോർജിനോ, റോബർട്ട് ലെവൻഡോവ്സ്കി എന്നിവർ ആയിരിക്കും.