ബാലൺ ഡി ഓർ 2021 : “സത്യസന്ധമായ വിലയിരുത്തലുമായി ലയണൽ മെസ്സി”

2021 ബാലൺ ഡി ഓർ പുരസ്‌കാരം നേടുന്നവരിൽ മുൻനിരക്കാരിൽ ഒരാളാണ് അര്ജന്റീന സൂപ്പർ താരം ലയണൽ മെസ്സി. നവംബർ 29ന് ഫ്രഞ്ച് തലസ്ഥാനമായ പാരീസിലെ ചാറ്റ്‌ലെറ്റ് തിയേറ്ററിലാണ് അവാർഡ് ദാന ചടങ്ങ്. ഈ തവണയും അവാർഡ് നേടാൻ ഏറ്റവും കൂടുതൽ സാധ്യത കൽപ്പിക്കുന്നത് മെസ്സിക്ക് തന്നെയാണ് .കരിയറിലെ ഏഴാമത്തെ ബാലൺ ഡി ഓർ മെസ്സി നേടുമോ എന്നാണ് എല്ലാവരും ആകാംഷയോടെ കാത്തിരിക്കുന്നത് . എന്നാൽ അഭിമാനകരമായ ഫുട്ബോൾ അവാർഡ് നേടാനുള്ള സാധ്യതയെക്കുറിച്ച് മെസ്സി സത്യസന്ധമായ അഭിപ്രായം പറഞ്ഞു.

“ഞാൻ സത്യസന്ധനാണെങ്കിൽ, ഞാൻ അങ്ങനെ കരുതുന്നില്ല. ദേശീയ ടീമിനൊപ്പം കിരീടം നേടാൻ കഴിഞ്ഞതാണ് എന്റെ ഏറ്റവും വലിയ അവാർഡ്. ആ നേട്ടത്തിനായി ഒരുപാട് പോരാടുകയും ചെയ്തിരുന്നു.ആ കിരീടം ഏറ്റവും മികച്ചതായിരുന്നു. ഗോൾഡൻ ബോൾ വന്നാൽ ഒന്ന് കൂടി ജയിക്കുക എന്നതിന്റെ അർത്ഥം അസാധാരണമായിരിക്കും. ഏഴാമത്തെ അവാർഡ് അതിശയകരമായിരിക്കും ഇല്ലെങ്കിൽ ഒന്നും സംഭവിക്കില്ല” ദ മിറർ പ്രകാരം സ്‌പോർട്ടിനോട് സംസാരിക്കവെ ലയണൽ മെസ്സി പറഞ്ഞു. “എന്റെ മഹത്തായ ലക്ഷ്യങ്ങളിലൊന്ന് ഞാൻ ഇതിനകം നേടിയിട്ടുണ്ട്. സംഭവിച്ചതിൽ ഞാൻ വളരെ സന്തുഷ്ടനാണ്, ഇപ്പോൾ സംഭവിക്കേണ്ടതെല്ലാം സംഭവിക്കുന്നു,” അദ്ദേഹം കൂട്ടിച്ചേർത്തു.

ലയണൽ മെസ്സിയെ കൂടാതെ, ജോർജിൻഹോ ,ബെൻസിമ ,കാന്റെ ക്രിസ്റ്റ്യാനോ റൊണാൾഡോ, കൂടാതെ എഫ്‌സി ബയേൺ മ്യൂണിച്ച് സ്‌ട്രൈക്കർ റോബർട്ട് ലെവൻഡോവ്‌സ്‌കി എന്നിവരും ഈ വർഷത്തെ ബാലൺ ഡി ഓർ നേടിയ ശക്തരായ മത്സരാർത്ഥികളാണ്. 2021-ലെ കോപ്പ അമേരിക്ക ജേതാവ് 2019-ൽ അവാർഡ് നേടിയിരുന്നു. കോവിഡ്-19 പാൻഡെമിക് കാരണം 2020-ൽ അവാർഡുകൾ നൽകാനായില്ല.നിലവിൽ ആറ് തവണയാണ് ലിയോ ബാലൺ ഡി ഓർ പുരസ്‌കാരം നേടിയത് രണ്ടാമതുള്ള ക്രിസ്റ്റ്യാനോ അഞ്ചു തവണയും.

രാജ്യത്തിനും ക്ലബ്ബിനുമായി നടത്തിയ മികച്ച പ്രകടനം ഇത്തവണ മെസിക്ക് ഗുണകരമാകാൻ സാധ്യതയുണ്ട് .2021 കലണ്ടർ വർഷത്തിൽ അർജന്റീന ജേഴ്സിലും ബാഴ്സലോണ ജേഴ്സിയിലുമായി മെസി കളിച്ചത് 38 മത്സരങ്ങൾ.ബാഴ്സലോണയ്ക്കായി 29 കളിയിൽ 28 ഗോളും ഒൻപത് അസിസ്റ്റുകളും,അർജന്റീന ജേഴ്സിയിൽ ഒമ്പത് കളിയിൽ നിന്നായി അഞ്ച് ഗോളും അഞ്ച് അസിസ്റ്റും സ്വന്തമാക്കി കോപ്പയിലെ ഗോൾഡൻ ബൂട്ട്, ടോപ് സ്കോറർ, കൂടുതൽ അസിസ്റ്റ്, കൂടുതൽ പ്രീ അസിസ്റ്റ് എന്നിവയും മെസിക്ക് സ്വന്തം.ലീഗിലും രാജ്യത്തിനുമായി ഈ സീസണിൽ മൊത്തം 33 ഗോൾ നേടി, 14 ഗോളുകൾക്ക് വഴിയൊരുക്കി.ഈ പ്രകടനങ്ങൾ താരത്തിന്റെ സാധ്യത കൂട്ടുന്നു.