ബാഴ്സ മറ്റൊരു സ്വാപ് ഡീലിനൊരുങ്ങുന്നു, കുട്ടീന്യോയെ നൽകി ആഴ്സനൽ താരത്തെ സ്വന്തമാക്കും

ആർതർ-പ്യാനിച്ച് സ്വാപ് ഡീലിനു ശേഷം ബാഴ്സലോണ മറ്റൊരു കൈമാറ്റക്കരാറിന് ഒരുങ്ങുന്നുവെന്ന് റിപ്പോർട്ടുകൾ. ഫൂട്ട് മെർക്കാടോയുടെ റിപ്പോർട്ടുകൾ പ്രകാരം ബ്രസീലിയൻ താരം ഫിലിപ്പെ കുട്ടീന്യോയെ നൽകി ആഴ്സനൽ മധ്യനിര താരം മാറ്റിയോ ഗുൻഡൂസിയെ സ്വന്തമാക്കാനാണ് ബാഴ്സ ഒരുങ്ങുന്നത്. ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ പുരോഗമിച്ചു കൊണ്ടിരിക്കുകയാണെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

ആഴ്സനൽ പരിശീലകൻ അർടേട്ടയുമായി നിലവിൽ അത്ര മികച്ച ബന്ധമല്ല ഫ്രഞ്ച് താരമായ ഗുൻഡൂസിക്കുള്ളത്. ബ്രൈറ്റണെതിരായ പ്രീമിയർ ലീഗ് മത്സരത്തിൽ എതിരാളിയുടെ കഴുത്തിനു പിടിച്ചതിനെ തുടർന്ന് ഗുൻഡൂസിക്കെതിരെ പരിശീലകൻ വിമർശനം നടത്തിയിരുന്നു. അതിനു ശേഷം ആഴ്സനലിനു വേണ്ടി താരം കളത്തിലിറങ്ങിയിട്ടുമില്ല.

അതേ സമയം ബാഴ്സലോണയുടെ ശൈലിയുമായി ഒത്തുപോകാൻ കഴിയാത്ത കുട്ടീന്യോയെ ഒഴിവാക്കാൻ ക്ലബ് നേതൃത്വവും ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. അടുത്ത സീസണിലേക്കു വേണ്ട താരങ്ങളെ സ്വന്തമാക്കാൻ വമ്പൻ പ്രതിഫലം വാങ്ങുന്ന കുട്ടീന്യോയെ ഒഴിവാക്കേണ്ടത് ക്ലബിന് അത്യാവശ്യമാണ്. പ്രീമിയർ ലീഗിലേക്കു തിരിച്ചു പോകാൻ ആഗ്രഹിക്കുന്ന കുട്ടീന്യോക്ക് ചേരുന്ന ഇടം തന്നെയായിരിക്കും ആഴ്സനൽ.

ഇരു ക്ലബുകൾക്കും ഗുണം ചെയ്യുന്ന ഒരു ട്രാൻസ്ഫറാണിതെന്ന കാര്യത്തിൽ സംശയമില്ല. ആർതർ ക്ലബ് വിടുകയും റാകിറ്റിച്ച്, വിദാൽ, ബുസ്ക്വറ്റ്സ് എന്നിങ്ങനെ പ്രായമേറിയ താരങ്ങളുള്ള മധ്യനിരയുമില്ല ബാഴ്സക്ക് 21കാരനായ ഗുൻഡൂസിയെ പോലൊരു താരത്തെ ആവശ്യമാണ്. അതേ സമയം പ്രീമിയർ ലീഗിനെ നന്നായി അറിയുന്ന കുട്ടിന്യോയുടെ വരവ് ആഴ്സനലിന്റെ മുന്നോട്ടു പോക്കിനും ഗുണകരമാകും.

Rate this post