ബാഴ്സയോടുള്ള ആത്മാർത്ഥതയറിയിച്ച് ലൗടാരോ മാർട്ടിനസ്

ഈ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ തന്നെ സ്വന്തമാക്കാനുള്ള ട്രാൻസ്ഫർ തുക കണ്ടെത്താൻ ബാഴ്സക്കു കഴിഞ്ഞില്ലെങ്കിൽ ഒരു വർഷം കൂടി ട്രാൻസ്ഫറിനു വേണ്ടി കാത്തിരിക്കാൻ സന്നദ്ധനാണെന്നറിയിച്ച് ഇന്റർ മിലാൻ താരം ലൗടാരോ മാർട്ടിനസ്. കൊറോണ വൈറസ് കാരണമുണ്ടായ പ്രതിസന്ധി മൂലം അർജൻറീനിയൻ താരത്തിന്റെ ട്രാൻസ്ഫറിനു വേണ്ട തുക കണ്ടെത്താൻ ബാഴ്സലോണ കഷ്ടപ്പെടുന്നതിനിടെയാണ് മാർട്ടിനസ് തീരുമാനമറിയിച്ചത്.

ഇറ്റാലിയൻ മാധ്യമമായ ഗസറ്റ ഡെല്ല സ്പോർട്സ് ആണ് മാർട്ടിനസിന്റെ ഇക്കാര്യത്തിലുള്ള തീരുമാനം പുറത്തു വിട്ടത്. അതിനു പുറമേ പ്രീമിയർ ലീഗ് ക്ലബായ മാഞ്ചസ്റ്റർ സിറ്റിയിൽ നിന്നും വന്ന വാഗ്ദാനം അർജന്റീനിയൻ താരം തള്ളിയെന്നും റിപ്പോർട്ടിൽ പറയുന്നു. ബാഴ്സയിലേക്കു ചേക്കേറുക തന്റെ സ്വപ്നമായാണ് മാർട്ടിനസ് കരുതുന്നത്.

ബാഴ്സയുടെ പ്രതിസന്ധി മുതലെടുത്താണ് മാർട്ടിനസിനു വേണ്ടിയുള്ള ചരടുവലികൾ സിറ്റി ആരംഭിച്ചത്. ചാമ്പ്യൻസ് ലീഗിൽ നിന്നുമുള്ള വിലക്കു മാറിയതോടെ നിരവധി താരങ്ങളെ സിറ്റി ലക്ഷ്യം വച്ചു തുടങ്ങിയിട്ടുണ്ട്. പ്രായമേറിയ അഗ്യൂറോക്കു പകരക്കാരനായാണ് സിറ്റി അർജൻറീനിയൻ സ്ട്രൈക്കർക്കു വേണ്ടിയുള്ള ശ്രമങ്ങൾ ആരംഭിച്ചത്.

അതേ സമയം മാർട്ടിനസിന്റെ തീരുമാനം ഇതാണെങ്കിലും അടുത്ത സീസണു മുൻപു തന്നെ താരത്തെ സ്വന്തമാക്കാനായിരിക്കും ബാഴ്സയുടെ ശ്രമം. സുവാരസിനു ഫോം നഷ്ടമായതോടെ ഒരു സ്ട്രൈക്കർ ടീമിന് അത്യാവശ്യമാണ്. എന്നാൽ അതിന് ഏതെങ്കിലുമൊരു പ്രധാന താരത്തെ ഒഴിവാക്കണമെന്നതാണ് ബാഴ്സ ഇപ്പോൾ നേരിടുന്ന വെല്ലുവിളി.

Rate this post