അർജന്റീനയുടെ വിഖ്യാത പരിശീലകനെ പ്രീമിയർ ലീഗിലേക്കു സ്വാഗതം ചെയ്ത് ഗാർഡിയോള

പതിനാറു വർഷങ്ങൾക്കു ശേഷം ലീഡ്സ് യുണൈറ്റഡ് ഇംഗ്ലീഷ് പ്രീമിയർ ലീഗിലേക്കു തിരിച്ചെത്തിയതോടെ നിരവധി ഇതിഹാസ പരിശീലകരുടെ അരങ്ങായി അവിടം മാറുകയാണ്. ലോകഫുട്ബോളിന്റെ അമരത്തിരുന്നിട്ടുള്ള പെപ് ഗാർഡിയോള, കാർലോ ആൻസലോട്ടി, ജോസെ മൊറീന്യോ, യർഗൻ ക്ളോപ്പ് എന്നിവർക്കൊപ്പം ആധുനിക ഫുട്ബോളിലെ എല്ലാ പരിശീലകരെയും സ്വാധീനിച്ചിട്ടുള്ള അർജൻറീനിയൻ പരിശീലകനായ മാഴ്സലോ ബിയൽസെ കൂടി പ്രീമിയർ ലീഗിലേക്കെത്തുകയാണ്.

ലോകത്തിലെ ഏറ്റവും മികച്ച പരിശീലകനെന്ന് പെപ് ഗാർഡിയോള വാഴ്ത്തിയിട്ടുള്ള ബിയൽസയുടെ പ്രീമിയർ ലീഗിലേക്കുള്ള വരവിനെ ഹാർദ്ദവമായാണ് സിറ്റി പരിശീലകൻ സ്വാഗതം ചെയ്യുന്നത്. “ഇംഗ്ലീഷ് ഫുട്ബോളിൽ അടുത്ത സീസൺ മുതൽ അദ്ദേഹം ഉണ്ടാകുമെന്നതും അദ്ദേഹത്തിൽ നിന്നും നിരവധി കാര്യങ്ങൾ പഠിക്കാൻ കഴിയുമെന്നതും വലിയ നേട്ടം തന്നെയാണ്.”

“അദ്ദേഹത്തെ കാണാനും സംസാരിക്കാനും കഴിഞ്ഞതിൽ ഞാൻ ഭാഗ്യവാനാണ്. വളരെ സത്യസന്ധമായി തന്റെ ജോലി ചെയ്യുന്ന ബിയൽസയുടെ ശൈലി മറ്റൊരു പരിശീലകനും ആനുകരിക്കാൻ കഴിയാത്തതാണ്. അതു തന്നെയാണ് അദ്ദേഹത്തെ ഏറ്റവും മികച്ച പരിശീലകനായി നിലനിർത്തുന്നതും.” ഗാർഡിയോള പറഞ്ഞു.

കഴിഞ്ഞ വർഷം പ്രീമിയർ ലീഗ് യോഗ്യത നേരിയ വ്യത്യാസത്തിൽ നഷ്ടപ്പെട്ട ബിയൽസയുടെ ലീഡ്സ് ഇത്തവണ രണ്ടാം ഡിവിഷൻ കിരീടം നേടിയാണ് പ്രീമിയർ ലീഗിലെത്തിയത്. ചാമ്പ്യൻസ് ലീഗ് യോഗ്യതയാണ് തങ്ങളുടെ ലക്ഷ്യമെന്ന് ലീഡ്സ് മേധാവി വ്യക്തമാക്കിക്കഴിഞ്ഞു. 1998 മുതൽ 2004 വരെ അർജന്റീനയെ പരിശീലിപ്പിച്ച ബിയൽസക്ക് അതിനു കഴിയുമെന്നു തന്നെയാണ് ആരാധകരും വിശ്വസിക്കുന്നത്.

Rate this post