ബാഴ്സ താരത്തെ ഒഴിവാക്കി, പകരം റയൽ മാഡ്രിഡ്‌ താരത്തെ സ്പാനിഷ് ടീമിലേക്ക് തിരിച്ചു വിളിച്ച് എൻറിക്വേ.

ഈ വരുന്ന യുവേഫ നേഷൻസ് ലീഗിനും സൗഹൃദമത്സരത്തിനുമുള്ള സ്പെയിൻ ടീമിനെ നേരത്തെ തന്നെ പരിശീലകൻ ലൂയിസ് എൻറിക്വ പ്രഖ്യാപിച്ചിരുന്നു. ഈ മാസം പന്ത്രണ്ടാം തിയ്യതി ഹോളണ്ടിനെതിരെ സൗഹൃദമത്സരം കളിക്കുന്ന സ്പെയിൻ പിന്നീട് നേഷൻസ് ലീഗിൽ നവംബർ പതിനഞ്ചിന് സ്വിറ്റ്സർലാന്റിനെതിരെയും പതിനെട്ടിന് ജർമ്മനിക്കെതിരെയുമാണ് പന്തുതട്ടുന്നത്.

എന്നാൽ ഈ മത്സരങ്ങൾക്കുള്ള സ്‌ക്വാഡിൽ നിന്നും ബാഴ്സയുടെ യുവപ്രതിഭ അൻസു ഫാറ്റിയെ ഒഴിവാക്കിയിരിക്കുകയാണിപ്പോൾ ലൂയിസ് എൻറിക്വേ. കഴിഞ്ഞ റയൽ ബെറ്റിസിനെതിരെയുള്ള മത്സരത്തിലായിരുന്നു താരത്തിന് പരിക്കേറ്റത്. തുടർന്ന് നടത്തിയ ഫാറ്റിയുടെ കാൽമുട്ടിന് ഗുരുതരമായി പരിക്കേറ്റിരുന്നതായി ബാഴ്സ സ്ഥിരീകരിച്ചിരുന്നു. എത്രകാലം പുറത്തിരിക്കേണ്ടി വരുമെന്ന് വ്യക്തമല്ലെങ്കിലും താരം ദീർഘകാലം പുറത്തിരിക്കേണ്ടി വരുമെന്ന് വ്യക്തമാണ്.

ഫാറ്റിക്ക്‌ പകരമായി പരിശീലകൻ ടീമിൽ ഉൾപ്പെടുത്തിയിരിക്കുന്നത് റയൽ മാഡ്രിഡ്‌ താരം മാർക്കോ അസെൻസിയോയെയാണ്. താരവും കഴിഞ്ഞ സീസണിൽ പരിക്കേറ്റ് പുറത്തായിരുന്നു. ഏകദേശം ഒരു വർഷത്തോളമായിരുന്നു അസെൻസിയോ കളത്തിന് പുറത്തിരുന്നത്. ഈ സീസണിൽ താരം റയലിന് വേണ്ടി കളിച്ചു തുടങ്ങിയിരുന്നു. അഞ്ച് മത്സരങ്ങൾ ഈ സീസണിൽ കളിച്ച താരം ഇതുവരെ ഒരു ഗോളോ അസിസ്റ്റോ നേടിയിട്ടില്ല.

സ്പെയിനിന് വേണ്ടി ഇരുപത്തിനാലു മത്സരങ്ങൾ കളിച്ച താരമാണ് അസെൻസിയോ. ഒരു ഗോളും നേടിയിട്ടുണ്ട്. 2014-ലായിരുന്നു താരം റയലിൽ ചേർന്നത്. റയലിനോടൊപ്പം നിരവധി കിരീടങ്ങൾ നേടിയ താരം 2015-ൽ സ്പെയിനിനൊപ്പം അണ്ടർ 19 യൂറോപ്യൻ ചാമ്പ്യൻഷിപ് കിരീടം നേടിയിട്ടുണ്ട്.