നൽകാൻ വിശദീകരണങ്ങളില്ല, റയലിന്റെ നാണംകെട്ട തോൽവിയുടെ ഉത്തരവാദിത്വമേറ്റെടുത്ത് സിദാൻ

വലൻസിയക്കെതിരെ റയൽ മാഡ്രിഡ് കനത്ത തോൽവിയേറ്റു വാങ്ങിയ മത്സരത്തിൽ ടീമിന്റെ മോശം പ്രകടനത്തിന്റെ ഉത്തരവാദിത്വമേറ്റെടുത്ത് പരിശീലകൻ സിനദിൻ സിദാൻ. മത്സരത്തിൽ ഒന്നിനെതിരെ നാലു ഗോളുകൾക്കു പരാജയപ്പെട്ടതിനു യാതൊരു ന്യായീകരണവും തനിക്കു നൽകാനില്ലെന്നാണ് സിദാൻ മത്സരശേഷം പ്രതികരിച്ചത്. തോൽവിയോടെ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന റയൽ മാഡ്രിഡ് പോയിന്റ് ടേബിളിൽ നാലാം സ്ഥാനത്തേക്കു വീണിരുന്നു.

” റയൽ മാഡ്രിഡ് മത്സരം തുടങ്ങിയത് നല്ല രീതിയിലായിരുന്നു. ഞങ്ങൾ ആദ്യഗോൾ വഴങ്ങിയതിനു ശേഷം മത്സരത്തിന്റെ ഗതി തന്നെ മാറി. പിന്നീടെല്ലാം ഞങ്ങൾക്ക് എതിരായിരുന്നു. മൂന്നു പെനാൽട്ടികളും ഒരു സെൽഫ് ഗോളും. മനസിലാക്കാൻ വളരെ പ്രയാസമുള്ള കാര്യമാണത്.” മത്സരശേഷം സിദാൻ പറഞ്ഞു.

“ആദ്യഗോൾ വഴങ്ങിയതിനു ശേഷം പിന്നീട് റയലിന്റെ പ്രകടനം മോശമായി. അത്രനേരം നന്നായി കളിച്ചിരുന്നത് അതോടെ അവസാനിച്ചു. അതു മനസിലാക്കാൻ ബുദ്ധിമുട്ടാണ്.”

”ഞങ്ങളുടെ പ്രതിരോധത്തിന് യാതൊരു ഒഴികഴിവും പറയാനില്ല. വലൻസിയ ഞങ്ങളേക്കാൾ മികച്ചു നിന്നുവെന്നും ഞാൻ കരുതുന്നില്ല. എന്തായാലും തോൽവിയുടെ ഉത്തരവാദിത്വം എനിക്കു തന്നെയാണ്. ഞാൻ തന്നെയാണ് പരിഹാരങ്ങൾ കാണേണ്ടിയിരുന്നത്.” സിദാൻ പറഞ്ഞു.

ബെൻസിമ മത്സരത്തിലെ ആദ്യ ഗോൾ നേടിയതിനു ശേഷമാണ് റയൽ നാലു ഗോളുകളും വഴങ്ങിയത്. റയൽ പ്രതിരോധ താരങ്ങളായ റാമോസ്, വാസ്ക്വസ്, മാഴ്സലോ എന്നിവർ പെനാൽട്ടി വഴങ്ങിയപ്പോൾ മറ്റൊരു പ്രതിരോധ താരമായ റാഫേൽ വരാൻ സെൽഫ് ഗോൾ നേടുകയും ചെയ്തു.