കെവിൻ ഡി ബ്രൂയ്നെ നിഷ്പ്രഭമാക്കിയ സ്‌കില്ലുമായി ബാഴ്‌സലോണയുടെ മൂന്നാം നമ്പർ കീപ്പർ

ബാഴ്‌സലോണയും മാഞ്ചസ്റ്റർ സിറ്റിയും തമ്മിൽ ഇന്നലെ നടന്ന ചാരിറ്റി സൗഹൃദ മത്സരം ആരാധകർക്ക് മികച്ചൊരു വിരുന്നാണ് സമ്മാനിച്ചത്. രണ്ടു ടീമുകളും മികച്ച കളിയും പോരാട്ടവീര്യവും കാഴ്‌ച വെച്ച മത്സരം ഇരുടീമുകളും മൂന്നു വീതം ഗോളുകൾ നേടി സമനിലയിൽ അവസാനിക്കുകയായിരുന്നു. മത്സരത്തിലുടനീളം ആരാധകർക്ക് ഓർത്തിരിക്കാൻ കഴിയുന്ന നിരവധി മുഹൂർത്തങ്ങളുമുണ്ടായി. അതിൽ ബാഴ്‌സയുടെ മൂന്നാം നമ്പർ ഗോൾകീപ്പറായ അർനൗ ടെനസ് മാഞ്ചസ്റ്റർ സിറ്റി സൂപ്പർതാരം കെവിൻ ഡി ബ്രൂയ്നെ നിഷ്പ്രഭമാക്കി നടത്തിയ ഒരു സ്‌കിൽ സോഷ്യൽ മീഡിയയിൽ ചർച്ചയാവുകയാണ്.

മത്സരത്തിന്റെ ആദ്യ ഇലവനിൽ ഈ രണ്ടു താരങ്ങളും ഇടം പിടിച്ചിട്ടില്ലായിരുന്നു. ആദ്യ പകുതിക്കു ശേഷം അറുപത്തിനാലാം മിനുട്ടിലാണ് ടീമിന്റെ ആക്രമണം ശക്തിപ്പെടുത്താൻ കെവിൻ ഡി ബ്രൂയ്ൻ ഇറങ്ങിയത്. അതേസമയം മാർക് ആന്ദ്രേ ടെർ സ്റ്റീഗനു പകരം ഇനാകി പെന ബാഴ്‌സലോണയുടെ ഗോൾവല കാത്ത മത്സരത്തിൽ എൺപത്തിയൊന്നാം മിനുട്ടിലാണ് ആർണൗ ടെനസ് കളിക്കളത്തിൽ ഇറങ്ങുന്നത്. ഇറങ്ങി മൂന്നു മിനിറ്റിനകം തന്നെ മാഞ്ചസ്റ്റർ സിറ്റിയുടെ ഏറ്റവും പ്രധാനപ്പെട്ട താരമായ കെവിൻ ഡി ബ്രൂയ്നെ നിഷ്പ്രഭമാക്കിയ സ്‌കിൽ ഇരുപത്തിയൊന്നുകാരനായ താരം കാഴ്‌ച വെക്കുകയും ചെയ്‌തു.

എൺപത്തിനാലാം മിനുട്ടിലാണ് സംഭവം നടക്കുന്നത്. മാഞ്ചസ്റ്റർ സിറ്റിയുടെ കടുത്ത പ്രെസിങ്ങും മാൻ മാർക്കിങ്ങും ബാഴ്‌സലോണയുടെ പാസിംഗ് ഗെയിമിനെ മത്സരത്തിൽ ഉടനീളം ബാധിച്ചിരുന്നു. സമാനമായൊരു സന്ദർഭത്തിൽ പിൻനിരയിൽ പാസുകൾ നടത്തി ആക്രമണത്തിന് സ്‌പേസുകൾ കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു ബാഴ്‌സലോണ. ഇതിനിടയിൽ ടെനസിന്റെ കാലിലെത്തിയ പന്ത് തട്ടിയെടുക്കാൻ കെവിൻ ഡി ബ്രൂയ്ൻ ശ്രമിക്കുന്നതിനിടയിലാണ് മികച്ചൊരു ഡ്രിബ്ലിങ്ങിലൂടെ ബാഴ്‌സലോണ ഗോൾകീപ്പർ അതിനെ മറികടന്നത്. ഒരു നട്ട്മെഗിന് തുല്യമായ നീക്കം തന്നെയാണ് ടെനസ് നടത്തിയതെന്നതിൽ സംശയമില്ല.

ബാഴ്‌സലോണയുടെ മൈതാനമായ ക്യാമ്പ് നൂവിൽ വെച്ചു നടന്ന മത്സരത്തിൽ ക്ലബിന്റെ മൂന്നാം നമ്പർ കീപ്പർ മാഞ്ചസ്റ്റർ സിറ്റിയുടെ ഏറ്റവും പ്രധാനപ്പെട്ട താരത്തെ ഒന്നുമല്ലാതാക്കിയ സ്‌കിൽ കാഴ്‌ച വെച്ചതിന്റെ വലിയ ആവേശത്തോടെയാണ് ആരാധകർ സ്വീകരിച്ചത്. ആ സമയത്ത് ബാഴ്‌സലോണ 3-2 എന്ന സ്കോറിന് മുന്നിൽ നിൽക്കുകയായിരുന്നു എങ്കിലും പിന്നീട് ഹാലൻഡിനെ ബോക്‌സിൽ വീഴ്ത്തിയതിനു ലഭിച്ച പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് റിയാദ് മെഹ്‌റസ് മാഞ്ചസ്റ്റർ സിറ്റിക്ക് സമനില നേടിക്കൊടുത്തു.

Rate this post