“ജീവിതത്തിൽ കണ്ട ഏറ്റവും നാണം കെട്ട ഡൈവ്”- ബാഴ്‌സലോണയ്ക്ക് വിജയം നിഷേധിച്ച ഹാലൻഡിനെതിരെ ആരാധകർ

ബാഴ്‌സലോണയും മാഞ്ചസ്റ്റർ സിറ്റിയും തമ്മിൽ കഴിഞ്ഞ ദിവസം നടന്ന ചാരിറ്റി സൗഹൃദ മത്സരം വളരെയധികം ആവേശം നിറഞ്ഞൊരു പോരാട്ടമായിരുന്നു. പെപ് ഗ്വാർഡിയോളയും അദ്ദേഹത്തിന് കീഴിൽ നിരവധി കിരീടങ്ങൾ സ്വന്തമാക്കിയിട്ടുള്ള സാവിയും നേർക്കുനേർ ആദ്യമായി വന്നപ്പോൾ രണ്ടു ടീമുകളും മൂന്നു ഗോൾ നേടി മത്സരം സമനിലയിൽ അവസാനിക്കുകയായിരുന്നു. ആദ്യം മാഞ്ചസ്റ്റർ സിറ്റി മുന്നിലെത്തിയ മത്സരത്തിൽ പിന്നീട് ബാഴ്‌സലോണ വിജയം നേടിയതിന്റെ വക്കിൽ എത്തിയെങ്കിലും ഇഞ്ചുറി ടൈമിലെ പെനാൽറ്റിയാണ് സമനില നേടിയെടുക്കാൻ മാഞ്ചസ്റ്റർ സിറ്റിയെ സഹായിച്ചത്.

കഴിഞ്ഞ സീസണിലെ ചാമ്പ്യൻസ് ലീഗ് സെമി ഫൈനലിസ്റ്റുകളും പ്രീമിയർ ലീഗ് ജേതാക്കളുമായ മാഞ്ചസ്റ്റർ സിറ്റി ബാഴ്‌സലോണയോടുള്ള തോൽ‌വിയിൽ നിന്നും രക്ഷപ്പെട്ടെങ്കിലും അതിനു കാരണമായ അവസാന മിനുട്ടിൽ പെനാൽറ്റി നേടിയെടുത്ത നോർവീജിയൻ സ്‌ട്രൈക്കർ എർലിങ് ബ്രൂട്ട് ഹാലൻഡ് ആരാധകരുടെ കടുത്ത വിമർശനമാണ് ഇപ്പോൾ ഏറ്റു വാങ്ങിക്കൊണ്ടിരിക്കുന്നത്. ഇഞ്ചുറി ടൈമിൽ ഹാലൻഡ് ബോക്‌സിനുള്ളിൽ വീണപ്പോൾ റഫറി പെനാൽറ്റി സ്പോട്ടിലേക്ക് വിരൽ ചൂണ്ടിയെങ്കിലും താരം ഡൈവ് ചെയ്‌താണ്‌ ആ പെനാൽറ്റി നേടിയെടുത്തതെന്നാണ് ആരാധകരുടെ വിമർശനം ഉയരാനുള്ള പ്രധാന കാരണം.

മാഞ്ചസ്റ്റർ സിറ്റി താരത്തിനേറ്റ പരിക്കു മൂലം സമയം നഷ്‌ടമായതിനാൽ പതിനൊന്നു മിനുട്ടാണ് റഫറി ഇഞ്ചുറി ടൈം നൽകിയത്. ഇതിന്റെ ഏഴാം മിനുട്ടിൽ ബോക്‌സിനുള്ളിൽ വെച്ച് ഹാലൻഡ് പന്തുമായി നീങ്ങുമ്പോൾ ആന്ദ്രെസ് ക്രിസ്റ്റൻസെൻ താരത്തെ ഫൗൾ ചെയ്തതിനാണ് റഫറി പെനാൽറ്റി നൽകിയത്. എന്നാൽ വീഡിയോ ദൃശ്യങ്ങളിൽ ക്രിസ്റ്റിൻസെൻ ഹാലൻഡിനെ ഫൗൾ ചെയ്‌തിട്ടില്ലെന്ന് വ്യക്തമായിരുന്നു. ഹാലാൻഡ് നടത്തിയ ഡൈവിന് താരത്തിന് ഒരു സ്വർണമെഡൽ നൽകണമെന്നും, ജീവിതത്തിൽ കണ്ടതിൽ വെച്ച് ഏറ്റവും നാണംകെട്ട ഡൈവാണതെന്നെല്ലാമാണ് ആരാധകർ ട്വിറ്ററിൽ അതിനോട് പ്രതികരിച്ചത്.

മുൻ ബാഴ്‌സലോണ ഗോൾകീപ്പറും സഹപരിശീലകനുമായിരുന്ന യുവാൻ കാർലോസ് ഉൻസുവിന് മുൻപ് ബാധിച്ച രോഗമായ എഎൽഎസിനെ കുറിച്ച് അവബോധം വളർത്താനും അതിന്റെ ചികിത്സക്കുമായാണ് ബാഴ്‌സലോണയും മാഞ്ചസ്റ്റർ സിറ്റിയും തമ്മിലുള്ള സൗഹൃദമത്സരം സംഘടിപ്പിച്ചത്. ബാഴ്‌സലോണക്കു വേണ്ടി ഒബാമയാങ്, ഡി ജോംഗ്, ഡീപേയ് എന്നിവർ ഗോളുകൾ നേടിയപ്പോൾ മാഞ്ചസ്റ്റർ സിറ്റിയുടെ ഗോളുകൾ ജൂലിയൻ അൽവാരസ്, കോൾ പാൽമർ, റിയാദ് മഹ്റേസ് എന്നിവരാണ് സ്വന്തമാക്കിയത്.

Rate this post