ബാഴ്സക്ക് ചാമ്പ്യൻസ് ലീഗ് നേടാൻ ശേഷിയില്ല എന്നുള്ളത് ശരിയായ കാര്യം, ഒടുവിൽ തുറന്നു പറച്ചിലുമായി പിക്വേ.

കഴിഞ്ഞ ദിവസം നടന്ന ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ എഫ്സി ബാഴ്‌സലോണ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ഡൈനാമോ കീവിനെ തറപ്പറ്റിച്ചിരുന്നു. മത്സരത്തിൽ ബാഴ്‌സയുടെ രണ്ടാം ഗോൾ നേടിയത് ജെറാർഡ് പിക്വയായിരുന്നു. ജയത്തോടെ ചാമ്പ്യൻസ് ലീഗിലെ മൂന്ന് മത്സരങ്ങളിൽ മൂന്നിലും വിജയിക്കാൻ ബാഴ്‌സക്ക് കഴിഞ്ഞിരുന്നു.

എന്നാൽ മത്സരത്തിന് മുമ്പ് ഡൈനാമോ കീവ് പരിശീലകൻ ലൂചെസ്‌ക്കു ബാഴ്‌സയെ വില കുറച്ചു കാണുന്ന രീതിയിൽ ഉള്ള പ്രസ്താവന നടത്തിയിരുന്നു. ഈ ചാമ്പ്യൻസ് ലീഗ് കിരീടം നേടാനുള്ള ശേഷിയൊന്നും ബാഴ്‌സക്കില്ല എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. നല്ല താരങ്ങൾ ഉണ്ടെങ്കിലും അവരെ എങ്ങനെ ഉപയോഗിക്കണമെന്ന് ബാഴ്സക്കറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മാഞ്ചസ്റ്റർ സിറ്റി, പിഎസ്ജി, ബയേൺ മ്യൂണിക്ക് എന്നീ ക്ലബുകളാണ് ഇത്തവണ കിരീടം ചൂടാൻ സാധ്യതയെന്നും ലൂചെസ്ക്കു പറഞ്ഞിരുന്നു.

എന്നാൽ അദ്ദേഹത്തിന്റെ പ്രസ്താവനയോട് യോജിപ്പ് പ്രകടിപ്പിച്ചിരിക്കുകയാണ് ബാഴ്‌സ ഡിഫൻഡർ പിക്വേ. ചാമ്പ്യൻസ് ലീഗ് നേടാൻ ബാഴ്‌സക്ക് കഴിയില്ലെന്നുള്ളത് സാധാരണ കാര്യമാണ് എന്നാണ് പിക്വേ പറഞ്ഞത്. ഈ കഴിഞ്ഞ പോയ വർഷങ്ങളിൽ ബാഴ്‌സയുടെ പ്രകടനം മോശമായെന്നും അദ്ദേഹം തുറന്നു പറഞ്ഞു. താരത്തിന്റെ വാക്കുകൾ റിപ്പോർട്ട്‌ ചെയ്തത് സ്പാനിഷ് മാധ്യമമായ ഡയാറിയോ എഎസ് ആണ്.ലൂചെസ്ക്കു അങ്ങനെ പറയാൻ കാരണം ബാഴ്‌സയുടെ സമീപവർഷത്തെ പ്രകടനമാണ് എന്നാണ് പിക്വയുടെ പക്ഷം.

” ചാമ്പ്യൻസ് ലീഗ് കിരീടം നേടാൻ സാധ്യതയില്ലാത്ത ക്ലബാണ് ഞങ്ങൾ എന്നുള്ളത് ഒരു സാധാരണകാര്യംമാണ്. ഈ കഴിഞ്ഞ വർഷങ്ങളിൽ ഞങ്ങൾ അങ്ങനെ തന്നെയായിരുന്നു. ഞങ്ങൾക്ക് കഠിനാദ്ധ്യാനം ചെയ്താൽ മാത്രമേ മികച്ച റിസൾട്ടുകൾ ലഭിക്കുകയൊള്ളൂ എന്നറിയാം. ഈ വർഷം എളുപ്പമാവുമെന്നൊന്നും ഞാൻ കരുതുന്നില്ല. പക്ഷെ മഹത്തായ ഒരുപാട് കാര്യങ്ങൾ ചെയ്തു തീർക്കാൻ ഞങ്ങൾക്ക് കഴിയും എന്ന ആത്മവിശ്വാസം ഞങ്ങൾക്കുണ്ട്. ഇത് നവംബറേ ആയിട്ടുള്ളൂ. മികച്ച റിസൾട്ടുകൾ ഇനി വരും. ഞങ്ങൾ മാറ്റത്തിന്റെ പാതയിലാണ് എന്ന കാര്യം എനിക്ക് ബോധ്യപ്പെട്ടിട്ടുണ്ട്. ഞങ്ങൾക്ക് ഒരുപാട് യുവതാരങ്ങളുണ്ട്. അവർക്ക് മാറ്റങ്ങൾ സൃഷ്ടിക്കാനാവും. പക്ഷെ അതിന് സമയം ആവിശ്യമാണ് ” പിക്വ പറഞ്ഞു.