ബാഴ്‌സ-റയൽ എന്നിവരുടെ നായകൻമാർ ക്ലബ്ബിനെ കൈവിടുമോ? അടുത്ത വർഷം ഫ്രീ ഏജന്റ് ആവുന്ന ചില താരങ്ങൾ ഇവരൊക്കെ.

ഈ സീസൺ കഴിയുന്നതോട് കൂടി കരാർ അവസാനിക്കുകയും അതുവഴി ഫ്രീ ഏജന്റ് ആവുകയും ചെയ്യുന്ന രണ്ട് പ്രധാനപ്പെട്ട താരങ്ങളാണ് ലയണൽ മെസ്സിയും സെർജിയോ റാമോസും. ലാലിഗയിലെ ചിരവൈരികളായ റയലിനെ റാമോസ് നയിക്കുമ്പോൾ ബാഴ്‌സയെ മെസ്സിയാണ് നയിക്കുന്നത്. എന്നാൽ അടുത്ത സീസണിൽ ഇവർ ഇരുവരും തങ്ങളുടെ ക്ലാബുകളോടൊപ്പമുണ്ടാവുമെന്ന് ഒരുറപ്പും പറയാൻ സാധിക്കില്ല. എന്തെന്നാൽ ഇരുവരുടെയും കരാർ പുതുക്കിയിട്ടില്ല എന്നത് തന്നെ.

റാമോസിന്റെ കരാർ പുതുക്കാൻ സാധ്യതയുണ്ട് എന്നാണ് വാർത്തകൾ. റയൽ മാഡ്രിഡ്‌ ഉടനെ തന്നെ താരത്തിനെ ഒരു ഓഫറുമായി സമീപിച്ചേക്കും. പക്ഷെ ഇതുവരെ റയൽ മാഡ്രിഡിന്റെ ഭാഗത്തു നിന്നും അത്തരത്തിലുള്ള ഒരു നീക്കവും ഉണ്ടായിട്ടില്ല. അതിന് കാരണമായി പറയപ്പെടുന്നത് ഒരു വർഷത്തേക്കാണോ അതോ രണ്ട് വർഷത്തേക്കാണോ താരത്തിന്റെ കരാർ പുതുക്കേണ്ടത് എന്ന കാര്യത്തിൽ ഇപ്പോഴും അനിശ്ചിതത്വം തുടരുകയാണ് എന്നാണ്. ഏതായാലും റാമോസ് റയൽ വിടുമെന്ന് ആരും കരുതുന്നില്ല.

പക്ഷെ മെസ്സിയുടെ കാര്യം അങ്ങനെയല്ല. ഈ കഴിഞ്ഞ ട്രാൻസ്ഫർ ജാലകത്തിൽ ബാഴ്സ വിടാൻ ശ്രമിക്കുകയും സാധ്യമാവാതെ വന്നപ്പോൾ ബാഴ്‌സയിൽ തുടരുകയും ചെയ്ത താരമാണ് മെസ്സി. താരം ഇപ്പോഴും ബാഴ്സയിൽ തൃപ്തനല്ല എന്ന് വ്യക്തമാണ്. പിന്നാലെ മാഞ്ചസ്റ്റർ സിറ്റിയുമുണ്ട്. ഏതായാലും മെസ്സിക്കും റാമോസിനും ക്ലബ് വിടണമെന്ന് തോന്നിയാൽ കാര്യങ്ങൾ എളുപ്പമാണ്. ഈ ജനുവരി ട്രാൻസ്ഫറിൽ തങ്ങൾക്കിഷ്ടപ്പെട്ട ക്ലബുമായി പ്രീ കോൺട്രാക്റ്ററിൽ എത്താം. അടുത്ത സീസണിൽ ആ ക്ലബ്ബിനായി കളിക്കുകയും ചെയ്യാം.

അടുത്ത വർഷത്തോടെ ഫ്രീ ഏജന്റ് ആവുന്ന മറ്റൊരു താരമാണ് ബാഴ്‌സയുടെ റിക്കി പുജ്‌. താരത്തെ ബാഴ്സ കൈവിടില്ല എന്നാണ് ആരാധകർ കരുതുന്നത്. റയൽ മാഡ്രിഡ്‌ സൂപ്പർ താരം ലുക്കാ മോഡ്രിച്, അത്ലെറ്റിക്കോ മാഡ്രിഡ്‌ സ്‌ട്രൈക്കർ ഡിയഗോ കോസ്റ്റ എന്നിവരും ഫ്രീ ഏജന്റ് ആവാനുള്ള ഒരുക്കത്തിലാണ്. ബയേൺ സൂപ്പർ താരം ഡേവിഡ് അലാബ ഫ്രീ ഏജന്റ് ആവുമെന്ന് ഉറപ്പായിരിക്കുകയാണ്. നിരവധി ക്ലബുകളാണ് താരത്തിന് വേണ്ടി രംഗത്തുള്ളത്.