കൂമാന്റെ തീരുമാനത്തിൽ പതറാതെ റിക്വി പ്യുജ്, എന്ത് ചെയ്യണമെന്ന് തീരുമാനിച്ച് യുവതാരം.

കഴിഞ്ഞ എൽചെക്കെതിരെയുള്ള മത്സരത്തിനുള്ള സ്‌ക്വാഡിൽ ഇടം നേടാൻ യുവസൂപ്പർ താരം റിക്വി പ്യുജിന് ഇടം നേടാൻ സാധിച്ചിരുന്നില്ല. താരത്തെ മനഃപൂർവം പരിശീലകൻ റൊണാൾഡ് കൂമാൻ സ്ക്വാഡിൽ നിന്നും ഒഴിവാക്കുകയായിരുന്നു. തുടർന്ന് നിരവധി കിംവദന്തികളാണ് ഇതിനെ തുടർന്ന് പടർന്നത്. താരത്തോട് കൂമാൻ തനിക്ക് ആവിശ്യമില്ലെന്നും ബാഴ്‌സ വിടാൻ കല്പിച്ചെന്നുമായിരുന്നു വാർത്തകൾ. ഇതോടെ ആരാധകർ ബാഴ്സക്കെതിരെ തിരിഞ്ഞിരുന്നു.

എന്നാൽ ഈ കാര്യത്തിൽ കൂമാൻ തന്നെ വ്യക്തത കൈവരുത്തിയിരുന്നു. പ്യുജിനോട് ക്ലബ് വിടാൻ താൻ ആവിശ്യപ്പെട്ടിട്ടില്ലെന്ന് കൂമാൻ തുറന്നു പറഞ്ഞിരുന്നു. മറിച്ച് താരത്തിന്റെ പൊസിഷനിൽ ഒരുപാട് താരങ്ങൾ ഇപ്പോൾ ബാഴ്സയിൽ ഉണ്ടെന്നും അതിനാൽ തന്നെ അവസരങ്ങൾ കുറവായിരിക്കുമെന്നാണ് താൻ പറഞ്ഞതെന്നും കൂമാൻ അറിയിച്ചിരുന്നു. അതിനാൽ തന്നെ ലോണിൽ പോകുന്നത് ആയിരിക്കും താരത്തിന് നല്ലത് എന്നായിരുന്നു കൂമാന്റെ അഭിപ്രായം. പ്രസിഡന്റ്‌ ബർതോമ്യുവും ഇതിനോട് യോജിക്കുകയാണ് ചെയ്തത്.

എന്നാൽ കൂമാന്റെ ഈ തീരുമാനത്തിൽ അടിപതറാതെ നിൽക്കുകയാണ് റിക്വി പ്യുജ്. ബാഴ്‌സയിൽ തുടരാൻ തന്നെയാണ് ഈ യുവപ്രതിഭയുടെ തീരുമാനം. കൂമാന്റെ കീഴിൽ സ്ഥാനത്തിന് വേണ്ടി പൊരുതുക എന്നാണ് താരത്തിന്റെ തീരുമാനം. താരം പ്രകടനം മെച്ചപ്പെടുത്താനും ഇലവനിൽ സ്ഥാനം നേടാനുമാണ് പ്യുജ് തീരുമാനിച്ചിരിക്കുന്നത്. ബാഴ്‌സ തന്നെ തുടരാനും ഭാവിയിൽ നിർണായകമായ താരമാവാനും കഴിയുമെന്നാണ് താരത്തിന്റെ വിശ്വാസം. പക്ഷെ ഡിജോങ്, ബുസ്ക്കെറ്റ്സ്, പ്യാനിക്ക്, എന്നിവരുടെ ഇടയിൽ താരത്തിന് എത്രത്തോളം അവസരങ്ങൾ കിട്ടുമെന്ന് സംശയമാണ്. എന്തെന്നാൽ കേവലം രണ്ട് മധ്യനിര താരങ്ങളെ മാത്രമാണ് കൂമാൻ ഉപയോഗിക്കുക.

അതേ സമയം താരത്തെ ലോണിൽ റാഞ്ചാൻ നിരവധി ക്ലബുകൾ ഇപ്പോൾ തന്നെ രംഗത്ത് എത്തിയിട്ടുണ്ട്. റയൽ ബെറ്റിസ്‌, സെൽറ്റ വിഗോ, ഗ്രനാഡ, അലാവസ്‌, അയാക്സ് എന്നിവർ താരത്തിൽ താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാൽ ലോണിൽ പോകാൻ താരത്തിന് ഉദ്ദേശമില്ല. അടുത്ത വർഷം വരെ പ്യുജിന് ബാഴ്സയിൽ കരാർ അവശേഷിക്കുന്നുണ്ട്. എന്നാൽ ബാഴ്സ ബിയിൽ ഇനി തുടരാൻ താരം ഒരുക്കമല്ല. സീനിയർ ടീമിലേക്ക് പ്രൊമോഷൻ വേണം എന്നാണ് പ്യുജിന്റെ ആവിശ്യം.