എന്റെ മുമ്പിൽ വന്ന് അഞ്ച് മിനുട്ടോളം കരഞ്ഞു, തിയാഗോ അൽകാന്ററയുടെ വിടവാങ്ങലിനെ കുറിച്ച് ബയേൺ ചീഫ് പറയുന്നു !

കഴിഞ്ഞ വെള്ളിയാഴ്ച്ചയായിരുന്നു ബയേൺ മ്യൂണിക്ക് സൂപ്പർ താരമായിരുന്ന തിയാഗോ അൽകാന്ററ ക്ലബ്‌ വിട്ട് ലിവർപൂളിൽ എത്തിയത് ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ടത്. ഏഴ് വർഷം ബയേൺ മ്യൂണിക്കിനൊപ്പം ചിലവഴിച്ച ശേഷമാണ് ഈ സ്പാനിഷ് താരം ബയേൺ മ്യൂണിക്ക് വിടാൻ തീരുമാനിച്ചത്. ഇരുപത്തിയേഴ് മില്യൺ പൗണ്ടാണ് താരത്തിന് വേണ്ടി ലിവർപൂൾ ചിലവഴിച്ചത്. തുടർന്ന് താരം ലിവർപൂളിന് വേണ്ടി അരങ്ങേറ്റം കുറിക്കുകയും റെക്കോർഡ് നേടുകയും ചെയ്തിരുന്നു.

നാല്പത്തിയഞ്ച് മിനുട്ടുകൾ മാത്രം കളത്തിൽ ചിലവഴിച്ച താരം 75 പാസുകളാണ് പൂർത്തിയാക്കിയത്. പ്രീമിയർ ലീഗിൽ ഒരു പകുതി മാത്രം കളിച്ച് ഏറ്റവും കൂടുതൽ പാസുകൾ പൂർത്തിയാക്കിയ താരമെന്ന റെക്കോർഡ് ആണ് താരം സ്വന്തം പേരിൽ കുറിച്ചത്. ഇപ്പോഴിതാ താരത്തിന്റെ വിടവാങ്ങലിലെ അനുഭവം പങ്കുവെച്ചിരിക്കുകയാണ് ബയേൺ മ്യൂണിക്ക് ചീഫ് ആയ കാൾ ഹെയിൻസ് റുമ്മനിഗേ. തിയാഗോക്ക് ക്ലബ്ബിനോട് വിടപറയാൻ ബുദ്ധിമുട്ടുണ്ടായിരുന്നുവെന്നും അദ്ദേഹം അഞ്ച് മിനുട്ടോളം തന്റെ മുമ്പിൽ വന്ന് കരഞ്ഞുവെന്നും ഇദ്ദേഹം വെളിപ്പെടുത്തി.

” ലിവർപൂളുമായുള്ള കരാർ ഉറപ്പിച്ചത് വ്യാഴാഴ്ചയായിരുന്നു. അന്നേ ദിവസം ഞാൻ എന്നും കാർ പാർക്ക് ചെയ്യുന്ന സ്ഥലത്ത് ഞാൻ എത്തിയ പത്ത് മിനുട്ടിന് ശേഷം അദ്ദേഹവും എത്തി. ഞാൻ കരുതി ഇവൻ എന്താണ് ഇവിടെ ചെയ്യുന്നതെന്ന്. തുടർന്ന് തിയാഗോ എന്റെ മുമ്പിൽ വരികയും അഞ്ച് മിനുട്ടോളം കരയുകയും ചെയ്തു. അതിന് ശേഷം അദ്ദേഹം ലളിതമായി പറഞ്ഞു. എന്നെ ഇതിന് അനുവദിച്ചതിന് നന്ദിയെന്ന്. അദ്ദേഹം എന്നോട് നന്ദി പറയുകയാണ് ചെയ്തത് ” ബയേൺ ചീഫ് തുടർന്നു.

” മികച്ച ഒരു വ്യക്തിത്വവും ക്വാളിറ്റിയുള്ള ഒരു ഫുട്ബോൾ താരവുമാണ് തിയാഗോ അൽകാന്ററ. അദ്ദേഹത്തിന്റെ ക്വാളിറ്റി നാം ലിസ്ബണിൽ കണ്ടതാണ്. അദ്ദേഹത്തിന് ചാമ്പ്യൻസ് ലീഗ് നേടാനായതിൽ ഞാൻ വളരെയധികം സന്തോഷവാനാണ്. തീർച്ചയായും അദ്ദേഹത്തിന്റെ വിടവാങ്ങൽ ഞങ്ങൾക്ക് വലിയ നഷ്ടമാണ്. അദ്ദേഹത്തിന് പുതിയ വെല്ലുവിളികൾ വേണമായിരുന്നു. അദ്ദേഹത്തിന്റെ ആഗ്രഹങ്ങളെ ഞങ്ങൾ ബഹുമാനിക്കുകയും ചെയ്യുന്നു. അദ്ദേഹം ഞങ്ങളോട് വിടപറയാൻ ഉപയോഗിച്ച രീതികൾ മികച്ചതായിരുന്നു. ക്ലബിലെ ഓരോരുത്തരരോടും മികച്ച ബന്ധമായിരുന്നു അദ്ദേഹം പുലർത്തിയിരുന്നത്. എനിക്കും അദ്ദേഹവുമായി ദൃഡമായ ബന്ധമാണ് ഉണ്ടായിരുന്നത് ” അദ്ദേഹം പറഞ്ഞു.

Rate this post