ആരാധകർക്ക് പ്രതീക്ഷ, ബാഴ്സയിൽ മഞ്ഞുരുകുന്നു; മെസിയെ പ്രശംസിച്ച് കൂമാൻ

ഒട്ടനവധി പ്രതിസന്ധികൾക്കിടയിൽ പുതിയ സീസൺ ആരംഭിച്ച ബാഴ്സലോണയുടെ ആരാധകർക്ക് ആശ്വാസമായി മെസിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കപ്പെടുന്നു. ബാഴ്സലോണ നായകനെ പ്രശംസിച്ച പരിശീലകൻ കൂമാൻ ടീമിനു വേണ്ടി മെസി കാണിക്കുന്ന ആത്മാർത്ഥത ഏവർക്കും മാതൃകയാണെന്ന് അഭിപ്രായപ്പെട്ടു. സെവിയ്യക്കെതിരായ മത്സരത്തിനു മുൻപ് സംസാരിക്കുകയായിരുന്നു കൂമാൻ.

“ആദ്യ ദിവസം മുതൽ തന്നെ ഏറ്റവും ആത്മാർത്ഥതയോടെയാണ് മെസി പരിശീലനം ആരംഭിച്ചത്. ക്ലബിനു വേണ്ടിയും തന്റെ സഹതാരങ്ങൾക്കു വേണ്ടിയും പരമാവധി മികവ് താരം കാഴ്ച വെക്കുന്നുണ്ട്. എനിക്കദ്ദേഹത്തെക്കുറിച്ച് ഇതു വരെയും യാതൊരു പരാതിയുമില്ല.”

”സെൽറ്റക്കെതിരായ മത്സരത്തിൽ തന്റെ നേതൃഗുണം മെസി കാണിച്ചു തന്നു. പിൻനിരയിൽ നിന്നും പന്തു മുന്നേറ്റത്തിലെത്തിക്കുന്നതിൽ മെസിയുടെ സാന്നിധ്യം നിർണായകമായിരുന്നു. ഒരാളുടെ കുറവിൽ കളിക്കുമ്പോൾ അതു വളരെ പ്രാധാന്യമുള്ളതാണ്.”

” എന്നെ സംബന്ധിച്ച് ലോകത്തിലെ ഏറ്റവും മികച്ച താരം മെസിയാണെന്ന് ഒരു തർക്കത്തിനുമിടയില്ലാത്ത കാര്യമാണ്. ബാഴ്സക്കു പുറത്തു നിൽക്കുമ്പോഴും ടീമിന്റെ പരിശീലകനായപ്പോഴും ഞാനതു മനസിലാക്കുന്നു. ഒരു നായകനെന്ന നിലയിലും മെസി മാതൃകയാണ്.” കൂമാൻ പറഞ്ഞു.

ബാഴ്സയിലെ പ്രശ്നങ്ങൾ പരിഹരിക്കപ്പെട്ട് ടീം ഫോമിലെത്തുന്നത് ആരാധകർക്ക് ആശ്വാസമാണ്. ഇന്നു രാത്രി സെവിയ്യക്കെതിരെ തുടർച്ചയായ മൂന്നാം വിജയം ബാഴ്സ സ്വന്തമാക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.