പെനാൽറ്റിക്കു വേണ്ടി അടികൂടി ചെൽസി താരങ്ങൾ, ഒടുവിൽ ക്യാപ്റ്റൻ ഇടപെട്ടു,വീഡിയോ കാണാം

സ്കോർഷീറ്റിൽ ഇടം നേടാൻ മുന്നേറ്റതാരം ടമ്മി എബ്രഹാമിന്റെ ശ്രമം  സെസാർ അസ്പിലിക്കേറ്റ തടഞ്ഞു. ചെൽസിക്കു ലഭിച്ച രണ്ടാമത്തെ പെനാൽറ്റിയെടുക്കാനുള്ള ശ്രമമാണ് ക്യാപ്റ്റൻ ഇടപെട്ടു തടഞ്ഞത്. പെനാൽറ്റിക്കായി കൈ ഹാവെർട്സും ടമ്മി എബ്രഹാമും വാക്കേറ്റത്തിലെത്തിയപ്പോഴാണ് അസ്പിലിക്കേറ്റ പന്ത് വാങ്ങി ഇരുവരോടും മാറിപോകാൻ ആവശ്യപ്പെട്ടത്.

ക്രിസ്റ്റൽ പാലസിനെതിരായ മത്സരത്തിലാണ് സംഭവം നടക്കുന്നത്. 3 ഗോളിനു ചെൽസി മുന്നിട്ടു നിൽക്കുമ്പോഴാണ് ടമ്മി എബ്രഹാമിനെ വീഴ്ത്തിയതിനു തുടർച്ചയായി രണ്ടാമത്തെ പെനാൽറ്റി ലഭിക്കുന്നത്. ബെൻ ചിൽവെൽ, കർട്ട് സൂമ എന്നിവരും ഗോൾ കണ്ടെത്തിയപ്പോൾ മൂന്നാമത്തെ ഗോൾ പെനാൽറ്റിയിലൂടെ ജോർജിൻഹോ ലക്ഷ്യത്തിലെത്തിച്ചു.

എന്നാൽ തന്നെ വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റിയെടുക്കാൻ എബ്രഹാം തന്നെ മുന്നോട്ടു വരുകയായിരുന്നു. ഒപ്പം സ്കോർഷീറ്റിലിടം നേടാൻ പുതിയ താരമായ ഹാവെർട്സും രംഗത്തെത്തിയതോടെ പെനാൽറ്റിയെടുക്കുന്നതിൽ തർക്കമാവുകയായിരുന്നു. എന്നാൽ ഇതു കണ്ട ക്യാപ്റ്റൻ അസ്പിലിക്കേറ്റ സംഭവത്തിൽ ഇടപെടുകയായിരുന്നു.

ടമ്മി എബ്രഹാമിന്റെ കയ്യിൽ നിന്നും ബലമായി പിടിച്ചു വാങ്ങിയ പന്ത് അസ്പിലിക്കേറ്റ മുൻപ് പെനാൽറ്റിയെടുത്ത ജോർജിഞ്ഞോക്ക് തന്നെ നൽകുകയതോടെ തലതാഴ്ത്തി നിരാശനായി എബ്രഹാം മാറി നിൽക്കുകയായിരുന്നു. ചെൽസിയുടെ സ്ഥിരം പെനാൽറ്റി എടുക്കുന്ന താരമായ ജോർജിഞ്ഞോ അത് കൃത്യമായി ലക്ഷ്യത്തിലെത്തിച്ചതോടെ എതിരില്ലാത്ത നാലു ഗോളുകൾക്ക് ചെൽസി വിജയം നേടുകയായിരുന്നു.