❝മെസ്സി ഇല്ലെങ്കിലും കുഴപ്പമില്ല ,തകർപ്പൻ വിജയവുമായി ബാഴ്സലോണ ; ഇംഗ്ലീഷ് ചാമ്പ്യന്മാർക്ക് പരാജയം ;അത്ലറ്റികോ മാഡ്രിഡിനും ജയം❞

ലയണൽ മെസ്സി ക്ലബ് വിട്ട ശേഷമുള്ള ആദ്യ മത്സരത്തിൽ ബാഴ്സലോണക്ക് വൻ വിജയം. ഇന്നലെ ക്യാമ്പ് നൗവിൽ ലാലിഗയിലെ ആദ്യ മത്സരത്തിൽ റയൽ സോസിഡാഡിനെ നേരിട്ട ബാഴ്സലോണ രണ്ടിനെതിരെ നാലു ഗോളുകളുടെ വലിയ വിജയം ആണ് നേടിയത്.സ്ട്രൈക്കർ ബ്രെത്വൈറ്റ് ഇരട്ട ഗോളുകളുമായി തിളങ്ങിയപ്പോൾ പുതിയ സൈനിംഗ് ഡിപായും രണ്ട് ഗോളുകളിൽ പ്രധാന പങ്കുവഹിച്ചു.മത്സരത്തിന്റെ 19ആം മിനുട്ടിലാണ് ബാഴ്സലോണ ആദ്യ ഗോൾ നേടിയത്. മെംഫിസ് ഡിപായ് എടുത്ത ഫ്രീകിക്ക് മനോഹരമായ ഹെഡറിലൂടെ ജെറാദ് പികെ വലയിൽ എത്തിച്ചു. ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് ബാഴ്സലോണ ലീഡ് ഇരട്ടിയാക്കി. ഇത്തവണ ഡിയോങ് വലതു വിങ്ങിൽ നിന്ന് കൊടുത്ത ക്രോസ് ബ്രെത് വൈറ്റ് ഹെഡ് ചെയ്ത് വലയിൽ എത്തിക്കുക ആയിരുന്നു.

രണ്ടാം പകുതിയിൽ ബ്രെത് വൈറ്റ് തന്നെ ബാഴ്സലോണയുടെ മൂന്നാം ഗോളും നേടി. ഇത്തവണ ഇടതു വിങ്ങിൽ ഡിപായും ആൽബയും നടത്തിയ നീക്കത്തിന് ഒടുവിലായിരുന്നു ബ്രെത്വൈറ്റിന്റെ ഫിനിഷ്. 81ആം മിനുട്ടിൽ ജുലെൻ ലൊബെടോയിലൂടെ ഒരു ഗോൾ മടക്കാൻ സോസിഡാഡിന് ആയി. അത് ബാഴ്സലോണ ഡിഫൻസിനെ സമ്മർദ്ദത്തിലാക്കി. 85ആം മിനുട്ടിൽ ലഭിച്ച ഫ്രീകിക്ക് ഒയർസബാൾ ലക്ഷ്യത്തിൽ എത്തിച്ചതോടെ സ്കോർ 3-2 എന്നായി. അവസാന നിമിഷങ്ങളിൽ ബാഴ്സലോണ പതറി എങ്കിലും വിജയം ഉറപ്പിക്കാൻ ബാഴ്സക്കായി. 91ആം മിനുട്ടിൽ ബ്രെത് വൈറ്റിന്റെ ക്രോസിൽ നിന്ന് ഒരു ടാപിന്നിലൂടെ സെർജി റൊബേർടോ ബാഴ്സലോണയുടെ വിജയം ഉറപ്പിച്ച നാലാം ഗോൾ നേടി.

ലാലിഗയിലെ നിലവിലെ ചാമ്പ്യന്മാരായ അത്ലറ്റിക്കോ മാഡ്രിഡിന് വിജയ തുടക്കം. സീസണിലെ ആദ്യ മത്സരത്തിൽ സെൽറ്റ വിഗോയെ നേരിട്ട അത്ലറ്റിക്കോ മാഡ്രിഡ് ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് വിജയിച്ചത്. അർജന്റീനൻ താരം കൊറേയയുടെ ഇരട്ട ഗോളുകളാണ് അത്ലറ്റിക്കോയുടെ ജയത്തിന് കരുത്തായത്. മത്സരം ആരംഭിച്ച് 23ആം മിനുട്ടിൽ തന്നെ അത്ലറ്റിക്കോ മാഡ്രിഡ് ലീഡ് എടുത്തു. ഫ്രഞ്ച് താരം ലെമാറിന്റെ അസിസ്റ്റിൽ നിന്നായിരുന്നു കൊറേയയുടെ ഗോൾ.രണ്ടാം പകുതിയിൽ 59ആം മിനുട്ടിൽ ഒരു പെനാൽട്ടിയിലൂടെ ഒരു ഗോൾ മടക്കാൻ സെൽറ്റ വിഗോയ്ക്കായി. ആസ്പാസ് ആണ് പെനാൾട്ടി ലക്ഷ്യത്തിൽ എത്തിച്ചത്. അധികം താമസിയാതെ തന്നെ ലീഡ് തിരിച്ചു പിടിക്കാൻ സിമിയോണിയുടെ ടീമിനായി. 64ആം മിനുട്ടിൽ കൊറേയ തന്നെയാണ് രണ്ടാം ഗോളും നേടിയത്. പുതിയ സൈനിങ് ആയ റോഡ്രിഗോ ഡി പോൾ അത്ലറ്റിക്കോയ്ക്ക് വേണ്ടി സബ്ബായി എത്തി അരങ്ങേറ്റം നടത്തി

ഇംഗ്ലീഷ് പ്രീമിയർ ലീഗ് ചാമ്പ്യന്മാർക്ക് പുതിയ സീസണിൽ തോൽവിയോടെ തുടക്കം. ആദ്യ മത്സരത്തിൽ സ്പർസിനെ നേരിട്ട സിറ്റി മറുപടിയില്ലാത്ത ഒരു ഗോളിനാണ് പരാജയപ്പെട്ടത്.ഒരുപാട് അവസരങ്ങൾ കൗണ്ടറിലൂടെ സ്പർസ് സൃഷ്ടിച്ചു എങ്കിലും അവസരങ്ങൾ ഗോളായി മാറിയില്ല. രണ്ടാം പകുതിയിൽ ആണ് സ്പർസ് അവസാനം ലീഡ് എടുത്തത്. സോൺ തന്നെയാണ് എഡേഴ്സണെ കീഴ്പ്പെടുത്തിയത്. 55ആം മിനുട്ടിൽ ബെർഗ്വൈന്റെ പാസ് സ്വീകരിച്ച സോൺ ഒരു ഇടം കാലൻ ഷോട്ടിലൂടെ പന്ത് വലയിൽ എത്തിക്കുക ആയിരുന്നു. ഡിബ്രുയിനും ഗ്രീലിഷും ഒക്കെ കളത്തിൽ ഉണ്ടായിട്ടും അവസരങ്ങൾ സൃഷ്ടിക്കാൻ സിറ്റി കഷ്ടപ്പെട്ടു. 100 മില്യൺ സൈനിംഗ് ആയ ഗ്രീലിഷിന് നിരാശ നിറഞ്ഞ അരങ്ങേറ്റമായിരുന്നു . സ്പർസിന്റെ പുതിയ സൈനിംഗ് ആയ ക്രിസ്റ്റൻ റൊമേരോ സബ്ബായി എത്തി അരങ്ങേറ്റം നടത്തി.

Rate this post