❝റൊണാൾഡോ പി എസ് ജിക്കൊപ്പം ചേരുമെന്ന് പ്രതീക്ഷിച്ചു, എന്നാൽ എത്തിയത് അതിലും മികച്ച താരമായ മെസ്സി❞

21 വർഷം നീണ്ട ബാഴ്സലോണ ജീവിതം അവസാനിപ്പിച്ച് കൊണ്ടാണ് ലയണൽ മെസ്സി ഫ്രഞ്ച് വമ്പന്മാരായ പിഎസ്ജി യിൽ ചേർന്നത്.തന്റെ കരാർ ഒരു വർഷത്തേക്ക് നീട്ടാനുള്ള ഓപ്ഷനുമായി മെസ്സി ചൊവ്വാഴ്ച പിഎസ്ജിയുമായി രണ്ട് വർഷത്തെ കരാർ ഒപ്പിട്ടത്.നികുതി കഴിഞ്ഞ് ഓരോ സീസണിലും 35 മില്യൺ ഡോളറാണ് മെസ്സിക്ക് വേതനമായി ലഭിക്കുക.ബാഴ്സലോണയിലെ തന്റെ ആദ്യ കിറ്റ് നമ്പറായ 30 ആണ് മെസ്സിക്ക് പാരിസിൽ തെരഞ്ഞെടുത്തത്. മെസ്സിക്ക് പിന്നാലെ സൂപ്പർ താരം റൊണാൾഡോയെയും അടുത്ത സീസണിൽ യുവന്റസിൽ നിന്നും പാരിസിലേക്ക് എത്തിക്കും എന്ന അഭ്യൂഹങ്ങളും വാർത്തകളിൽ നിറഞ്ഞു നിന്നിരുന്നു. റൊണാൾഡോയുടെ ട്രാൻസ്ഫർ അഭ്യൂഹങ്ങളെ പറ്റിയും മെസ്സിയുടെ പാരിസിലേക്കുള്ള വരവിനെ പറ്റിയും സംസാരിക്കുകയാണ് അര്ജന്റീന താരം ഡി മരിയ.

പിഎസ്‌ജിയിലേക്ക് ചേക്കേറാൻ റൊണാൾഡോ തീർച്ചയായും ആഗ്രഹിച്ചിട്ടുണ്ടാകുമെന്നും എന്നാൽ താരത്തിന് പകരം എത്തിയത് അതിലും മികച്ച താരമായ മെസ്സിയാണ് പി എസ് ജിക്കൊപ്പം ചേർന്നത് എന്നാണ് ഡി മരിയ അഭിപ്രായപ്പെട്ടത്. “പിഎസ്‌ജി താരബാഹുല്യം കൊണ്ട് മാത്രം മികച്ചു നിൽക്കുന്ന ടീം എന്നതിലുപരി ഇവിടെ കളിക്കുന്ന എല്ലാ താരങ്ങളും ലോകത്തിലെ മികച്ച താരങ്ങളുടെ പട്ടികയിൽ ഉള്ളവരാണ്. ഒരു ക്ലബ്ബിൽ ഇത് പലപ്പോഴും സംഭവിക്കില്ല, മികച്ച കളിക്കാർ എപ്പോഴും മികച്ചവരോടൊപ്പം ആയിരിക്കാൻ ആഗ്രഹിക്കുന്നു. തീർച്ചയായും ക്രിസ്റ്റ്യാനോ ഇവിടെ വരാൻ ആഗ്രഹിക്കുന്നു, പക്ഷേ അവർ മെസ്സിയെ കൊണ്ടുവന്നു, ഭാഗ്യവശാൽ, അത് വളരെ മികച്ചതാണ്” അർജന്റീന മാധ്യമമായ ടൈക് സ്പോർട്സിനോട് ഡി മരിയ പറഞ്ഞു.

ലിഗ് 1 ഭീമന്മാർ ട്രാൻസ്ഫർ വിൻഡോയിൽ മെസി, സെർജിയോ റാമോസ്, ജിയാൻലൂജി ഡൊണാറുമ്മ, അക്രഫ് ഹക്കിമി എന്നിവരെ ടീമിലെത്തിച്ചെങ്കിലും റൊണാൾഡോക്ക് അവസരം ലഭിച്ചില്ല അതിൽ റൊണാൾഡോ നിരാശനാകും, ഡി മരിയ കൂട്ടിച്ചേർത്തു.”മെസ്സി മറ്റൊരു ഗ്രഹത്തിൽ നിന്നാണ്. നിങ്ങൾ അവനുനേരെ ഒരു കല്ലെറിയൂ, അവൻ അത് നിയന്ത്രിക്കും,അവൻ മറ്റാരേക്കാളും വേഗത്തിൽ ചിന്തിക്കുന്നു. ഞാൻ ഇതുപോലെയൊരു കളിക്കാരനെ മുൻപ് കണ്ടിട്ടില്ല ” ഡി മരിയ കൂട്ടിച്ചേർത്തു.”ഞാൻ ക്രിസ്റ്റ്യാനോ, നെയ്മർ, എംബാപ്പെ, റൂണി,വാൻ പേഴ്സി, ഇബ്രാഹിമോവിച്ച്, ബെൻസേമ, ബെയ്ൽ എന്നിവരോടൊപ്പം കളിച്ചിട്ടും മെസ്സിയെപ്പോലെ ഒരാളെ കാണാൻ സാധിച്ചില്ല” പിഎസ്ജി താരം പറഞ്ഞു.

അതേസമയം മെസ്സിക്കൊപ്പം കളിക്കാൻ വേണ്ടി മാഞ്ചസ്റ്റർ സിറ്റിയിൽ നിന്നും ബാഴ്‌സലോണയിലേക്ക് ചേക്കേറിയ അഗ്വേറോയുടെ കാര്യത്തിൽ ഡി മരിയ സഹതാപം പ്രകടിപ്പിച്ചു. “അഗ്യൂറോ കടുത്ത പ്രയാസത്തിലാകും, ഫുട്‍ബോൾ എന്നാൽ ഇങ്ങനെയാണ് നമുക്കതിൽ ഒന്നും ചെയ്യാൻ കഴിയില്ല. അഗ്വേറോയ്ക്ക് സംഭവിച്ചത് തികച്ചും നിർഭാഗ്യകരം എന്ന് മാത്രമേ പറയാൻ കഴിയുള്ളൂ. മെസ്സി ക്ലബ് വിട്ടതിനു പുറമെ പരുക്ക് പറ്റി ആഴ്ചകളോളം കളത്തിൽ നിന്നും വിട്ടുനിൽക്കേണ്ടി വരുന്നത് അതിനേക്കാൾ ദുഖകരമാണ്,” ഡി മരിയ പറഞ്ഞു.

Rate this post