“വിട്ടുകൊടുക്കാൻ ഒരുക്കമില്ലാതെ ലിവർപൂൾ , തകർപ്പൻ ജയവുമായി ബാഴ്സലോണ”|Liverpool |Barcelona

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ രണ്ടു മത്സരങ്ങൾ മാത്രം അവശേഷിക്കെ ലിവർപൂളും മാഞ്ചസ്റ്റർ സിറ്റിയും കിരീടത്തിനായി ഇഞ്ചോടിഞ്ച് പോരാടുകയാണ്. ഇന്നലെ നടന്ന മത്സരത്തിൽ ആസ്റ്റൺ വില്ലയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് കീഴടക്കി ലിവർപൂൾ പോയിന്റ് ടേബിളിൽ മാഞ്ചസ്റ്റർ സിറ്റിക്ക് ഒപ്പമെത്തി.

ഇരു ടീമുകൾക്കും 86 പോയിന്റ് ആണെങ്കിലും ലിവർപൂൾ സിറ്റിയേക്കാൾ ഒരു മത്സരം കൂടുതൽ കളിച്ചിട്ടുണ്ട്.റെഡ്സിനെ ഞെട്ടിച്ച് കളിയുടെ മൂന്നാം മിനിറ്റിൽ തന്നെ ആസ്റ്റൻ വില്ല ലീഡ് നേടി. ഡഗ്ലസ്‌ ലൂയിസാണ് സ്‌കോർ ചെയ്തത്. എന്നാൽ, മൂന്ന് മിനിറ്റിനുള്ളിൽ ലിവർപൂളിനായി മാറ്റിപ് ഗോൾ മടക്കി.ആദ്യ പകുതി സമനിലയിലായപ്പോൾ ഡിഫൻസീവ് മിഡ്ഫീൽഡർ ഫാബീഞ്ഞോ പരിക്കേറ്റ് പുറത്തായത് ലിവർപൂളിന് വലിയ തിരിച്ചടിയായി. മൂന്ന് പോയിന്റിനായി കിണഞ്ഞു പരിശ്രമിച്ച ക്ലോപ്പിന്റെ ടീമിന് വിജയം സമ്മാനിച്ചത് 65 ആം മിനിറ്റിൽ സാദിയോ മാനെ നേടിയ ഗോളായിരുന്നു.ഗോൾ പോസ്റ്റിന് മുന്നിലേക്ക് നൽകിയ ലൂയിസ് ഡിയാസിന്റെ അളന്നു മുറിച്ചുള്ള ക്രോസിന് ഒന്ന് തല വെച്ച് കൊടുക്കേണ്ട ജോലി മാത്രമെ മാനെയ്ക്ക് ഉണ്ടായിരുന്നുള്ളു.

ആസ്റ്റൺ വില്ലയ്‌ക്കെതിരെ 10 മത്സരങ്ങളിൽ നിന്ന് ഒമ്പത് ഗോളുകൾ നേടിയ താരമാണ് മാനെ.ഈ സീസണിലെ അദ്ദേഹത്തിന്റെ 15-ാം ലീഗ് ഗോളായിരുന്നു ഇത്, മുഹമ്മദ് സലായ്ക്കും ഡിയോഗോ ജോട്ടയ്ക്കും ശേഷം ഈ കാമ്പെയ്‌നിലെത്തുന്ന മൂന്നാമത്തെ ലിവർപൂൾ കളിക്കാരൻ ആയി മാനെ മാറി.ലിവർപൂളിന്റെ ജയത്തോടെ സമ്മർദ്ദം വീണ്ടും മാഞ്ചസ്റ്റർ സിറ്റിയുടെ കോർട്ടിലേക്ക് തിരിഞ്ഞിരിക്കുകയാണ്. നാളെ വോൾവ്സിനെതിരെയാണ് സിറ്റിയുടെ അടുത്ത മത്സരം.മെയ് 14 ന് എഫ് എ കപ്പ് ഫൈനലിൽ ചെൽസിയും മെയ് 28 ന് ചാമ്പ്യൻസ് ലീഗ് ഫൈനലിൽ റയൽ മാഡ്രിഡും ഒപ്പം മെയ് 17, 22 തീയതികളിൽ യഥാക്രമം സതാംപ്ടൺ, വോൾവ്‌സ് എന്നിവയ്‌ക്കെതിരായ അവരുടെ ശേഷിക്കുന്ന പ്രീമിയർ ലീഗ് മത്സരങ്ങൾ ലിവർപൂളിന് കളിക്കണം.മൂന്ന് മത്സരങ്ങൾ ശേഷിക്കെ 43 പോയിന്റുമായി സ്റ്റീവൻ ജെറാർഡിന്റെ വില്ല പതിനൊന്നാം സ്ഥാനത്ത് തുടരുന്നു.

ക്യാമ്പ് നൗവിൽ സെൽറ്റ വിഗോയെ 3-1ന് തോൽപ്പിച്ച് ലാലിഗയിൽ ബാഴ്‌സലോണ രണ്ടാം സ്ഥാനം ഉറപ്പിച്ചു. പിയറി-എമെറിക്ക് ഔബമെയാങ് നേടിയ ഇരട്ട ഗോളിന്റെ മികവിൽ ആയിരുന്നു ബാഴ്സയുടെ ജയം. ഇതോടെ ലാ ലീഗയിൽ താരത്തിന്റെ ഗോൾ നേട്ടം പതിനൊന്നായി.ഉസ്മാൻ ഡെംബെലെയുടെ മികച്ച പ്രകടനത്തിന്റെ ബലത്തിൽ 30 ആം മിനുട്ടിൽ മെംഫിസ് ഡിപേയിലൂടെ ബാഴ്സലോണ മുന്നിലെത്തി.ഈ സീസണിൽ ഒരു ലാലിഗയിലെ ഫ്രഞ്ച് താരത്തിന്റെ 13 മത്തെ അസ്സിസ്റ്റയിരുന്നു. 41 48 മിനിറ്റുകളിൽ ഗോൾ നേടി ഔബമെയാങ് ബാഴ്‌സയെ 3 -0 ത്തിന് മുന്നിലെത്തി.

50 ആം മിനുട്ടിൽ മാർക്ക്-ആന്ദ്രെ ടെർ സ്റ്റെഗന്റെ ഒരു മോശം പാസ് പിടിച്ചെടുത്ത് ഇയാഗോ ആസ്പാസ് ഗോളാക്കി മാറ്റി. എന്നാൽ 58 ആം മിനുട്ടിൽ ജെയ്‌സൺ മുറിലോ ചുവപ്പ് കാർഡ് കണ്ടതോടെ അവർ പിന്നീട് 10 പേരായി ചുരുങ്ങി.സഹതാരം ഗാവിയുമായി കൂട്ടിയിടിച്ച് ബാഴ്സ ഡിഫൻഡർ റൊണാൾഡ് അറാഹോയ്ക്ക് തലയ്ക്ക് പരിക്കേറ്റു.മൈതാനത്തേക്ക് ആംബുലൻസ്‌ കൊണ്ടുവന്നാണ് ചികിത്സയ്ക്കായി യുറുഗ്വായ് താരത്തെ ആശുപത്രിയിലേക്ക് മാറ്റിയത്. 36 മത്സരങ്ങളിൽ നിന്നും 72 പോയിന്റാണ് ബാഴ്സയ്ക്കുള്ളത്.സെൽറ്റ വിഗോ മിഡ്‌ടേബിളിൽ 11-ാം സ്ഥാനത്താണ്.

Rate this post