നാല് താരങ്ങളെ അടുത്ത സമ്മറിൽ ഒഴിവാക്കാൻ തീരുമാനിച്ച് ബാഴ്‌സലോണ

റയൽ മാഡ്രിഡിനെക്കാൾ പന്ത്രണ്ടു പോയിന്റ് വ്യത്യാസത്തിൽ ലീഗിൽ മുന്നിൽ നിൽക്കുന്ന ബാഴ്‌സലോണക്ക് കിരീടം ഉറപ്പിക്കാൻ വലിയ ബുദ്ധിമുട്ടില്ലെങ്കിലും ക്ലബ് വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നത്. സിവിസി കരാർ ഒപ്പിടാൻ വേണ്ടി ലാ ലിഗ നടത്തുന്ന സമ്മർദ്ദത്തിനൊപ്പം സാമ്പത്തിക പ്രതിസന്ധിയോടും പോരടിച്ചാണ് ബാഴ്‌സലോണ മുന്നോട്ടു പോകുന്നത്.

സിവിസി കരാർ ഒപ്പിടാനുള്ള സമ്മർദ്ദത്തിന്റെ ഭാഗമായി ബാഴ്‌സലോണയുടെ വേതനബിൽ കുറക്കാൻ വേണ്ടി ലാ ലിഗ നിരന്തരം ആവശ്യപ്പെടുന്നുണ്ട്. മധ്യനിരയിലെ സൂപ്പർതാരമായ ഗാവിയുടെ കരാർ റദ്ദാക്കാൻ വേണ്ടി പരാതി നൽകിയതും ഇതിന്റെ ഭാഗമായി തന്നെയാണ്. എന്തായാലും അടുത്ത സീസണിൽ ടീമിന് വേതനബിൽ കുറച്ചേ മതിയാകൂ.

വേതനബിൽ കുറക്കാനും പുതിയ താരങ്ങളെ സ്വന്തമാക്കാനും വരുന്ന സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ ബാഴ്‌സലോണ നിലവിൽ ടീമിലുള്ള താരങ്ങളെ ഒഴിവാക്കാൻ പോവുകയാണ്. ആരെയൊക്കെ ഒഴിവാക്കണമെന്ന കാര്യത്തിൽ ബാഴ്‌സലോണ ധാരണയിൽ എത്തിയിട്ടുണ്ടെന്നാണ് സ്‌പാനിഷ്‌ മാധ്യമമായ ഡിയാരിയോ എഎസിന്റെ റിപ്പോർട്ടുകൾ പറയുന്നത്.

റിപ്പോർട്ടുകൾ പ്രകാരം മോശം പ്രകടനം നടത്തുന്ന മുന്നേറ്റനിര താരങ്ങളായ ഫെറൻ ടോറസ്, ആൻസു ഫാറ്റി എന്നിവരാണ് ഒഴിവാക്കാൻ പോകുന്ന താരങ്ങളിൽ മുന്നിലുള്ളത്. ഇതിനു പുറമെ മധ്യനിര താരമായ പാബ്ലോ ടോറെ, പ്രതിരോധതാരം എറിക് ഗാർസിയ എന്നിവരെയും ബാഴ്‌സ ഒഴിവാക്കും. ഇതിൽ ഫെറാനും ഗാർസ്യയും മാഞ്ചസ്റ്റർ സിറ്റിയിൽ നിന്നും വന്ന കളിക്കാരാണ്.

ഇനിഗോ മാർട്ടിനസ് വരാനുള്ള സാധ്യതയുള്ളതിനാൽ എറിക് ഗാർസിയ സ്ഥിരം കരാറിലാവും ക്ലബ് വിടുക. ഫെറൻ ടോറസിന്റെ സ്ഥിതിയും അങ്ങിനെ തന്നെയാണ്. അതേസമയവും പാബ്ലോ ടോറെ, ആൻസു ഫാറ്റി എന്നിവരെ ബാഴ്‌സലോണ ലോണിൽ വിടാനാണ് സാധ്യത കൂടുതൽ. ഈ രണ്ടു താരങ്ങൾക്കും ക്ലബിൽ ഭാവിയുണ്ടെന്നാണ് ബാഴ്‌സലോണ നേതൃത്വം കരുതുന്നത്.

1/5 - (2 votes)