റാഫിന്യക്ക് പാസ് നൽകാതെ ലെവൻഡോസ്‌കി, മെസിയുണ്ടായിരുന്നെങ്കിലെന്ന് ബാഴ്‌സലോണ ആരാധകർ

ലാ ലിഗ കിരീടത്തിലേക്ക് ഒരു ചുവടു കൂടി അടുത്താണ് അത്ലറ്റികോ മാഡ്രിഡിനെതിരെ ബാഴ്‌സലോണ വിജയം നേടിയത്. ആദ്യപകുതിയിൽ ഫെറൻ ടോറസ് നേടിയ ഒരു ഗോളിൽ വിജയം നേടിയതോടെ ലീഗിൽ റയൽ മാഡ്രിഡുമായുള്ള പോയിന്റ് വ്യത്യാസം പതിനൊന്നായി നിലനിർത്താൻ ബാഴ്‌സക്ക് കഴിഞ്ഞു. ഇനി എട്ടു മത്സരങ്ങൾ കൂടി ലീഗിൽ ബാക്കി നിൽക്കെ ബാഴ്‌സയെ റയൽ മാഡ്രിഡ് മറികടക്കാൻ സാധ്യതയില്ല.

സ്വന്തം മൈതാനത്ത് മികച്ച പ്രകടനം നടത്തിയ ബാഴ്‌സലോണക്ക് നിരവധി അവസരങ്ങൾ ലഭിച്ചെങ്കിലും ഒന്നും മുതലാക്കാൻ കഴിയാഞ്ഞത് വിജയം ഒരു ഗോളിൽ ഒതുക്കി. മത്സരത്തിൽ മികച്ച പ്രകടനം നടത്തി ടീമിന്റെ വിജയത്തിൽ നിർണായക പങ്കു വഹിച്ചത് ബ്രസീലിയൻ താരം റാഫിന്യ ആയിരുന്നു. ഗോളിന് അസിസ്റ്റ് നൽകിയ താരം മൂന്നു കീ പാസുകളും ഒരു സുവർണാവസരവും സൃഷ്‌ടിച്ചു.

അതേസമയം മത്സരത്തിനു ശേഷം ബാഴ്‌സലോണ ആരാധകർ ടീമിലെ പ്രധാന സ്‌ട്രൈക്കറായ റോബർട്ട് ലെവൻഡോസ്‌കിക്കെതിരെ വിമർശനം നടത്തുന്നുണ്ട്. മത്സരത്തിൽ ബാഴ്‌സലോണയുടെ ലീഡുയർത്താൻ ഒരു സുവർണാവസരം ലഭിച്ചപ്പോൾ അത് റാഫിന്യക്ക് പാസ് നൽകാതെ ഒറ്റക്ക് ഗോളടിക്കാൻ ശ്രമിച്ച് നഷ്ടമാക്കിയതിനാണ് ആരാധകർ വിമർശനം നടത്തുന്നത്.

ഒരു പ്രത്യാക്രമണത്തിനിടെ പന്തുമായി ലെവൻഡോസ്‌കി മുന്നേറുമ്പോൾ ഒബ്ലാക്ക് മാത്രമാണ് മുന്നിലുണ്ടായിരുന്നത്. അപ്പുറത്തു കൂടി ഓടുന്ന റാഫിന്യക്ക് പന്ത് നൽകിയാൽ അത് ഗോളാണെന്നിരിക്കെ ലെവൻഡോസ്‌കി അതിനു മുതിരാതെ ഷോട്ട് എടുക്കുകയും അത് പുറത്തു പോവുകയും ചെയ്‌തു. ബ്രസീലിയൻ താരത്തെ വളരെ നിരാശനായാണ്‌ അതിനു ശേഷം കണ്ടത്.

നിരവധി മത്സരങ്ങളായി ഗോളുകൾ ഇല്ലാതെ ബുദ്ധിമുട്ടുന്ന ലെവൻഡോസ്‌കിക്ക് ഗോളടിക്കാൻ താൽപര്യം ഉണ്ടാകുമെങ്കിലും ഇങ്ങിനെയൊരു സാഹചര്യത്തിലല്ല അത് ചെയ്യേണ്ടതെന്നാണ് ബാഴ്‌സലോണ ആരാധകർ പറയുന്നത്. മത്സരത്തിൽ വിജയമുറപ്പിക്കുകയാണ് ലെവൻഡോസ്‌കി വേണ്ടിയിരുന്നതെന്നും ലയണൽ മെസിയായിരുന്നെങ്കിൽ തീർച്ചയായും പാസ് നൽകുമായിരുന്നുവെന്നും ആരാധകർ പറയുന്നു.

4.8/5 - (20 votes)