മെസ്സിയുടെ അസിസ്റ്റ് എംബാപ്പയുടെ ഫിനിഷ് : ലെവെൻഡോസ്‌കിയുടെ ഗോളിൽ ബാഴ്സലോണ :മിലാൻ ഡെർബിയിൽ ഹീറോയായി റാഫേൽ ലിയാവോ

ഫ്രഞ്ച് ലീഗിൽ തകർപ്പൻ ജയവുമായി പിഎസ്ജി.ലീഗ് വണ്ണിൽ നടന്ന ആറാം റൗണ്ട് മത്സരത്തിൽ എതിരാളികളായ നാന്റെസിനെ പിഎസ്ജി പരാജയപ്പെടുത്തിയത് എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ്.ഗോളുകൾ നേടിയില്ലെങ്കിലും രണ്ട് അസിസ്റ്റുകളുമായി തിളങ്ങിയ മെസ്സി തന്നെയാണ് പതിവുപോലെ തിളങ്ങിയത്. കിലിയൻ എംബപ്പേയാണ് പിഎസ്ജിയുടെ രണ്ട് ഗോളുകൾ നേടിയത്.ഒരു നുനോ മെന്റസിന്റെ വകയായിരുന്നു.ഈ ജയത്തോടെ പിഎസ്ജിയിപ്പോൾ പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്താണ്.

6 മത്സരങ്ങളിൽ നിന്ന് 16 പോയിന്റാണ് പിഎസ്ജിക്കുള്ളത്.ഇതേ പോയിന്റുള്ള മാഴ്സെ തൊട്ട് പുറകിൽ രണ്ടാം സ്ഥാനത്തുണ്ട്.നെയ്മറിനെ ബെഞ്ചിൽ ഇരുത്തിയാണ് പി എസ് ജി കളി ആരംഭിച്ചത്. 18ആം മിനുട്ടിൽ മെസ്സിയുടെ അസ്സിസ്റ്റിൽ നിന്നുമാണ് എംബപ്പേ ആദ്യ ഗോൾ നേടിയത്.രണ്ടാം പകുതിയിൽ 54ആം മിനുട്ടിൽ ആയിരുന്നു മെസ്സിയുടെ രണ്ടാം അസിസ്റ്റും എമ്പപ്പെയുടെ രണ്ടാം ഗോളും വന്നത്. ഇതിനു ശേഷം 68ആം മിനുട്ടിൽ നുനോ മെൻഡസ് കൂടെ ഗോൾ നേടിയതോടെ പി എസ് ജി വിജയം പൂർത്തിയായി.ഇതോടെ പിഎസ്ജിയുടെ അപരാജിത കുതിപ്പ് തുടരുകയാണ്. ഈ സീസണിൽ ഒരു മത്സരത്തിൽ പോലും പിഎസ്ജി തോൽവി അറിഞ്ഞിട്ടില്ല.

ലാലിഗയിൽ തകർപ്പൻ ജയവുമായി ബാഴ്സലോണ. ഇന്നലെ നടന്ന മത്സരത്തിൽ സെവിയ്യയെ എതിരില്ലത്ത മൂന്നു ഗോളിനാണ് ബാഴ്സ പരാജയപെടുത്തിയത്. ബാഴ്‌സലോണയ്‌ക്കായി നാല് ലാലിഗ മത്സരങ്ങളിൽ നിന്ന് റോബർട്ട് ലെവൻഡോവ്‌സ്‌കി തന്റെ അഞ്ചാം ഗോൾ നേടി.റാഫിൻഹയും എറിക് ഗാർസിയയും സന്ദർശകർക്കായി ഓരോ ഗോൾ വീതം ചേർത്തു.വിജയത്തോടെ ബാഴ്‌സലോണ 10 പോയിന്റുമായി പട്ടികയിൽ രണ്ടാം സ്ഥാനത്തെത്തി.അവസാന മൂന്ന് മത്സരങ്ങളിലായി ബാഴ്സ 11 ഗോളുകൾ ആണ് അടിച്ചത്.മത്സരത്തിന്റെ 21ആം മിനുട്ടിൽ റഫീഞ്ഞയിലൂടെ ബാഴ്സലോണ ലീഡ് എടുത്തു.36ആം മിനുട്ടിൽ ലെവൻഡോസ്കി ബാഴ്സലോണ ലീഡ് ഇരട്ടിയാക്കി. കൗണ്ടയുടെ ഒരു പാസ് സ്വീകരിച്ച് ആണ് ഗോളായി മാറിയത്. 50 ആം മിനുട്ടിൽ ഗാർഷ്യയ്‌യുടെ ഗോളിൽ ബാഴ്സ പട്ടിക തികച്ചു.

ആവേശം നിറഞ്ഞ ഡെർബി പോരാട്ടത്തിൽഇന്ററിനെ 3-2ന് തോൽപ്പിച്ച് എ സി മിലാൻ.ഒരു ഗോളിന് പിറകിൽ പോയ ശേഷം 3-2ന്റെ വിജയം ഇന്ന് സാൻസിരോയിൽ നേടാൻ എ സി മിലാനായി.രണ്ട് ഗോളും ഒരു അസിസ്റ്റുമായി പോർച്ചുഗീസ് താരം റാഫേൽ ലിയാവോഎ സി മിലാന്റെ ഹീറോയായി. നിലവിലെ സിരി എ ചാമ്പ്യൻമാർക്കായി ഒളിവർ ജിറൂഡും സ്‌കോർ ചെയ്തു. ഇന്ററിന്റെ ഗോളുകൾ ബ്രോസോവിച്ചിന്റെയും സെക്കോയുടെയും വകയായിരുന്നു.വീറും വാശിയും നിലനിന്ന പോരിൽ ഇന്റർ മിലാനാണ് ആദ്യം ലീഡ് നേടിയത്. എന്നാൽ, ലിയാവോയുടെ മാജിക്കിൽ എ സി മിലാൻ ഗംഭീര തിരിച്ചുവരവ് നടത്തുകയായിരുന്നു. 5 മത്സരങ്ങളിൽ നിന്ന് 11 പോയിന്റുമായി എ സി മിലാനാണ് സിരി എയിൽ നാപോളിക്ക് പിന്നിൽ രണ്ടാം സ്ഥാനത്ത്. അത്ര തന്നെ മത്സരങ്ങളിൽ നിന്ന് 9 പോയിന്റുള്ള ഇന്റർ മിലാൻ അഞ്ചാം സ്ഥാനത്താണ്.

പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റിയെ സമനിലയിൽ കുരുക്കി ആസ്റ്റൻ വില്ല. വില്ല പാർക്കിൽ അരങ്ങേറിയ പോരാട്ടത്തിൽ ഇരു ടീമുകളും ഓരോ ഗോൾ നേടി. 50 ആം മിനിറ്റിൽ എർലിംഗ് ഹാലണ്ടിന്റെ ഗോളിൽ മാഞ്ചസ്റ്റർ സിറ്റി ലീഡ് നേടി. ഇതോടെ പ്രീമിയർ ലീഗിലെ 6 മത്സരങ്ങളിൽ നിന്ന് ഹാലണ്ടിന്റെ ഗോൾ സമ്പാദ്യം പത്തായി.74 ആം മിനിറ്റിൽ ലിയോൺ ബെയ്ലി ആസ്റ്റൻ വില്ലയുടെ സമനില ഗോൾ നേടി രക്ഷകനായി. 6 മത്സരങ്ങളിൽ നിന്ന് 14 പോയിന്റുള്ള നിലവിലെ ചാമ്പ്യൻമാരായ മാഞ്ചസ്റ്റർ സിറ്റി ലീഗിൽ രണ്ടാമതാണ്. ടോട്ടൻഹാമിനും 14 പോയിന്റ് ഉണ്ടെങ്കിലും ഗോൾ ശരാശരിയിൽ സിറ്റിയെക്കാൾ പിന്നിലാണ്.

Rate this post