“നമുക്കെന്ത് ചെയ്യാൻ കഴിയും”- എവർട്ടണെതിരെ സമനില വഴങ്ങിയതു വിശ്വസിക്കാൻ കഴിയാതെ ക്ലോപ്പ്

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്നു നടന്ന മത്സരത്തിൽ എവർട്ടണുമായി ലിവർപൂൾ സമനില വഴങ്ങിയതു വിശ്വസിക്കാൻ കഴിയാതെ ലിവർപൂൾ പരിശീലകൻ യർഗൻ ക്ലോപ്പ്. എവർട്ടണിന്റെ മൈതാനത്തു നടന്ന മെഴ്‌സിസൈഡ് ഡെർബിയിൽ രണ്ടു ടീമും ഗോളടിക്കാൻ കഴിയാതെ പിരിയുകയായിരുന്നു. ആവേശകരമായ മത്സരത്തിൽ ലിവർപൂൾ ഗോളുകൾ നേടുന്നതിന്റെ അരികിൽ എത്തിയിരുന്നെങ്കിലും എവർട്ടൺ ഗോൾകീപ്പർ ജോർദാൻ പിക്ക്‌ഫോഡും ഗോൾപോസ്റ്റും അതിനുള്ള അവസരം നിഷേധിക്കയായിരുന്നു.

മത്സരത്തിൽ എവർട്ടണും ഗോളുകൾ നേടാൻ അവസരം ഉണ്ടായിരുന്നു. ടോം ഡേവീസിന്റെ ശ്രമം പോസ്റ്റിലടിച്ചു പുറത്തു പോയതിനു പുറമെ നീൽ മൗപേയുടെ ശ്രമം അലിസൺ തടുത്തിടുകയും ചെയ്‌തു. ഇതിനു പുറമെ കൊണർ കോഡി നേടിയ ഗോൾ വീഡിയോ അസിസ്റ്റന്റ് റഫറി പരിശോധിച്ച് നിഷേധിക്കുകയും ചെയ്‌തു. മത്സരത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കവേയാണ് ജർമൻ പരിശീലകൻ തന്റെ ആശ്ചര്യം വെളിപ്പെടുത്തിയത്.

“വൗ! എന്താണ് നമുക്ക് ചെയ്യാൻ കഴിയുക. ഈ മത്സരത്തിൽ ഒഴുക്കുള്ള കളി സാധ്യമല്ല. ഡീപ്പിലേക്ക് ഇറങ്ങിച്ചെല്ലണം, അതു ഞങ്ങൾ ചെയ്‌തു. 0-0 എന്ന സ്‌കോർ വളരെ വിചിത്രമായ ഒന്നാണ്, പക്ഷെ ഇതിങ്ങിനെയാണ്. ഡെർബി, തീവ്രമായ, ഒരുപാട് മനോഹരമായ നിമിഷങ്ങൾ ഉണ്ടായ മത്സരമാണ്. അവരൊരു ഗോൾ നേടി, ഞാനത് പിന്നീട് കണ്ടിട്ടില്ല. അലിസൺ മികച്ചൊരു സേവ് നടത്തി, അതും ഞാൻ കണ്ടില്ല, അതെങ്ങിനെ ഉള്ളിൽ പോകാതിരുന്നു എന്നെനിക്ക് അറിയില്ല. ഞങ്ങൾക്ക് എത്ര അവസരങ്ങൾ ലഭിച്ചുവെന്ന് എനിക്കറിയില്ല.” ക്ലോപ്പ് പറഞ്ഞു.

മത്സരത്തിൽ മാൻ ഓഫ് ദി മാച്ച് ആയത് എവർട്ടൺ ഗോൾകീപ്പർ ജോർദാൻ പിക്ക്‌ഫോഡാണ്. ലിവർപൂളിന് മത്സരം സ്വന്തമാക്കാനുള്ള അവസരം ഒന്നിലധികം തവണയാണ് താരം നിഷേധിച്ചത്. മത്സരത്തിൽ സമനില വഴങ്ങിയതോടെ ലീഗിൽ പതിനാറാം സ്ഥാനത്താണ് എവർട്ടൺ നിൽക്കുന്നതെങ്കിലും കഴിഞ്ഞ സീസണിലെ ചാമ്പ്യൻസ് ലീഗ് ഫൈനലിസ്റ്റുകളായ ലിവർപൂളിനെതിരെ പൊരുതി നേടിയ സമനില സീസണിൽ മുന്നോട്ടു പോകാൻ അവർക്ക് ആത്മവിശ്വാസം നൽകുന്നതാണ്.

ഈ സീസണിൽ ആറു മത്സരങ്ങൾ പൂർത്തിയായപ്പോൾ മുൻ ചെൽസി പരിശീലകൻ ഫ്രാങ്ക് ലാംപാർഡ് പരിശീലകനായ എവർട്ടൺ ഒരു വിജയം പോലും നേടിയിട്ടില്ല. രണ്ടു മത്സരങ്ങളിൽ തോൽവി വഴങ്ങിയ എവർട്ടൺ ബാക്കിയെല്ലാ മത്സരങ്ങളിലും സമനിലയിൽ കുരുങ്ങി. ഇതേത്തുടർന്ന് ഫ്രാങ്ക് ലാംപാർഡിന്റെ ടീമിലെ സ്ഥാനത്തിന് ഇളക്കം തട്ടിയിട്ടുണ്ടെന്ന അഭ്യൂഹങ്ങൾ നിലനിൽക്കുന്നുണ്ട്.

Rate this post