നാലു താരങ്ങൾ ഒഴികെയുള്ള മറ്റെല്ലാ താരങ്ങളെയും ബാഴ്സ വിൽക്കുന്നു !

ബയേണിനോട് 8-2 ന്റെ തോൽവി ഏറ്റുവാങ്ങിയതിന് പിന്നാലെ എഫ്സി ബാഴ്സലോണയിൽ വലിയ മാറ്റങ്ങൾ ഉണ്ടാവുമെന്ന് പ്രസിഡന്റ്‌ ബർതോമ്യു അറിയിച്ചിരുന്നു. പരിശീലകൻ സെറ്റിയനെ പുറത്താക്കുമെന്നത് ഉറപ്പായ കാര്യമാണ്. എന്നാൽ അതിന് പുറമെ ടീമിലെ ഭൂരിഭാഗം താരങ്ങളെയും വിൽക്കാൻ ബാഴ്സ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. ബാഴ്‌സയെ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന സ്പോർട്ട് എന്ന കറ്റാലൻ മാധ്യമമാണ് ഇക്കാര്യം റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്.

നാലു താരങ്ങളെ മാത്രമാണ് ബാഴ്സ അടുത്ത സീസണിലേക്ക് നീക്കിവെക്കാൻ ഉദ്ദേശിക്കുന്നത്. ബാക്കിയുള്ള എല്ലാ താരങ്ങളെയും ഈ ട്രാൻസ്ഫർ മാർക്കെറ്റിൽ ലഭ്യമാവും എന്നാണ് സ്പോർട്ടിന്റെ ഭാഷ്യം. സൂപ്പർ താരമായ ലയണൽ മെസ്സിയെ ആർക്കും വിട്ടുകൊടുക്കില്ല. കൂടാതെ മധ്യനിര താരം ഫ്രേങ്കി ഡിജോംഗ്, ഗോൾ കീപ്പർ ടെർ സ്റ്റീഗൻ, ഡിഫൻഡർ ക്ലമന്റ് ലെങ്ലെറ്റ് എന്നീ താരങ്ങളെ ഒരിക്കലും ബാഴ്സ കൈവിടില്ല. ബാക്കിയുള്ള താരങ്ങളെ അനുയോജ്യമായ ഓഫറുകൾ വന്നാൽ ബാഴ്സ വിട്ടുനൽകും.

ഗോൾ കീപ്പർ നെറ്റോ, ഉംറ്റിറ്റി (പരിക്ക് മൂലം പുറത്തിരിക്കുന്നു ), ഫിർപ്പോ ജൂനിയർ (12 മില്യൺ യുറോ ), റാക്കിറ്റിച് (കഴിഞ്ഞ സമ്മറിൽ ക്ലബ് വിടാൻ നിരസിച്ചു ), റഫിഞ്ഞ (മൂന്ന് സീസണിൽ തുടർച്ചയായി ലോണിൽ കളിക്കുന്നു ), വിദാൽ (2021 കാലാവധി അവസാനിക്കും ), കൂട്ടീഞ്ഞോ (ബാഴ്സയിൽ മോശം ഫോം, ഉയർന്ന സാലറിയും ചിലവും ), ബ്രൈത്വെയിറ്റ് (18 മില്യൺ യുറോ വില ) ആർതർ (അടുത്ത സീസണിൽ യുവന്റസിൽ ) എന്നീ താരങ്ങളെയാണ് പെട്ടന്ന് വിൽക്കാൻ ശ്രമിക്കുക.

തുടർന്ന് പ്രതിരോധനിര താരമായ ജെറാർഡ് പിക്വേ, ജോർഡി ആൽബ എന്നിവരെയും ബാഴ്സ വിൽക്കും. 2008/09 മുതൽ സ്ഥിരസാന്നിധ്യമാണ് ഇരുവരും. എന്നാൽ മോശം ഫോമാണ് വിൽക്കാൻ കാരണം. കൂടാതെ സുവാരസിനെയും ബാഴ്സ വിൽക്കും. പഴയ പോലെ തിളങ്ങാൻ സാധിക്കുന്നില്ല. ഗ്രീസ്മാൻ, ഡെംബലെ എന്നിവരെയും ബാഴ്സ ഒഴിവാക്കും. പൊന്നുംവില കൊടുത്തു കൊടുന്നിട്ടും ഇരുവർക്കും ക്ലബിൽ ഒന്നും ചെയ്യാൻ കഴിഞ്ഞിട്ടില്ല എന്നാണ് ക്ലബിന്റെ കണ്ടെത്തൽ. സെർജി റോബർട്ടോയയെയും ബാഴ്‌സ കൈവിടും.

അതേ സമയം ഫാറ്റി, റിക്കി പുജ്‌, അറൗജോ എന്നീ ബി ടീമിലെ കളിക്കാർക്ക് ഫസ്റ്റ് ടീമിലേക്ക് പ്രൊമോഷൻ നൽകും. കൂടാതെ ലൗറ്ററോ മാർട്ടിനെസ്, എറിക് ഗാർഷ്യ എന്നിവരെ ടീമിൽ എത്തിക്കാൻ ശ്രമിക്കും. പ്യാനിക്ക് അടുത്ത സീസണിൽ ടീമിനൊപ്പം ചേരുകയും ചെയ്യും.

Rate this post