ബാഴ്സക്കെതിരായ ചരിത്രവിജയം ബയേൺ താരങ്ങൾ ആഘോഷിക്കാത്തത് തന്നെ അത്ഭുതപ്പെടുത്തിയെന്ന് പ്രസിഡന്റ്‌.

ചാമ്പ്യൻസ് ലീഗിലെ നോക്കോട്ട് റൗണ്ടിലെ ഏറ്റവും വലിയ വിജയങ്ങളിൽ ഒന്നായിരുന്നു കഴിഞ്ഞ ദിവസം ബയേൺ മ്യൂണിക്ക് കുറിച്ചത്. അതും കരുത്തരായ ബാഴ്സയ്ക്കെതിരെ. 8-2 ന്റെ വിജയം ബയേണിന് നേടികൊടുത്ത വീരപരിവേഷം ചെറുതൊന്നുമല്ല. ഇത്തരത്തിലുള്ള വിജയങ്ങൾ എപ്പോഴും സംഭവിക്കുന്നതല്ല. സാധാരണഗതിയിൽ ഇത്തരമൊരു വിജയം നേടിയാൽ താരങ്ങൾ അമിതാതഹ്ലാദമൊക്കെ പ്രകടിപ്പിക്കൽ സാധാരണമാണ്.

എന്നാൽ ബയേണിന്റെ ഭാഗത്ത് നിന്നും അങ്ങനെ ഒന്നും തന്നെ ഉണ്ടായിട്ടില്ലെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് പ്രസിഡന്റ്‌ കാൾ ഹെയിൻസ് റുമ്മനിഗെ. കഴിഞ്ഞ ദിവസം സ്കൈ സ്പോർട്സ് ഇറ്റാലിയക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. താൻ ടീം അംഗങ്ങളുടെ ഭാഗത്തു നിന്നും വളരെ വലിയ തോതിലുള്ള ആഘോഷങ്ങളും ആഹ്ലാദങ്ങളുമൊക്കെ പ്രതീക്ഷിച്ചിരുന്നുവെന്നും എന്നാൽ ഞാനവിടെ എത്തിയപ്പോൾ താരങ്ങൾ എല്ലാവരും സാധാരണ ഗതിയിൽ ഇരിക്കുന്നതാണ് കണ്ടതെന്നും അദ്ദേഹം അറിയിച്ചു.

” മത്സരത്തിന് ശേഷം ഞാൻ ലോക്കർ റൂമിൽ എത്തിയത് ഏറെ പ്രതീക്ഷകളോടെയായിരുന്നു. താരങ്ങൾ എല്ലാവരും തന്നെ ഈ മഹത്തായ വിജയം ആഘോഷിക്കുന്ന തിരക്കിൽ ആയിരിക്കും എന്നായിരുന്നു ഞാൻ പ്രതീക്ഷിച്ചിരുന്നത്. പക്ഷെ ഞാൻ അവിടെ കണ്ടത് സാധാരണ ഗതിയിൽ ശാന്തമായി ഇരിക്കുന്ന താരങ്ങളെയായിരുന്നു. അവർ അടുത്ത മത്സരത്തെ കുറിച്ചുള്ള ചർച്ചയിലും തയ്യാറെടുപ്പിലുമായിരുന്നു ” ഹെയിൻസ് പറഞ്ഞു.

സെമി ഫൈനലിൽ ലിയോണിനെയാണ് ബയേൺ നേരിടുക. മാഞ്ചസ്റ്റർ സിറ്റിയെ ആയിരുന്നു പ്രതീക്ഷിച്ചിരുന്നുവെങ്കിലും അവർ ലിയോണിനോട് അട്ടിമറി തോൽവി ഏറ്റുവാങ്ങുകയായിരുന്നു. ഏതായാലും ഈ ചാമ്പ്യൻസ് ലീഗിൽ ഏറ്റവും കൂടുതൽ കിരീടം നേടാൻ സാധ്യത കൽപ്പിക്കുന്നത് ബയേണിനാണ്. അത്ഭുതങ്ങൾ ഒന്നും തന്നെ സംഭവിച്ചില്ലെങ്കിൽ ബയേൺ vs പിഎസ്ജി ഫൈനൽ കാണാം.

Rate this post