“ബാഴ്സയുടെ തോൽവിയോടെ ല ലീഗ കിരീടം നേടാൻ റയലിന് വേണ്ടത് ഒരു പോയിന്റ് മാത്രം , സിരി എ യിൽ കിരീട പോരാട്ടം കൂടുതൽ കനക്കുന്നു”
ലാ ലീഗയിൽ ബാഴ്‌സലോണയ്ക്ക് വീണ്ടും പരാജയം. ഇന്നലെ നടന്ന മല്സരത്തില് നൗ ക്യാമ്പിൽ റയൽ വയ്യകാനോയാണ് ബാഴ്‌സയെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തിയത്.മത്സരത്തിന്റെ ആറാം മിനുട്ടിൽ അല്വാരോ ഗാർസിയ ആണ് ബാഴ്സയെ ഞെട്ടിച്ച് കൊണ്ട് ഗോൾ നേടിയത്.
ബാഴ്‌സലോണ അവരുടെ ചരിത്രത്തിൽ ആദ്യമായി ഒരേ സീസണിൽ തുടർച്ചയായ മൂന്ന് ഹോം മത്സരങ്ങൾ തോൽക്കുന്നതും കാണാനായി.മത്സരത്തിൽ വിജയിക്കാനായി പരിശ്രമിച്ചു എങ്കിലും അവർക്ക് ഇന്ന് കൃത്യമായ അവസരങ്ങൾ സൃഷ്ടിക്കാനോ സൃഷ്ടിച്ച അവസരങ്ങൾ ഉപയോഗിക്കാനോ ആയില്ല.മൂർച്ഛയില്ലാത്ത ആക്രമണമായിരുന്ന ബാഴ്സയുടെ ഭാഗത്ത് നിന്നും ഉണ്ടായത്.രണ്ട് പകുതികളുടെയും അവസാനത്തിൽ ഓരോ തവണയും പന്ത് പോസ്റ്റിൽ തട്ടി പോയതും 90 മിനിറ്റിനോട് അടുക്കുമ്പോൾ ഗവിയുടെ ശക്തമായ പെനാൽറ്റി അപ്പീൽ നിരസിക്കപ്പെട്ടതുമാണ് ബാഴ്സയുടെ ഭാഗത്ത് നിന്നുണ്ടായ ശ്രമങ്ങൾ.
തിങ്കളാഴ്ച യൂറോപ്പ ലീഗിൽ ഐൻട്രാക്റ്റ് ഫ്രാങ്ക്ഫർട്ടിനെതിരെയും ലാലിഗയിൽ കാഡിസിനെതിരെയും ഹോം തോൽവികൾക്ക് ശേഷം, ക്ലബ് ഇപ്പോൾ ചില അനാവശ്യ ചരിത്രം നേടിയിരിക്കുന്നു. മുമ്പ് 1998-ൽ ക്യാമ്പ് നൗവിൽ ബാഴ്‌സ തുടർച്ചയായി മൂന്ന് മത്സരങ്ങൾ തോറ്റെങ്കിലും അത് രണ്ട് സീസണുകളിലായിരുന്നു.ഒക്ടോബറിൽ ഹോം ഗ്രൗണ്ടിൽ 1-0ന് ജയിച്ചതിന് ശേഷം 11-ാം സ്ഥാനക്കാരായ റയോ ആദ്യമായി ബാഴ്‌സയ്‌ക്കെതിരെ ലീഗ് ഡബിൾ പൂർത്തിയാക്കി എന്നതിനർത്ഥം.
രണ്ടാം സ്ഥാനത്തുള്ള ബാഴ്സ പരാജയപ്പെട്ടതോടെ അവരുടെ കടുത്ത എതിരാളികളായ റയൽ മാഡ്രിഡിന് ശനിയാഴ്ച എസ്പാൻയോളിനെതിരെ ഒരു സമനിലയോ വിജയമോ നേടിയാൽ ല ലീഗ കിരീടം ഉറപ്പിക്കാം.പോയിന്റ് നിലയിൽ സെവിയ്യയ്‌ക്കൊപ്പവും അത്‌ലറ്റിക്കോ മാഡ്രിഡിനേക്കാൾ രണ്ട് പോയിന്റുമായി ബാഴ്‌സലോണ ടേബിളിൽ രണ്ടാം സ്ഥാനത്താണ്.റയലിന് 78 പോയിന്റും ബാഴ്സലോണക്ക് 63 പോയിന്റുമാണ് ഉള്ളത്.
ഇറ്റാലിയൻ ലീഗിൽ കിരീട പോരാട്ടം ഫോട്ടോ ഫിനിഷിലേക്ക് നീങ്ങവെ, എ സി മിലാൻ വീണ്ടും ഒന്നാംസ്ഥാനത്തെത്തി. നിർണായക മത്സരത്തിൽ ലാസിയോയെ 2-1ന് പരാജയപ്പെടുത്തിയാണ് മിലാൻ സിരി എ കിരീട പ്രതീക്ഷ സജീവമാക്കിയത്. ഇരു ടീമുകളും ഓരോ ഗോൾ നേടി തുല്യതയിൽ നിൽക്കെ രണ്ടാംപകുതിയുടെ ഇഞ്ചുറി ടൈമിൽ ഇറ്റാലിയൻ യുവതാരം സാൻഡ്രോ ടൊണാലി നേടിയ ഗോളാണ് എ സി മിലാന് വിലയേറിയ മൂന്ന് പോയിന്റ് സമ്മാനിച്ചത്.
നാലാം മിനിറ്റിൽ സിറൊ ഇമ്മൊബിലെ നേടിയ ഗോളിൽ ആദ്യപകുതിയിൽ ലാസിയോയായിരുന്നു മുന്നിൽ. പ്രധാനപ്പെട്ട മത്സരങ്ങളിൽ അവസരത്തിനൊത്ത് ഉയരുന്ന വെറ്ററൻ സ്ട്രൈക്കർ ഒലിവർ ജിറൂഡ് 50 ആം മിനിറ്റിൽ മിലാന് സമനില നേടി കൊടുത്തു.34 മത്സരങ്ങളിൽ നിന്ന് 74 പോയിന്റുമായി എ സി മിലാൻ സിരി എയിൽ ഒന്നാമത് നിൽക്കുമ്പോൾ, രണ്ടാം സ്ഥാനത്തുള്ള ഇന്റർ മിലാന് 72 പോയിന്റുണ്ട്. എ സി മിലാൻ നിലവിൽ ഇന്ററിനേക്കാൾ ഒരു മത്സരം കൂടുതൽ കളിച്ചിട്ടുണ്ട്.
ഇറ്റാലിയൻ സീരി എയിൽ കിരീടം ലക്ഷ്യം വക്കുന്ന നാപോളിക്ക് വമ്പൻ തിരിച്ചടി. ദുർബലരായ എമ്പോളിക്കെതിരെ അവർ തോൽവി വഴങ്ങി. രണ്ടിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു എംപോളിയുടെ വിജയം.79 മത്തെ മിനിറ്റ് വരെ മുന്നിട്ട് നിന്ന നാപോളിയെ അവസാന പത്ത് മിനിറ്റിൽ 3 ഗോളുകൾ അടിച്ചാണ് എംപോളി ഞെട്ടിച്ചത്.ആദ്യ പകുതി അവസാനിക്കും മുമ്പ് ലൊസാനോയുടെ പാസിൽ നിന്നു മെർട്ടൻസ് ആണ് നാപോളിക്ക് ആദ്യ ഗോൾ സമ്മനിച്ചത്.രണ്ടാം പകുതിയുടെ തുടക്കത്തിൽ ആന്ദ്ര ഫ്രാങ്കിന്റെ പാസിൽ നിന്നു ലോറൻസോ ഇൻസിഗ്നെ നാപോളിക്ക് രണ്ടാം ഗോളും സമ്മാനിച്ചു.
എന്നാൽ ശക്തമായി തിരിച്ചു വന്ന എംപോളി 80 ആം മിനുട്ടിൽ ഹെൻഡേഴ്സൻ നേടിയ ഗോളോടെ മത്സരത്തിലേക്ക് തിരിച്ചു വന്നു 83 ആം മിനുട്ടിൽ ആന്ദ്രയ പിനമൗണ്ടി എംപോളിയെ ഒപ്പമെത്തിച്ചു. നാല് മിനുട്ടിനു ശേഷം ആന്ദ്രയ പിനമൗണ്ടി തന്നെ എംപോളിയുടെ വിജയം ഗോളും നേടി.34 മത്സരങ്ങളിൽ നിന്ന് 67 പോയിന്റുള്ള നാപ്പൊളിയുടെ കിരീട പ്രതീക്ഷ ഏതാണ്ട് അവസാനിച്ചു. മിലാൻ ടീമുകൾ തമ്മിലായിരിക്കും സിരി എ കിരീടത്തിനായി ഇനിയുള്ള പോരാട്ടം. എ സി മിലാന് 4 മത്സരങ്ങളും ഇന്റർ മിലാന് 5 മത്സരങ്ങളുമാണ് ഇനി ബാക്കിയുള്ളത്.