കരാർ പുതുക്കരുത്, ബാഴ്സക്കാവിശ്യമുണ്ട് !ലിവർപൂൾ മിഡ്ഫീൽഡറോട് കൂമാൻ.

എഫ്സി ബാഴ്സലോണ ആരാധകർ ഒരിക്കലും മറക്കാനിടയില്ലാത്ത ലിവർപൂളിന്റെ താരമാണ് ജിയോർജിനിയോ വിനാൾഡം. കഴിഞ്ഞ വർഷത്തെ ചാമ്പ്യൻസ് ലീഗിൽ ബാഴ്സയെ പുറത്താക്കുന്നതിൽ മുഖ്യപങ്ക് വഹിച്ചത് ഈ മധ്യനിരതാരമായിരുന്നു. ആദ്യപാദത്തിൽ മൂന്ന് ഗോളുകൾക്ക് ബാഴ്‌സ വിജയിച്ചുവെങ്കിലും രണ്ടാം പാദത്തിൽ നാലു ഗോളുകളാണ് ബാഴ്സ ആൻഫീൽഡിൽ വഴങ്ങിയത്. അതിൽ രണ്ട് ഗോളുകൾ ഈ താരത്തിന്റെ വകയായിരുന്നു. ഈ താരത്തെ ബാഴ്സയിൽ തന്നെ എത്തിക്കാനുള്ള ഒരുക്കത്തിലാണ് പരിശീലകൻ കൂമാൻ.

ഡച്ച് മാധ്യമമായ എഡിയാണ് ഈ വാർത്ത പുറത്ത് വിട്ടിരിക്കുന്നത്. വിനാൾഡത്തോട് ലിവർപൂളുമായി കരാർ പുതുക്കണ്ട എന്ന് കൂമാൻ വിളിച്ചു പറഞ്ഞതായാണ് ഈ ഡച്ച് മാധ്യമം റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്.മുമ്പ് കൂമാന് കീഴിൽ ഹോളണ്ടിന് വേണ്ടി കളിച്ച താരമാണ് വിനാൾഡം. നിലവിൽ ഒരു വർഷം കൂടി മാത്രമേ ഈ ഇരുപത്തിഒമ്പതുകാരനായ താരത്തിന് കരാർ അവശേഷിക്കുന്നുള്ളൂ. ഈ കരാർ പുതുക്കാൻ താരം തയ്യാറായിട്ടുമില്ല.

വരുന്ന ജനുവരി ട്രാൻസ്ഫറിൽ താരത്തെ ക്ലബിൽ എത്തിക്കാനാണ് കൂമാൻ പദ്ധതി ഇട്ടിരിക്കുന്നത്. താരത്തിന്റെ വരവ് മിഡ്ഫീൽഡിൽ പുതിയ ഊർജം പകരാൻ കഴിയും എന്നാണ് ഈ മുൻ ബാഴ്സ താരത്തിന്റെ വിശ്വാസം. ഇദ്ദേഹത്തെ കൂടാതെ അയാക്സ് മധ്യനിര താരം ഡോണി ബീക്കിനിയും കൂമാൻ ലക്ഷ്യം വെക്കുന്നുണ്ട്. ചുരുക്കത്തിൽ ഡിജോംഗ്-വിനാൾഡം-ബീക്ക് എന്നീ ഹോളണ്ട് താരങ്ങളെ മധ്യനിരയിൽ സ്ഥാപിക്കാനാണ് ഇദ്ദേഹം ശ്രമിക്കുന്നത്. വിദാൽ, ബുസ്ക്കെറ്റ്സ്, റാക്കിറ്റിച് എന്നിവർ ക്ലബ് വിടുമെന്ന് സൂചനകൾ ഉണ്ട്. 2016-ൽ ന്യൂകാസിൽ യുണൈറ്റഡിൽ നിന്നാണ് വിനാൾഡം ലിവർപൂളിൽ എത്തിയത്. 25 മില്യൺ പൗണ്ട് ആണ് താരത്തിന് വേണ്ടി അന്ന് ലിവർപൂൾ മുടക്കിയത്. ലിവർപൂളിന് വേണ്ടി 186 മത്സരങ്ങളിൽ നിന്ന് 19 ഗോളുകൾ താരം നേടിയിട്ടുണ്ട്. പ്രീമിയർ ലീഗ്, ചാമ്പ്യൻസ് ലീഗ് എന്നീ കിരീടനേട്ടത്തിൽ പങ്കാളിത്തം വഹിക്കുകയും ചെയ്തു.

Rate this post